സത്യമാണ്! ഉര്‍വശിക്ക് ആ പേരിട്ടത് ഒരു ഹോട്ടല്‍ ജോലിക്കാരനാണ്!

urvasi 2നടിമാര്‍ പലരും സിനിമയിലെത്തുന്നതോടെ പേരു മാറ്റുന്നതാണ് പതിവ്. മലയാളത്തില്‍ തന്നെ നിരവധി നടിമാര്‍ ഇത്തരത്തിലുണ്ട്. നയന്‍താര, മീര ജാസ്മിന്‍ എന്നിവരെല്ലാം ഉദാഹരണം. ഇപ്പോള്‍ പറയാന്‍ പോകുന്നത് പക്ഷേ ഉര്‍വശിക്ക് ആ പേരു കിട്ടിയ കഥയാണ്. സാധാരണ സംവിധായകനോ നിര്‍മാതാവോ അല്ലെങ്കില്‍ നടന്മാരോ ആണ് പുതിയ നടിമാരുടെ പേരുമാറ്റത്തിനു മുന്‍കൈയ്യെടുക്കുന്നത്. എന്നാല്‍ ഉര്‍വശി ആ പേരിലേക്കെത്തിയതിനു പിന്നില്‍ ഒരു ഹോട്ടല്‍ ബെയറര്‍ക്കു പങ്കുണ്ട്. ആ കഥ കേള്‍ക്കൂ

സിനിമയിലെത്തുമ്പോള്‍ ഉര്‍വശിയെന്ന പേരിലേക്ക് നടി മാറിയിരുന്നില്ല. കവിത രഞ്ജിനി എന്നായിരുന്നു മാതാപിതാക്കള്‍ ഇട്ടിരുന്ന പേര്. ഒരു സിനിമയുടെ ഷൂട്ടിംഗ് ചെന്നൈയില്‍ നടക്കുന്നു. കവിത രഞ്ജിനിയുടെ പേരുമാറ്റമാണ് സംവിധായകന്റെ മുന്നിലുള്ള പ്രധാന അജണ്ട. പേരിനു നീളംകൂടിയതാണ് പുതിയതൊന്നു കണ്ടെത്താനുള്ള കാരണം. സിനിമയുടെ ചിത്രീകരണത്തിനായി ചെന്നൈയില്‍ എത്തിയതായിരുന്നു സംവിധായകനും നിര്‍മാതാവും.

ചെന്നൈയിലെ താജ് കൊറോമാന്റ് ഹോട്ടലില്‍ താമസിക്കാന്‍ റൂം അന്വേഷിച്ചപ്പോഴാണ് റൂമൊന്നും ഫ്രീയില്ലെന്ന് അറിയുന്നത്. ഫ്രീയായാല്‍ അറിയിക്കാമെന്നും ഹോട്ടല്‍ ബെയറര്‍ പറഞ്ഞു. റൂം ലഭിക്കുംവരെ ഹോട്ടലിലെ റെസ്‌റ്റോറന്റില്‍ വെയ്റ്റ് ചെയ്യാന്‍ അവര്‍ തീരുമാനിച്ചു. അപ്പോഴാണ് വെയ്റ്റര്‍ വന്നു പറയുന്നത് ഉര്‍വശി ഫ്രീയാണെന്ന്. ഹോട്ടലിലെ റെസ്‌റ്റോറന്റാണ് ഉര്‍വശി. വെയ്റ്റര്‍ പറഞ്ഞതും സംവിധായകന്‍ കാത്തിരുന്നതും അങ്ങനെ ഉര്‍വശിയുടെ പിറവിയിലെത്തി.

Related posts