കൽപ്പറ്റ: ബത്തേരി അർബൻ സഹകരണ ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കൾക്കെതിരേ ഉയർന്ന അഴിമതി ആരോപണം സംബന്ധിച്ച് അന്വേഷിക്കാനായി പാർട്ടി നിയോഗിച്ച കമ്മിഷനു മുന്പിൽ ഒരു പരാതി പോലും എത്തിയില്ല.
പകരം തെളിവില്ലാത്ത ആരോപണങ്ങൾ മാത്രമാണ് കമ്മീഷനു മുന്പിൽ വന്നത്. കോഴ വാങ്ങിയാണ് നിയമനം നടത്തിയതെന്ന ആരോപണം ശക്തമാണെങ്കിലും ജോലിക്കായി പണം നൽകിയവരോ, കോഴ കൊടുത്ത് ജോലിക്കായി കാത്തിരിക്കുന്നവരോ ആയ ബന്ധപ്പെട്ട ഒരാൾ പോലും കമ്മിഷന് പരാതി നൽകിയില്ല.
പകരം കോണ്‍ഗ്രസിന്റെ വിവിധ തലങ്ങളിലുള്ള ഭാരവാഹികളും പ്രവർത്തകരും പൊതുജനങ്ങളുമാണ് കോഴ ഇടപാട് നടന്നുവെന്ന ആരോപണം ഉന്നയിച്ച് പരാതി എഴുതി നൽകിയത്.
തെളിവുകൾ മാഞ്ഞപ്പോൾ!
കോഴ വിവാദം കോണ്‍ഗ്രസിനെ പിടിച്ചുലച്ച സാഹചര്യത്തിൽ കമ്മിഷനു മുന്പിൽ പരാതി എത്താതിരിക്കാനായി കോഴ വാങ്ങിയവർ പല ഉറപ്പുകളും നൽകിയിട്ടുണ്ടെന്നാണ് സൂചന. കോഴ നൽകിയവർ പരാതി നൽകാതിരുന്നാൽ സി.പി.എം. അടക്കമുള്ള രാഷ്ട്രീയ എതിരാളികൾ ഉയർത്തിയ കുപ്രചരണമാണിതെന്നു പറഞ്ഞ് രക്ഷപ്പെടാൻ കഴിയും.
തെളിവുകൾ കമ്മിഷനു മുന്പിൽ എത്താതിരിക്കാൻ ബന്ധപ്പെട്ടവർ നടത്തിയ നീക്കമാണ് വിജയം കണ്ടിരിക്കുന്നത്.കെ.ഇ. വിനയൻ ചെയർമാനായും ഡി.പി. രാജശേഖരൻ, ബിനു തോമസ് എന്നിവർ അംഗങ്ങളുമായ സമിതിയാണ് രണ്ടു ദിവസം പൊതുജനങ്ങളിൽ നിന്നു തെളിവെടുപ്പ് നടത്തിയത്.
ഇനി ബാങ്ക് ഡയറക്ടർമാരിൽ നിന്നും സമിതി തെളിവെടുപ്പ് നടത്തും. അതിനുശേഷം കെ.പി.സി.സിക്ക് റിപ്പോർട്ട് നൽകും.
പാർട്ടി അന്വേഷണം
ഡിസിസി ജനറൽ സെക്രട്ടറി ആർ.പി. ശിവദാസിന്റെ പേര് പരാതിക്കാരനായി വെച്ച്, ജില്ലയിലെ ചില സഹകരണ ബാങ്കുകളിൽ മാത്രം നടന്ന കോഴ നിയമനങ്ങൾ സംബന്ധിച്ച് കെപിസിസിക്ക് അയച്ച പരാതി പുറത്തായതോടെയാണ് പാർട്ടിതലത്തിൽ അന്വേഷണ സമിതിയെ നിയോഗിച്ചത്.
താൻ കത്തയച്ചിട്ടില്ലെന്ന് ആർ.പി. ശിവദാസ് വ്യക്തമാക്കിയതോടെ ഉൗമക്കത്താണ് കെപിസിസിക്ക് അയച്ചതെന്നു വ്യക്തമായി. പക്ഷെ, കത്തിനു നാഥനില്ലെങ്കിലും അതിൽ പറയുന്ന കാര്യങ്ങളേറെയും ശരിയാണെന്ന നിഗമനത്തിലാണ് കോണ്‍ഗ്രസിലെ ബഹുഭൂരിപക്ഷവും.
വിവാദം കൊഴുപ്പിച്ച്…
ഇതിനിടെ, കോഴ നിയമനത്തിനെതിരേ ശക്തമായ നിലപാട് സ്വീകരിച്ച ആർ.പി. ശിവദാസിനെതിരേ കോണ്‍ഗ്രസ് പ്രവർത്തക തന്നെ ലൈംഗിക പീഡന പരാതി ഉന്നയിക്കുകയും ചെയ്തതോടെ വിവാദം കൊഴുത്തു. ബത്തേരി അർബൻ ബാങ്കിനെ സംബന്ധിച്ചുയർന്ന ആരോപണങ്ങൾ ഒതുക്കാനായി ബന്ധപ്പെട്ടചില നേതാക്കൾ തന്നെ വ്യാജ കത്ത് തയാറാക്കിയതാണെന്നാണ് കോണ്‍ഗ്രസിനുള്ളിലെ സംസാരം.
കോഴ നിയമനത്തിൽ പിഎച്ച്ഡി എടുത്ത ചില നേതാക്കളോട് അടുപ്പമുളളവരുടെ ബാങ്കുകളിലെ നിയമന വിവാദം മറച്ചുവെച്ചാണ് കെപിസിസിക്ക് പരാതി അയച്ചത്. ബത്തേരി അർബൻ ബാങ്ക് നിയമന വിവാദം ഈ പരാതിയിൽ സൂചിപ്പിച്ചിട്ടില്ലാത്തതും സംശയമുണർത്തുന്നു.