ഗുരുവായൂർ: കോണ്‍ഗ്രസ് ഭരിക്കുന്ന ഗുരുവായൂർ അർബൻ ബാങ്കിലേക്ക് 30നു നടക്കുന്ന തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിലെ വിഭാഗീയതയെ തുടർന്ന് യുഡിഎഫ് രണ്ട് പാനലിലായാണ് മത്സര രംഗത്തുള്ളത്. കെപിസിസി ജനറൽ സെക്രട്ടറി വി.ബലറാം നേതൃത്വം നൽകുന്ന പാനലും ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ശശി വാറണാട്ട് നേതൃത്വം നൽകുന്ന മറ്റൊരു പാനലും മത്സര രംഗത്തുണ്ട്.
രണ്ട് പാനലും തങ്ങളാണ് ഒൗദ്യോഗിക പാനലെന്ന് അവകാശവാദം ഉന്നയിക്കുന്നുണ്ട്. ബാങ്ക് ഭരണസമിതിയിലെ നിലവിലെ ചെയർമാനും ഭരണസമിതി അംഗങ്ങളും കെപിസിസി ജനറൽ സെക്രട്ടറി നേതൃത്വം നൽകുന്ന പാനലിലാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസ് മണ്ഡലം, ബ്ലോക്ക് ഭാരവാഹികളാണ് എതിർപാനലിലുള്ളത്.
ഇതിനു പുറമെ എൽഡിഎഫ് നേതൃത്വം നൽകുന്ന പാനലും മത്സരരംഗത്തുണ്ട്. മൂന്നു പാനലുകളിലേയും സ്ഥാനാർഥികൾ വാശിയേറിയ പ്രചരണമാണ് നടത്തുന്നത്. പൂക്കോട് മണ്ഡലത്തിലെ രണ്ട് കോണ്‍ഗ്രസ് കൗണ്‍സിലർമാർ നേതൃത്വം നൽകുന്ന മുന്നണിയിലെ പ്രവർത്തകർ എൽഡിഎഫ്് പാനലിൽ മത്സരരംഗത്തുണ്ട്.
ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളും വിവാദവുമാണ് ഗുരുവായൂരിലെ കോണ്‍ഗ്രസിൽ വിഭാഗീയതക്ക് ഇടയാക്കിയിട്ടുള്ളത്. ബാങ്കുമായി ബന്ധപ്പെട്ട് നേതൃത്വത്തിന്റെ നിലപാടുകൾക്കെതിരെ ശക്തതമായ പ്രതിഷേധമാണ് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവർത്തകർക്കുള്ളത്. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഗുരുവായൂരിലെ കോണ്‍ഗ്രസിൽ വലിയ പ്രതസന്ധിയുണ്ടാകും.
അഴിമതിക്കാരിൽ നിന്ന് ബാങ്കിനെ സംരക്ഷിക്കണമെന്ന് എൽഡിഎഫ്
ഗുരുവായൂർ: അഴിമതിക്കാരുടെ കൈയിൽനിന്ന് അർബൻ ബാങ്കിനെ രക്ഷിക്കാൻ സഹകരണ സംരക്ഷണമുന്നണിയെ വിജയിപ്പിക്കണമെന്ന് എൽഡിഎഫ് നേതാക്കൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. അർബൻ ബാങ്കിലെ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഗുരുവായൂരിലെ യുഡിഎഫും കോണ്‍ഗ്രസും നിലംപരിശാകുമെന്നും ഇവർ പറഞ്ഞു.
ഗുരുവായൂർ അർബൻ ബാങ്കിലെ അഴിമതിയെക്കുറിച്ച് തൃശൂർ അസിസ്റ്റന്റ് രജിസ്ട്രാർ അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയിട്ടുണ്ട്. അർബൻ ബാങ്ക് നടത്തിയിട്ടുള്ള നിയമനങ്ങൾ നിയമാനുസൃതമല്ലെന്നാണ് റിപ്പോർട്ടിലുള്ളത്. ഇതിനുത്തരവാദികൾക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കണമെന്നും അർഹമല്ലാത്ത ബത്തകൾ ബാങ്ക് ചെയർമാനും ഭരണസമിതി അംഗങ്ങളും കൈപ്പറ്റിയത് ബാങ്കിന് ലക്ഷകണക്കിന് രൂപയുടെ നഷ്ടം ഉണ്ടാക്കിയതായി ഇവർ ആരോപിച്ചു.
വോട്ടർമാർ അറിയാതെ കാർഡുകൾ വ്യാജമായി തയാറാക്കി കൈവശം വച്ചിട്ടുള്ളതായും ഇവർ പറയുന്നു.
നഗരസഭ ചെയർമാൻ എൻ.കെ. അക്ബർ, ചാവക്കാട് സിപിഎം ഏരിയാ സെക്രട്ടറി എം. കൃഷ്ണദാസ്, മമ്മിയൂർ ദേവസ്വം ബോർഡ് ചെയർമാൻ ജി.കെ. പ്രകാശൻ, എം.സി. സുനിൽകുമാർ, മുഹമ്മദ് ബഷീർ, ടി.ടി. ശിവദാസൻ, ശ്രീനിവാസൻ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.