പി. ജയകൃഷ്ണൻ
കണ്ണൂര്‍: കണ്ണൂർ അർബൻ നിധി ബാങ്ക് വഴി 45 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിന്റെ അന്വേഷണം പോലീസ് സേനയിലെ വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ തമ്മിലുള്ള ഈഗോ കാരണം എങ്ങുമെത്താതെ വഴിമുട്ടി.
ലോക്കൽ പോലീസിന്റെ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്. നിലവില്‍ കണ്ണൂർ ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍നിന്ന് മാത്രം മുപ്പതിലധികം പരാതികളാണ് ലഭിച്ചത്.
ആയിരത്തോളം പേര് സ്ഥാപനത്തില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.തട്ടിപ്പ് വ്യാപകമായ സാഹചര്യത്തിൽ ഡിജിപി, അന്വേഷണം പിന്നീട് ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറിയിരുന്നു.
എന്നാൽ നിർദേശം വന്ന് ഒരു മാസമായിട്ടും ഔദ്യോഗികമായി ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തിട്ടില്ല. പോലീസ് സേനയ്ക്കുള്ളിലെ ചെറിയേട്ടൻ-വലിയേട്ടൻ പ്രശ്നമാണ് സാധണകാരന്റയടക്കം ലക്ഷങ്ങൾ നഷ്ടപ്പെട്ട കേസിലെ അന്വേഷണം ഇനിയും എങ്ങുമെത്താതിരിക്കാൻ കാരണമെന്നാണ് ആരോപണം.
ലോക്കൽ പോലീസിൽ നിന്ന് അന്വേഷണ രേഖകളൊന്നും ഏറ്റെടുക്കാൻ ഇതുവരെ ക്രൈംബ്രാഞ്ച് തയാറായില്ലെന്നാണ് വിവരം.
നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് ലോക്കൽ പോലീസ് അറസ്റ്റു ചെയ്ത നാലുപേരിലേക്ക് അന്വേഷണം അവസാനിക്കുമോ എന്ന ആശങ്കയും നിക്ഷേപകർക്കിടയിലുണ്ട്.
അർബൻ നിധി തട്ടിപ്പ് കേസിലെ മുഖ്യപ്രതികളിൽ ഒരാളായ ആന്റണി സണ്ണി, ഡയറക്ടർ തൃശൂർ വരവൂർ സ്വദേശി കെ.എം. ഗഫൂര്‍ (40), സഹസ്ഥാപനമായ എനി ടൈം മണിയുടെ ഡയറക്ടറും മലപ്പുറം സ്വദേശിയുമായ ഷൗക്കത്ത്, അര്‍ബന്‍ നിധി അസി. ജനറല്‍ മാനേജറും കണ്ണൂർ ആദികടലായി വട്ടംകുളം സ്വദേശി യുമായ സി.വി. ജീന എന്നിവരാണ് ഇതുവരെ അറസ്റ്റിലായത്.