ജോമി കുര്യാക്കോസ്
കോട്ടയം: മിസൈലുകൾ വർഷിക്കുന്പോൾ അഗ്നികുണ്ഡമായി നഗരം കത്തിയമരുന്നതും വീടും വാഹനവും സ്വത്തും സന്പാദ്യങ്ങളും നിമിഷ നേരത്താൽ ചാന്പലുപോലെ എരിഞ്ഞടങ്ങുന്നതും നോക്കിനില്ക്കുന്ന നിരാലംബരായ ഒരു ജനതയെ കണ്മുന്നിൽ കാണുന്നതിന്റെ ആകുലതയിലാണ് മലയാളി വിദ്യാർഥികൾ യുക്രെയ്നിൽ.
അഗ്നിവർഷങ്ങളിൽ കത്തിയമരുന്ന ജീവിതങ്ങൾ ഭയപ്പെടുത്തുന്ന സ്വപ്നങ്ങളായി മാറുന്പോൾ അതിജീവനത്തിനും ആശ്രയത്തിനും വഴികൾ തേടുകയാണ് ഇവർ.
ഏതുനിമിഷവും നാട്ടിലേക്കു മടങ്ങാനുള്ള തയാറെടുപ്പിലാണ് യുക്രെനിലെ മലയാളി വിദ്യാർഥികൾ.
പ്രധാനനഗരങ്ങളിലുണ്ടാകുന്ന റഷ്യയുടെ ആക്രമണ ദുരിതങ്ങളെപ്പറ്റി അറിയുന്നുണ്ടെങ്കിലും യുക്രെനിൽ മലയാളി വിദ്യാർഥികൾ കൂടുതലുള്ള പലസ്ഥലങ്ങളിലും നിലവിൽ പ്രശ്നങ്ങളില്ലെന്ന് കപ്പോർച്ചിയ ആരോഗ്യ സർവകലാശാലയിലെ വിദ്യാർഥികൾ പറയുന്നു.
കീവ്, ക്രമറ്റോസ്കി എന്നിവിടങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾ ആശങ്കയിലാണെന്നും റിപ്പോർട്ടുകളുണ്ട്. ഇവിടെയുള്ളവർ സുരക്ഷിത മേഖല തേടുകയാണ്.
എല്ലാവിധ സഹായങ്ങളുമായി കോണ്‍സുലേറ്റ് സമയാസമയങ്ങളിൽ ബന്ധപ്പെടുന്നത് പ്രതീക്ഷ നൽകുന്നു.
ആക്രമണങ്ങൾ നടക്കുന്ന സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മാധ്യമങ്ങൾ വഴി അറിയുന്നുണ്ട്.
സമൂഹ മാധ്യമങ്ങളിലും ആക്രമണ ദൃശ്യങ്ങൾ പ്രചരിക്കുന്നു. സർവകലാശാല ഹോസ്റ്റലിൽ തന്നെ കഴിയുകയാണെന്ന് കപ്പോർച്ചിയ ആരോഗ്യ സർവകലാശാലയിൽ പഠിക്കുന്ന കോട്ടയം സ്വദേശിനി സൂസൻ, മലപ്പുറം സ്വദേശിനി സഹല എന്നിവർ രാഷ്്ട്രദീപികയോടു പറഞ്ഞു.
സർവകലാശാലയിലെ 80 ശതമാനം വിദ്യാർഥികളും ഇന്ത്യക്കാരാണ്. അതിൽ കൂടുതലും മലയാളികളാണ്. ആന്ധ്രാ, തെലുങ്കാന സ്വദേശികളും ഒപ്പമുണ്ട്.
കോവിഡ് പ്രതിസന്ധി രൂക്ഷമായപ്പോൾ നാട്ടിലെത്തിയ മലയാളികളുൾപ്പടെയുള്ള വിദ്യാർഥികൾ കഴിഞ്ഞ ഒക്ടോബറിലാണു യുക്രൈനിലേക്കു മടങ്ങിയത്.
മിക്ക സ്ഥലങ്ങളിലും ഇന്നലെ രാവിലെ തിരക്കായിരുന്നു. യുദ്ധം രൂക്ഷമായതോടെ ഉച്ചകഴിഞ്ഞപ്പോൾ നഗരം വിജനമായി. രണ്ടാഴ്ചയ്ക്കുള്ള ഭക്ഷണസാധനങ്ങൾ കരുതാൻ പറഞ്ഞിരുന്നു.
നിലവിൽ ഭക്ഷണത്തിന് ബുദ്ധിമുട്ട് ഇല്ല. പച്ചക്കറികൾ, അരി, ന്യൂഡിൽസ്, പിസാ എന്നിവ രണ്ടാഴ്ചയ്ക്കു കരുതിയിട്ടുണ്ട്. ഡിജിറ്റൽ പണമിടപാടുകൾ വഴി സാധനങ്ങൾ വാങ്ങുവാൻ സാധിക്കുന്നുണ്ട്.
കുറച്ച് പണം കൈയിൽ കരുതണമെന്ന് നിർദേശം ലഭിച്ചതോടെ വിദ്യാർഥികൾ കൂട്ടത്തോടെ എടിഎമ്മിൽനിന്നു പണം പിൻവലിക്കാൻ എത്തിയത് തിരക്കിനിടയാക്കി. പല എടിഎമ്മുകളും നിമിഷങ്ങൾക്കകം കാലിയായി.
ഏതുസമയത്തും യാത്ര ചെയ്യാൻ തയാറായിരിക്കണമെന്ന് അധികൃതർ വിദ്യാർഥികളോട് അറിയിച്ചിട്ടുണ്ട്. രാജ്യാന്തരതലത്തിൽ സഹായം ലഭിച്ചെങ്കിൽ മാത്രമേ യാത്ര ചെയ്യാനാകു.
നിർദേശമുണ്ടായാൽ കസാഖിസ്ഥാനിലേക്കും അവിടെനിന്നും ഇന്ത്യയിലേക്കും മടങ്ങാനുള്ള തയാറെടുപ്പുകൾ നടത്തിയിരിക്കണമെന്ന് കോണ്‍സുലേറ്റിൽനിന്നും വിദ്യാർഥികൾക്ക് മുന്നറിയിപ്പുണ്ട്.
കപ്പോർച്ചിയയിലുള്ളവർ സുരക്ഷിതരാണെന്നും അവിടെ യുദ്ധപ്രശ്നങ്ങളില്ലെന്നും വിദ്യാർഥികൾ പറയുന്നു.