മണിയും മഹേഷും ജീവൻ തിരിച്ചു കിട്ടിയതിന്റെ ആശ്വാസത്തിലാണ്. എന്നും ഉറങ്ങാറുള്ള കടമുറി ഉരുൾപൊട്ടലിൽ മണ്ണിനടിയിൽ ആയത് അറിയാതെ അവർ തമിഴ്നാട്ടിലെ ഈറോഡിലായിരുന്നു.
സ്വകാര്യ ആവശ്യങ്ങൾക്കായി തമിഴ്നാട്ടിലേക്ക് തിരിച്ച ദിവസം തന്നെയായിരുന്നു അപകടം സംഭവിച്ചത്. തങ്ങളുടെ കടമുറി മണ്ണ് വിഴുങ്ങിയെന്ന വാർത്ത കേൾക്കുന്പോൾ തരിച്ചിരിക്കാനേ ഇരുവർക്കുമായുള്ളൂ.
സഹോദരന്മാരായ ഇരുവരുടെയും പിതാവായ മാരിയപ്പന്റെ കടയായിരുന്നു ഇത്. മഹേഷ് തന്നെയാണ് കട നോക്കി നടത്തിയിരുന്നത്.
മഹേഷ് ഇല്ലാത്ത സമയത്ത് മണിയും കട നോക്കാറുണ്ട്. ആരെങ്കിലും ഒരാൾ കടയിൽ കിടങ്ങുന്നത് പതിവാണ്.
വട്ടവടയിൽ പച്ചക്കറി ചരക്കുകൾ കയറ്റാൻ എത്തുന്ന വ്യാപാരികളുടെ വാഹനങ്ങളിലെ ഡ്രൈവർമാരോ യാത്രക്കാരോ എത്തുകയാണെങ്കിൽ ചായ നൽകുവാൻ ആശ്രയമാകുന്ന കടയാണ് ഇത്.
അതുകൊണ്ടുതന്നെ മഹേഷ് കടയിലാണ് സാധാരണയായി ഉറങ്ങുന്നത്. പകൽ നേരങ്ങളിൽ ഏതു സമയത്തും ആളുകളുടെ സാന്നിധ്യം ഉള്ള കടയായിരുന്നു ഇത്.
നടുക്കം വിട്ടുമാറാതെ സൈമൺ
സൈമണ് ഇനിയും നടുക്കം വിട്ടുമാറിയിട്ടില്ല. കോരിച്ചൊരിയുന്ന മഴയായിരുന്നതിനാൽ രാത്രി 10 ഓടെ ഉറങ്ങാൻ കിടന്നു.
അധികം സമയം കഴിയുന്നതിനു മുന്പു തന്നെ പുറത്ത് വലിയ ശബ്ദവും മുഴക്കങ്ങളും കേട്ട് എഴുന്നേറ്റ സൈമൺ കണ്ടത് മഴയത്ത് ഭീതിയോടെ തലങ്ങും വിലങ്ങും ഓടുന്ന അയൽവാസികളെയായിരുന്നു.
കുണ്ടള എസ്റ്റേറ്റ് പുതുക്കാട് ഡിവിഷനിലെ തേയിലക്കന്പനി ഫീൽഡ് ഓഫീസറാണ് സൈമൺ. മലയിൽ നിന്നും ആർത്തലച്ചെത്തിയ വെള്ളപ്പാച്ചിൽ തന്റെ വീടിന്റെ സമീപത്തുകൂടിയാണ് കടന്നു പോയത്.
ദിശ അല്പമൊന്നു മാറിയിരുന്നെങ്കിലും സൈമൺന്റെ വീടും തൊട്ടടുത്തുള്ള ലയങ്ങളും ഇല്ലാതായേനെ.
മൂന്നാറിൽ നിന്നും ടോപ്പ് സ്റ്റേഷനിലേക്കു പോകുന്ന വഴിയിൽ കുണ്ടള പുതുക്കടി ജംഗ്ഷനിൽ റോഡിനു തൊട്ടു താഴെയാണ് അദ്ദേഹത്തിന്റെ വീട്.
മലയിളകി വീടിനോടു തൊട്ടുരുമ്മിയാണ് കടന്നു പോയത്. തൊട്ടടുത്തുള്ള ഷെഡ് മണ്ണിടിച്ചിൽ പൂർണമായും തകർന്നു.
വട്ടവടയിലേക്ക് പോകുകയായിരുന്ന വാഹനത്തിലെ ഡ്രൈവറാണ് അപകടസമയത്ത് അവിടെ എത്തിയത്.
മണ്ണ് ഒലിച്ചിറങ്ങുന്നത് കണ്ട ഡ്രൈവർ ഉടൻ തന്നെ വാഹനത്തിൽ നിന്നുമിറങ്ങി ലയങ്ങളിലെ തൊഴിലാളികളെ വിളിച്ചുയർത്തുകയായിരുന്നു.
വീടിനു മുന്നിലുടെ ചെളിയും പാറക്കല്ലുകളും ശക്തിയോടെ പായുന്നതു കണ്ട തൊഴിലാളികൾ പരക്കം പാഞ്ഞു.
എവിടേക്കാണ് പോകേണ്ടതെന്നറിയാതെ പകച്ചുനിന്ന തൊഴിലാളികളെ സൈമൺ തന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തി.
വിവരം മേലുദ്യോഗസ്ഥരെയും അറിയിച്ചു. സംഭവം നടന്ന് അധികം വൈകാതെ തന്നെ രക്ഷാപ്രവർത്തനങ്ങൾ നടത്താനായതും ആശ്വാസമായി.