മലപ്പുറം: കണ്ണൂരിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്തു മടങ്ങുന്നതിനിടെ ക്വാർട്ടേഴ്സിന്റെ ചുമരിൽ മൂത്രമൊഴിച്ച വിദ്യാർഥിയെ പോലീസ് മർദിച്ച് അവശനാക്കിയ സംഭവം വിവാദമാകുന്നു. മലപ്പുറം ജില്ലയിലെ തിരൂർ ഗവണ്മെന്റ് ബോയ്സ് സ്കൂൾ വിദ്യാർഥി തിരൂർ മുത്തൂരിലെ അതുൽജിത്ത് (17), മാതൃ സഹോദരിയുടെ മകൻ അഭിലാഷ് (26) എന്നിവർക്കാണ് കണ്ണൂർ പോലീസിന്റെ ക്രൂരമർദനമേറ്റത്. തിരുനാവായ നാവാ മുകുന്ദ സ്കൂളിൽ പഠിക്കുന്ന അതുൽജിത്തിന്റെ അമ്മാവന്റെ മകളും മത്സരാർഥിയുമായ സ്നേഹയ്ക്കൊപ്പം കുടുംബാംഗങ്ങളുമായി എസ്കോർട്ട് പോയതായിരുന്നു അതുൽജിത്തും അഭിലാഷും.
ഇക്കഴിഞ്ഞ 22ന് കലോത്സവം കഴിഞ്ഞു മടങ്ങുന്നതിനിടെ രാത്രി ഏഴരയ്ക്കു കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ കിഴക്കേ പ്രവേശന കവാടത്തിന്റെ പോലീസ് സൊസൈറ്റി ഹാളിനു താഴത്താണ് സംഭവം. തിരൂരിൽ നിന്നു പരിപാടിക്കെത്തിയ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഭക്ഷണം കഴിക്കാൻ ഇവിടെയുള്ള ഹോട്ടലിൽ കയറിയതായിരുന്നു. ഇതിനിടെ കടുത്ത മൂത്രശങ്കയെത്തുടർന്നു അതുൽജിത്തും അഭിലാഷും സമീപത്തെ മതിലിനരികെ മൂത്രമൊഴിച്ചു. ഹോട്ടലിലെ തിരക്കു കാരണമായിരുന്നു ഇവർ പുറത്തിറങ്ങി മൂത്രമൊഴിച്ചത്.
രാത്രിയായതിനാൽ ഇതു പോലീസ് ക്വാർട്ടേഴ്സിന്റെ മതിലാണെന്നു ഇവർക്കു അറിയില്ലായിരുന്നു. ഈ സമയം ക്വാർട്ടേഴ്സിൽ നിന്നു ഒരു സ്ത്രീ ഇതു കണ്ടു ഇവരെ വഴക്കു പറഞ്ഞു. തുടർന്നു ഇരുവിദ്യാർഥികളും മൂത്രമൊഴിച്ചു തിരികെ ഹോട്ടലിലെത്തിയപ്പോൾ ജീപ്പിൽ നാലു പോലീസുകാരെത്തി. തുടർന്നു ക്വാർട്ടേഴ്സിലെ സ്ത്രീയുടെ സഹായത്തോടെ കുട്ടികളെ പോലീസുകാർക്കു കാണിച്ചുകൊടുക്കുകയായിരുന്നു. ഉടൻ അതുൽജിത്തിനെയും അഭിലാഷിനെയും റോഡിലിട്ട് പോലീസുകാർ മർദിച്ചു അവശരാക്കുകയായിരുന്നു. ഇതുകൊണ്ടു അധ്യാപകരും രക്ഷിതാക്കളും ഓടിയെത്തി മർദനം തടയാൻ ശ്രമിച്ചെങ്കിലും പോലീസുകാർ പിൻമാറിയില്ല.
ഇതിനിടെ വിവരമറിഞ്ഞു സ്ഥലത്തെത്തിയ ജെയിംസ് മാത്യു എംഎൽഎയും മറ്റും രണ്ടുപേരെയും ആശുപത്രിയിലെത്തിച്ചു. വിവരമറിഞ്ഞു കെ.ടി. ജലീൽ എംഎൽഎയും സ്ഥലത്തെത്തി വിവരങ്ങൾ തേടി. പിന്നീട് സംഭവത്തെക്കുറിച്ച് പരാതിപ്പെടരുതെന്നു പറഞ്ഞു അതുൽജിത്തിനെ ശകാരിച്ച സ്ത്രീയുമെത്തി. പിന്നീട് നാട്ടിലേക്കു തിരിക്കുകയായിരുന്നു അഭിലാഷ്. സംഭവത്തെക്കുറിച്ച് പോലീസ് കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിൽ മുഖ്യമന്ത്രിക്കും ഡിജിപിക്കും ഇന്നു പരാതി നൽകാൻ തീരുമാനിച്ചിരിക്കുകയാണ്.
അതുൽജിത്തിന്റെ പിതാവ് വിജയൻ. വയറിനാണ് അതുൽജിത്തിനു ചവിട്ടേറ്റത്. ഇപ്പോഴും വേദനയനുഭവപ്പെടുന്നുണ്ട്. ഇപ്പോൾ വീട്ടിലാണ് അതുൽജിത്ത്. ഇനിയും കൂടുതൽ ചികിത്സ ആവശ്യമാണെന്നു വിജയൻ പറഞ്ഞു. കൂടെയുണ്ടായിരുന്ന അഭിലാഷിനും പരിക്കുണ്ട്. പട്ടികജാതി വിഭാഗക്കാരാണ് ഇവർ.
അതേസമയം സംഭവത്തെക്കുറിച്ച് കർശന നടപടിയുണ്ടാകുമെന്നാണ് ഉന്നത പോലീസ് വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. കുട്ടികൾക്കെതിരേ ഇത്തരം സംഭവം പാടില്ലാത്തതായിരുന്നുവെന്നു മന്ത്രി കെ.ടി.ജലീൽ ’രാഷ്ട്രദീപിക’യോടു പ്രതികരിച്ചു. വിവരം അറിഞ്ഞു താൻ അവിടെ പോയിരുന്നു. കുട്ടികളിൽ നിന്നും മറ്റും വിവരങ്ങൾ തേടുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.