കൗമാരക്കാരില്‍…
ഈ പ്രായത്തില്‍ ആണ്‍കുട്ടികളെ അപേക്ഷിച്ച് പെണ്‍കുട്ടികള്‍ക്കാണ് അനുബാധ ഉണ്ടാകാന്‍ സാധ്യത കൂടുതല്‍. അഥവാ ആണ്‍കുട്ടികളില്‍ അണുബാധ ഉണ്ടായാലും അത് ജന്മനായുള്ള മൂത്രാശയ ഘടനയുടെ തകരാര്‍, മൂത്രശയ തടസം, മൂത്രാശയ കല്ലുകള്‍ എന്നീ കാരണങ്ങളാലാകാം. ഇത്തരത്തില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമ്പോള്‍ കൃത്യമായ ടെസ്റ്റുകള്‍ക്ക് വിധേയരായി ചികിത്സ തേടേണ്ടതാണ്.
യൗവനത്തിലെ മൂത്രാശയ അണുബാധ
20-50 വയസ് വരെ പ്രായമുള്ള ആണുങ്ങളില്‍ അണുബാധയുടെ സാധ്യത കുറവാണ്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പടുന്ന സ്ത്രീകളില്‍ മൂത്രാശയ അണുബാധ ഇടയ്ക്കിടെ വരാനുള്ള സാധ്യതയുണ്ട്.
ഗര്‍ഭകാലത്ത് മൂത്രാശയ അണുബാധ കൂടുതലായി കണ്ടുവരുന്നു. ഗര്‍ഭപാത്രം വലുതാകുന്നതിനനുസരിച്ച് തടസം വരുന്നതിനാല്‍ മൂത്രം ഒഴിക്കുമ്പോള്‍ പൂര്‍ണമായും പോകാതെ അല്പം മൂത്രം കെട്ടിനില്‍ക്കുന്നതാണ് അണുബാധയ്ക്ക് കാരണമാകുന്നത്. ആര്‍ത്തവവിരാമത്തില്‍ ഈസ്ട്രജന് മുതലായ ഹോര്‍മോണുകളുടെ കുറവുമൂലം അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
50 വയസിന് മുകളിലുള്ളവര്‍ക്ക്
50 – 60 വയസിനുശേഷം ആണുങ്ങളിലാണ് കൂടുതലായി മൂത്രാശയ അണുബാധ കണ്ടുവരുന്നത്. പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വലുപ്പം കൂടുന്നതു മൂലമാണ് ഈ പ്രായത്തിലുള്ള ആണുങ്ങളില്‍ സാധാരണയായി അണുബാധ ഉണ്ടാകുന്നത്.പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വലുപ്പം കൂടുമ്പോള്‍ മൂത്രം പോകുന്നതിന്റെ വേഗം കുറയുന്നു.
അതിനാല്‍ രാത്രിയില്‍ രണ്ടോ മൂന്നോ പ്രാവശ്യത്തില്‍ കൂടുതല്‍ എഴുന്നേല്‍ക്കേണ്ടതായി വരികയോ ആയാസപ്പെട്ട് മൂത്രമൊഴിക്കേണ്ടതായി വരികയോ ചെയ്യും. മൂത്രം ഒഴിച്ചാലും മുഴുവനായി പോകാതെ ചെറിയ അളവില്‍ മൂത്രസഞ്ചിയില്‍ തങ്ങിനില്ക്കും, ഇത് അണുബാധയ്ക്ക് കാരണമാകുന്നു.
ഇത്തരം സാഹചര്യങ്ങളില്‍ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വലുപ്പം കുറയ്ക്കാനുള്ള ഗുളികകള്‍ നല്‍കുകയോ ശസ്ത്രക്രിയയിലൂടെ പ്രോസ്റ്റേറ്റ് ഗ്രന്ഥി നീക്കം ചെയ്യേണ്ടതായോ വന്നേക്കാം. ഇത്തരത്തിലുള്ള ചികിത്സ മാര്‍ഗങ്ങളാണ് സാധാരണയായി സ്വീകരിക്കുക. പ്രമേഹ രോഗികളില്‍ മൂത്രാശയ അണുബാധ ഉണ്ടാകാനുള്ള സാധ്യതകള്‍ കൂടുതലാണ്. വന്നു കഴിഞ്ഞാല്‍ അത് തീവ്രമായേക്കാം.
(തുടരും)
വിവരങ്ങൾ – ഡോ.ജേക്കബ് ജോർജ് സീനിയർ കൺസൾട്ടന്റ് നെഫ്രോളജിസ്റ്റ്
എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം