ഒരു രോഗി വന്നിട്ട് പറയുന്നു. ഡോക്ടറേ എനിക്കെല്ലാ ദിവസവും… അഞ്ചുമണിയാകുന്പോൾ മൂത്രമൊഴിക്കണം.ഡോ: അതിനെന്താ രാവിലെ മൂത്രമൊഴിക്കുന്നത് നല്ലശീലമാണ്. അതു രോഗമല്ല, മരുന്നു വേണ്ട.രോഗി: അതല്ല ഡോക്ടർ, ഞനെഴുന്നേല്ക്കുന്നത്
ഏഴു മണിക്കാണ്!!
ചെറിയ കുട്ടികൾ ഉറക്കത്തിൽ മൂത്രമൊഴിക്കുന്നത് സാധാരണം. എന്നാൽ, കൗമാരത്തിലെത്തിയിട്ടും മൂത്രമൊഴിക്കുന്നവരുണ്ട്. 2% മുതിർന്ന കുട്ടികളിൽ ഇതുകാണാറുണ്ട്. രാത്രിമാത്രമല്ല പകലുറങ്ങുന്പോഴും ഇതു വരുന്പോഴാണു പ്രശ്നം ഗുരുതരമാകുന്നത്.
ഇതിനെ പ്രാഥമികം, ദ്വിതീയം എന്നു രണ്ടായി തിരിക്കാം. മൂത്രനിയന്ത്രണത്തെക്കുറിച്ച് അവബോധം വരാത്ത കുട്ടിക്കാലത്തെ മൂത്രമൊഴിക്കലാണൂ പ്രാഥമികം. അങ്ങനെയല്ലാതെ പലവിധ കാരണങ്ങൾ കൊണ്ടു തുടരുന്നതിനെയാണു ദ്വിതീയം എന്ന വിഭാഗത്തിൽ പെടുത്തിയിരിക്കുന്നത്. നമ്മളിവിടെ പറയുന്നത് രണ്ടാമനെ കുറിച്ചാണ്.
അനുഭവിക്കാത്തവർക്ക് ഇതു നിസാരമായി തോന്നാം. പക്ഷേ, ഇത്തരം പ്രശ്നമുള്ളവർ അനുഭവിക്കുന്ന മാനസിക വേദന വലുതാണ്. ആണ്‍കുട്ടികളിലാണെങ്കിൽ ആത്മവിശ്വാസം നഷ്ടപ്പെട്ട് ആരുടെയും മുഖത്ത് നോക്കാൻ ധൈര്യമില്ലാത്ത അവസ്ഥയിൽ എത്തിച്ചേരുന്നു.
പെണ്‍കുട്ടികൾ ആരും അറിയാതെ ഇതു മൂടിവയ്ക്കുന്നു. ബന്ധുവീടുകളിൽ അന്തിയുറങ്ങാനും അച്ഛനമ്മമാരുടെ കൂടെ കിടക്കാനും ഇവർ കൊതിക്കുന്നുണ്ടാകും. പല വീടുകളിലും ഇവരുടെ ഉറക്കസ്ഥാനം തറയിൽ ആകും. മൂത്രമൊഴിക്കരുതെന്ന് ഓരോ തവണയും മനസിൽ ഉറപ്പിച്ചും കിടക്കുന്നതിനു മുൻപ് പലതവണ മൂത്രം ഒഴിച്ചിട്ടും ഒക്കെ കിടക്കും. പക്ഷേ, ഉറങ്ങിയാൽ അപ്പോൾ മൂത്രം പോകും.
എന്തായിരിക്കും കാരണം?
വ്യക്തമായ ഒരു കാരണം ഇതിനു പറയാനാവില്ല.
* മൂത്രത്തിന്റെ ഉത്പാദനത്തെ നിയന്ത്രിക്കുന്ന ഒരു ഹോർമോണ്‍ ഉണ്ട്. ആന്റി ഡൈയൂറെറ്റിക് ഹോർമോണ്‍ – എഡിഎച്ച് – എന്ന് പേരുള്ള ഇതിന്റെ അളവിലെ താത്കാലിക കുറവാകാം ഒരുകാരണം. ഇതു സ്ഥിരമായി കുറഞ്ഞാൽ പ്രമേഹത്തിലെന്നതുപോലെ അനിയന്ത്രിതമായി മൂത്രം ഒഴുകിപ്പോയി ശരീരത്തിലെ ജലനഷ്ടം കൂടി നിർജലീകരണം എന്ന അവസ്ഥയിലെത്താം.
* മൂത്രദ്വാരത്തിലെ വാൽവുകളുടെ തകരാറാവാം മറ്റൊരു കാരണം. നമുക്കു സാധാരണഗതിയിൽ അരലിറ്റർ മൂത്രം പിടിച്ചു നിർത്താനാകും, രാത്രിയിൽ ഇത് 800 മില്ലിവരെയാകാം.എന്നാൽ മൂത്രാശയത്തിൽ നിന്നു പുറത്തേക്കുള്ള വാൽവിനു തകരാറുള്ളവരിൽ ചെറിയ അളവിൽ മൂത്രം നിറയുന്പോഴേക്കും മൂത്രശങ്ക തുടങ്ങുന്നു. അനിയന്ത്രിതമായി മൂത്രം പോകുന്നു.
രണ്ടിൽ കൂടുതൽ പ്രസവിച്ച സ്ത്രീകളിൽ ഈ വാൽവുകൾക്കു ബലം കുറയാം. അവർക്ക് പെട്ടെന്ന് മൂത്രത്തിൽ പഴുപ്പു പിടിപെടാം, തുമ്മുന്പോഴും ചുമയ്ക്കുന്പോഴും മൂത്രം തുള്ളികളായോ അല്ലാതെയോ പുറത്തേക്കു പോകാം. സമാനമായ തകരാറുകൾ ജന്മനാ കുട്ടികളിൽ വരാം.
* മാതാപിതാക്കൾക്ക് കുട്ടിക്കാലത്ത് ഈ പ്രശ്നമുണ്ടെങ്കിൽ മക്കൾക്കും വരാം. കുട്ടികളെ തല്ലുന്നതിനു മുന്‍പ് സ്വന്തം അമ്മയോട് ഒന്നന്വേഷിച്ചു നോക്കുക.
* ആഴത്തിലുള്ള ഉറക്കം ഒരു പ്രശ്നമാണ്. അഗാധമായ ഉറക്കത്തിൽ ഇതൊക്കെ സംഭവിക്കാം. മദ്യപിച്ചു പൂസായി ഉറങ്ങുന്നവരിൽ ഇതു കാണാറുണ്ട്. ചില കുട്ടികൾ ഉറക്കത്തിൽ ബാത്റൂമിൽ മൂത്രമൊഴിക്കുന്നതായി സ്വപ്നം കാണുന്നു; കിടക്കയിൽ ഒഴിക്കുന്നു. ഇത്തരം ഉറക്കപ്രാന്തരായ കുട്ടികളിൽ അവരുടെ മൂത്രാശയത്തിന്റെ വാൽവുകളും ഉറങ്ങി പോകുന്നതാണു ഒരു കാരണം. ശരീരത്തിൽ എല്ലാ അവയവങ്ങളും നമ്മോടൊപ്പം ഉറങ്ങാൻ പാടില്ല. കുട്ടികളിൽ അവ ഉറങ്ങുന്നതു സാധാരണമാണ്.
(നമ്മുടെ തൊണ്ടയിലെ കുറുനാക്ക് അങ്ങനെ ഉറങ്ങാതിരിക്കേണ്ട ഒരാളാണ്. അവൻ ഉറങ്ങിയാൽ ശ്വാസനാളം അടഞ്ഞ് നാം ഉറക്കത്തിൽ മരിച്ചുപോകാം. ശിശുക്കൾ ഉറക്കത്തിൽ മരിച്ചുവെന്നു വാർത്തകളിൽ കാണുന്നതിൽ ചിലത് ഇങ്ങനെ സംഭവിക്കുന്നതാണ്.)
* കാപ്പി മൂത്രത്തിന്റെ അളവു കൂട്ടാം.
* ചിലപ്പോൾ കുട്ടികളിൽ കൃമിശല്യം കൊണ്ടും ഈ പ്രശ്നം ഉണ്ടാവാം. കൃമികൾ പെണ്‍കുട്ടികളിൽ മൂത്രനാളികളിൽ കയറാം. അപ്പോൾ തോന്നുന്ന അസ്വസ്ഥതയും ഉറക്കത്തിലെ മൂത്രമൊഴിക്കലിൽ കലാശിക്കാം.
* കുട്ടികളിലെ മാനസിക സംഘർഷങ്ങൾ ഒരു പ്രധാന കാരണമാണ്. അതു വീട്ടിലെയും സ്കൂളിലേയും ഒറ്റപ്പെടലും പഠന വൈകല്യ കാരണമായേക്കാവുന്ന എഡിഎച്ച്ഡി വരെ ആകാം.
രോഗകാരണം കണ്ടെത്തണം
മൂത്രപരിശോധനയിലൂടെ പ്രമേഹസാധ്യതയും, മൂത്രത്തിൽ പഴുപ്പും കണ്ടെത്തുവാൻ സാധിക്കും. ആന്തരികാവയവങ്ങൾക്കു തകരാറില്ലായെന്നു മൂത്രാശയ വ്യവസ്ഥയുടെ ആന്തരിക പരിശോധനയിലൂടെ കണ്ടെത്താം.
രോഗചികിൽസ
കാരണമറിഞ്ഞുള്ള ചികിൽസ വേണം. മനഃശാസ്ത്ര ചികിൽസയും കൗണ്‍സലിംഗും എല്ലാവരിലും ഫലിക്കില്ല. രോഗിയെ കളിയാക്കുന്തോറും രോഗം മാറാനുള്ള സാധ്യത കുറയുന്നു. വീട്ടുകാരും ബന്ധുക്കളുമെല്ലാം ഇത് ശ്രദ്ധിക്കണം. അവരിൽ വളർത്തുന്ന അപകർഷബോധം അവരുടെ ഭാവിയെത്തന്നെ നശിപ്പിക്കും.
കുട്ടികൾ മനസു കൊണ്ട് എത്ര ഉറപ്പിച്ചു കിടന്നാലും ഉറക്കത്തിലേക്കു വഴൂതിവീഴുന്പോൾ മനസിന്റെ പിടിത്തം വിടുകയും മൂത്രം ഒഴിച്ചുപോവുകയും ചെയ്യും. അവരെ കളിയാക്കാതിരിക്കുക.
* വൈകുന്നേരങ്ങളിൽ ഏഴുമണിവരെ മാത്രമേ വെള്ളം കുടിക്കാവൂ. അതിനു ശേഷം വെള്ളം പരമാവധി കുറയ്ക്കുക. * കുടലിൽ നിന്നു വെള്ളം വലിച്ചെടുക്കുന്ന ഭക്ഷണങ്ങൾ അത്താഴത്തിൽ ഉൾപ്പെടുത്തുക. ചപ്പാത്തിയും നനയ്ക്കാത്ത അവിലും അത്താഴമാക്കുക. വൈകുന്നേരങ്ങളിൽ കാപ്പി ഒഴിവാക്കുക. മിനിമം വെള്ളം മതി ഭക്ഷണനേരത്ത്.
* കിടക്കുന്നതിനു മുന്‍പു നന്നായി മൂത്രം ഒഴിച്ചിട്ട് കിടക്കുക. രാത്രി അലാറം വച്ച് ഉണർത്തി മൂത്രം ഒഴിപ്പിക്കുക. ഇങ്ങനെയൊക്കെ ചെയ്യുന്പോൾ ചില ദിവസങ്ങളിലെങ്കിലും കിടക്കയിലെ മൂത്രമൊഴിക്കൽ ഒഴിവാകും.
ചില മനഃശാസ്ത്ര വഴികൾ
* കുട്ടിക്കായി ഒരു കലണ്ടർ കൊടുക്കുക. എന്നിട്ടതിൽ മൂത്രമൊഴിക്കാത്ത ദിനങ്ങളിൽ ഒരു ചിരിക്കുന്ന വട്ടത്തിലുള്ള സൂര്യനെ വരച്ച് വയ്ക്കുക. ആഴ്ചാവസാനവും മാസാവസാനവും സൂര്യന്റെ എണ്ണത്തിനനുസരിച്ച് കുട്ടിക്ക് സമ്മാനങ്ങൾ കൊടുക്കുക. അല്ലെങ്കിൽ ഒരു സൂര്യന് ഒരു നിശ്ചിത പോയിന്റ് വച്ച് സമ്മാനം കൊടുക്കുക.
* ഉറങ്ങുന്നതിനു മുൻപു കണ്ണടച്ചു പിടിച്ച് അഞ്ചുതവണ ദീർഘമായി ശ്വാസം വലിച്ചുവിടുക, എന്നിട്ട് രാവിലെ നല്ല കുട്ടിയായി വസ്ത്രമൊന്നും നനയാതെ എണീൽക്കുന്നതായും വീട്ടുകാർ തന്നെ അതിന് അഭിനന്ദിക്കുന്നതായും മനസിൽ കാണുക. പിന്നെ ഉറങ്ങുക.
* കുട്ടികൾ മൂത്രമൊഴിക്കുന്ന തുണിയും ബെഡ്ഡും അവരെ കൊണ്ട് തന്നെ കഴുകിക്കുക. ഉണക്കുക.
* മൂത്രം ഒഴിക്കാത്ത ദിനങ്ങളിൽ നീ നിന്റെ രോഗത്തെ തോൽപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് അവനെ പറഞ്ഞ് ബോധ്യപ്പെടുത്തുക.മൂത്രമൊഴിച്ച് ഇത്തിരി നനഞ്ഞാൽ അലാറം അടിക്കുന്ന ബെഡ് വെറ്റിങ്ങ് അലാറം വാങ്ങാൻ കിട്ടും 70% വരെ ആൾക്കാരിൽ രോഗം മാറ്റാൻ ഈ മെഷീൻ സഹായിക്കുമെന്നാണു നാഷണൽ കിഡ്നി ഫൗണ്ടേഷൻ പറയുന്നത്.
ഈ പണിയൊന്നും ഫലിക്കുന്നില്ലെങ്കിൽ ഹോമിയോപ്പതിയിൽ മരുന്നുകളുണ്ട്. ഉറക്കത്തിൽ സ്വപ്നം കണ്ടു മൂത്രമൊഴിക്കുന്നവനും, മൂത്രമൊഴിച്ചാലും അറിയാത്തവനും, വിര ശല്യക്കാരനും ഒക്കെ മരുന്നുകൾ വെവ്വേറെയാണ്. അതിനാൽ ഒരു അംഗീകൃത ഹോമിയോ ഡോക്ടറെ കണ്ട് മാത്രം മരുന്നുകൾ വാങ്ങി ഉപയോഗിക്കുക.
ഡോ:റ്റി.ജി. മനോജ് കുമാർ
മെഡിക്കൽ ഓഫീസർ
ഹോമിയോപ്പതി വകുപ്പ്
മുഴക്കുന്ന്, കണ്ണൂർ
മൊബൈൽ 9447689239
[email protected]