നിങ്ങളുടെ ലക്ഷ്യത്തിലെത്താനുളള ഒരു മാര്‍ഗ്ഗത്തിന് വേണ്ടി നിങ്ങള്‍ മന്ദബുദ്ധിയാണെന്ന് അഭിനയിക്കുന്നതാവാം! പെണ്ണിനെ പെണ്ണു തന്നെ അപമാനിക്കരുതായിരുന്നു; ഊര്‍മ്മിള ഉണ്ണിയ്‌ക്കെതിരെ ആഞ്ഞടിച്ച് ഭാഗ്യലക്ഷ്മി

ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതില്‍ തുടങ്ങിയ വിവാദങ്ങളില്‍ ഇടപെട്ട് എഴുത്തുകാരിയും ഡബിങ് കലാകാരിയും അഭിനേത്രിയുമായ ഭാഗ്യലക്ഷ്മിയും. സംഘടനയില്‍ ദിലീപിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ ആക്രമിക്കപ്പെട്ട നടിയെ അടക്കം അപഹസിച്ച ഊര്‍മിള ഉണ്ണിക്കെതിരെ പ്രതികരണവുമായാണ് ഭാഗ്യലക്ഷ്മി എത്തിയിരിക്കുന്നത്.

ആദ്യം എല്ലാവരും കരുതി ആരോ ഏയ്തുവിട്ട അമ്പ് മാത്രമാണ് ഊര്‍മ്മിള ഉണ്ണി എന്ന്. ഏറ്റവും ഒടുവില്‍ മാധ്യമങ്ങള്‍ക്ക് മുമ്പിലെ ഊര്‍മ്മിളയുടെ കൊഞ്ചിക്കുഴഞ്ഞുളള പ്രസ്താവനകള്‍ കേട്ടപ്പോള്‍ നമുക്ക് മനസ്സിലായി ഇത് ആരും ഏയ്തു വിട്ട അമ്പല്ല, ഇവരിങ്ങനെയാണെന്ന്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഭാഗ്യലക്ഷ്മി ഊര്‍മ്മിളയ്‌ക്കെതിരെ ആഞ്ഞടിച്ചത്. ഭാഗ്യലക്ഷ്മിയുടെ വാക്കുകളിങ്ങനെ…

അവര്‍ തന്നെ മാധ്യമങ്ങളോട് പറയുന്നു, ഞാനൊരു മന്ദബുദ്ധിയാണെന്ന് നിങ്ങള്‍ കരുതിക്കോളൂ എന്ന്. അത് ഞങ്ങള്‍ക്കും തോന്നി. മന്ദബുദ്ധിയാണോ അതോ മന്ദബുദ്ധിയാണെന്ന് അഭിനയിക്കുകയാണോ എന്നും തോന്നി.

ദീപാ നിശാന്തും വിധു വിന്‍സന്റും ഞാനും ഒന്നിച്ചിരുന്ന വേദിയില്‍ വിധു പ്രസംഗിക്കുമ്പോള്‍ പറഞ്ഞു ദീപ ഊര്‍മ്മിളയുളള ചടങ്ങ് ബഹിഷ്‌ക്കരിക്കരുതായിരുന്നു എന്ന്. വിധുവിന് ഇപ്പോള്‍ തോന്നുന്നുണ്ടാവാം ദീപാ നിശാന്തിന്റെ തീരുമാനം ശരിയായിരുന്നു എന്ന്. അഭിമാനമുളള ഒരു സ്ത്രീയും നിങ്ങളോടൊത്ത് വേദിയെന്നല്ല സൗഹൃദം പോലും ആഗ്രഹിക്കില്ല.

നാലഞ്ച് പേര്‍ ചേര്‍ന്ന് തന്നെ ആക്രമിച്ചു എന്ന് ഒരു പെണ്ണും തമാശക്ക് പോലും പറയില്ല എന്ന് ചിന്തിക്കാന്‍ ഊര്‍മ്മിളക്കാവില്ല, കാരണം അത്തരം സംഭവങ്ങള്‍ നിങ്ങള്‍ക്കൊരു വിഷയമല്ലായിരിക്കാം. അല്ലെങ്കില്‍ നിങ്ങളുടെ ലക്ഷ്യത്തിലെത്താനുളള ഒരു മാര്‍ഗ്ഗത്തിന് വേണ്ടി നിങ്ങള്‍ മന്ദബുദ്ധിയാണെന്ന് അഭിനയിക്കുന്നതാവാം.

എന്തിനാണ് ഊര്‍മ്മിള ഉണ്ണി ഇങ്ങനെ പരിഹാസ്യയാവുന്നത്. നിങ്ങള്‍ മന്ദബുദ്ധിയാണെന്ന് നിങ്ങള്‍ക്ക് ഉത്തമ ബോധ്യമുണ്ടെങ്കില്‍ മിണ്ടാതിരിക്കൂ. ഒരു സ്ത്രീയെ സമൂഹ മാധ്യമങ്ങളില്‍ പരിഹസിച്ച് വലിച്ച് കീറുമ്പോള്‍ അവിടെ അപമാനിക്കപ്പെടുന്നത് സ്ത്രീ സമൂഹമാണ് ഭാഗ്യലക്ഷ്മി ഓര്‍മിപ്പിക്കുന്നു.

നിങ്ങളുടെ മകള്‍കൂടി വരും ആ കൂട്ടത്തില്‍. ഒരു അമ്മയും ഒരു സ്ത്രീയും ചോദിക്കില്ല നടിക്കങ്ങനെയൊരു സംഭവം നടന്നിട്ടുണ്ടോ എന്ന്. നിങ്ങള്‍ക്കാരെയെങ്കിലും സംരക്ഷിക്കണമെന്നുണ്ടെങ്കില്‍ അതായിക്കോളൂ.

പക്ഷെ പെണ്ണിനെ പെണ്ണു തന്നെ അപമാനിക്കരുത്. നാളെ നിങ്ങള്‍ക്കോ നിങ്ങളുടെ മകള്‍ക്കോ ഇത്തരമൊരു അനുഭവം വരാതിരിക്കട്ടെ. വന്നാലും പുറത്ത് പറയില്ലാ എന്നാണ് ഉത്തരമെങ്കില്‍ പിന്നെ ഒന്നും പറയാനില്ല.

മാധ്യമങ്ങള്‍ക്ക് മുമ്പിലെ ആ പ്രകടനം ഗംഭീരായിരുന്നുവെന്നും നവ രസങ്ങളും ആ മുഖത്ത് നൃത്തമാടുന്നുണ്ടായിരുന്നു. പ്രത്യേകിച്ച് ശൃംഗാരം. പെണ്ണിനെ ആക്രമിച്ച സംഭവത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ ഓണത്തേക്കുറിച്ച് ചോദിച്ചൂടേ, സദ്യയെക്കുറിച്ച് ചോദിച്ചൂടെ എന്ന് ചിരിച്ചുകൊണ്ട് ചോദിക്കാന്‍ എങ്ങനെ സാധിക്കുന്നു നിങ്ങള്‍ക്കെന്നും ഊര്‍മിള ഉണ്ണിയോട് ഭാഗ്യലക്ഷ്മി ചോദിക്കുന്നു.

ജീവിതാനുഭവമാണ് ഇങ്ങനെ ലാഘവത്തോടെ പ്രതികരിക്കാനുളള കാരണം എന്ന് പറഞ്ഞു നിങ്ങള്‍. ജീവിതാനുഭവമുളള ഒരു പെണ്ണും ഇത്തരം വിഷയം ലാഘവത്തോടെ കാണില്ല. ലൈംഗിക ആക്രമണത്തെ ഇത്രയും ലാഘവത്തോടെ കാണാന്‍ എന്ത് ജീവിതാനുഭവമാണാവോ ഊര്‍മ്മിള അനുഭവിച്ചത്. ഭാഗ്യലക്ഷ്മി ചോദിക്കുന്നു.

Related posts