വേറിട്ട കൃഷിപരിചരണ രീതി! യൂറോപ്പിലെ പഴങ്ങള്‍ കാന്തല്ലൂരില്‍

കൃഷിയിലെ ആസൂത്രണമികവാണ് ഇടുക്കി ജില്ലയിലെ കാന്തല്ലൂര്‍ തോപ്പില്‍ ജോര്‍ജ് ജോസഫിനെ വ്യത്യസ്തനാക്കുന്നത്. ആരോഗ്യം നിലനില്‍ക്കണമെങ്കില്‍ വിഷരഹിത ഭക്ഷണം ആവശ്യമാണെന്ന തിരിച്ചറിവാണ് തന്റെ കൃഷി ഈ രീതിയില്‍ ആസൂത്രണം ചെയ്യാന്‍ ഇദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഫ്രൂട്ട് ഗാര്‍ഡനിംഗിലൂടെ തന്റെ ആശയം പ്രചരിപ്പിക്കുകയാണ് ജോര്‍ജ് ജോസഫ്.

വേറിട്ട കൃഷിപരിചരണ രീതിയിലൂടെ കാര്‍ഷിക മേഖലയിലെ വെല്ലുവിളികളെ കരുത്തോടെ അഭിമുഖീകരിച്ച പാലാക്കാരനാണ് ജോര്‍ജ്. താമസിക്കുന്ന കൃഷിയിടത്തിന് അനുയോജ്യമായ വിളകള്‍ തെരഞ്ഞെടുത്തു. അനുകൂലമായ കാലാവസ്ഥയെ വേണ്ട രീതിയില്‍ പ്രയോജനപ്പടുത്തി. ഇതുകൊണ്ട് കൃഷിയില്‍ ആരോഗ്യപൂര്‍ണമായ ജീവിതം കരുപ്പിടിപ്പിക്കുവാനും ഇദ്ദേഹത്തിനു സാധിച്ചു.

ഇരുപതിലധികം ഇനങ്ങളി ല്‍പ്പെട്ട പഴവര്‍ഗച്ചെടികളുണ്ട് ജോര്‍ജിന്റെ ഫാമില്‍. ഭൂരിഭാഗവും വിദേശ ഇനങ്ങള്‍. വര്‍ഷം മുഴുവനും ഫലവര്‍ഗങ്ങള്‍ നിറഞ്ഞു കിടക്കുന്ന തോപ്പില്‍ ഫാം കാണാന്‍ നിരവധി വിനോദസഞ്ചാരികളും എത്തുന്നു. പാലായില്‍ നിന്ന് കാന്തല്ലൂരില്‍ കായികാധ്യാപകനായി ജോര്‍ജ് എത്തുന്നത് മുപ്പതു കൊല്ലം മുമ്പാണ്. വിനോദം എന്ന രീതിയിലായിരുന്നു ആദ്യം കൃഷി. ഭാര്യ, അധ്യാപികയായ ജെസി യും ഒഴിവുസമയങ്ങളില്‍ സഹായിക്കാനായി എത്തും.

പഴവര്‍ഗങ്ങളോടുള്ള കമ്പമാണ് ഈ കൃഷിയിലേക്ക് തിരിയാന്‍ പ്രേരകമായത്. ഈ താത്പര്യം മനസിലാക്കി, സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിലെ ഉദ്യോഗസ്ഥനായ സഹോദരന്‍ ജേക്കബാണ് വിദേശ ഇനങ്ങള്‍ ജോര്‍ജിന് എത്തിക്കുന്നത്. വിദേശ യാത്രയ്ക്കിടയില്‍ കാണുന്ന പഴവര്‍ഗച്ചെടികളുടെ തൈകളും വിത്തുകളും ജേക്കബ് ശേഖരിച്ച് ജോര്‍ജിന് നല്‍കും.

ആപ്പിളും ബ്ലാക്ക്‌ബെറിയും

യൂറോപ്പിനോട് സാമ്യമുള്ളതാണ് കാന്തല്ലൂരിലെ കാലാവസ്ഥ. അതിനാല്‍ യൂറോപ്യന്‍ പഴങ്ങളാണ് ഈ കൃഷിയിടത്തില്‍ അധികവും. ജനുവരി മുതല്‍ ഫലം നല്‍കുന്ന അഞ്ചിലേറെ ആപ്പിള്‍ ഇനങ്ങളാണ് ഇതില്‍ പ്രധാനം. ഇവയോടൊപ്പം യൂറോപ്പിന് പ്രിയങ്കരമായ ബ്ലാക്ക്‌ബെറി പഴങ്ങളും ഫാമിനെ ആകര്‍ഷകമാക്കുന്നു. മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികളെ മുന്നില്‍ കണ്ടാണ് ഫാം രൂപകല്പന. കാന്തല്ലൂരിലെത്തുന്ന സഞ്ചാരികളെല്ലാം തന്നെ തോപ്പില്‍ ഫാം സന്ദര്‍ശിച്ചിരിക്കും. ചിട്ടയോടുകൂടി ഓരോചെടിയും നട്ടുപരിചരിക്കുന്നു. തോട്ടത്തിലൂടെ സഞ്ചരിക്കാന്‍ വഴിയും ഒരുക്കിയിട്ടുണ്ട്.

സന്ദര്‍ശകര്‍ക്ക് ആവശ്യമുള്ള പഴങ്ങള്‍ ആവശ്യാനുസരണം പറിച്ചെടുക്കാം. മാര്‍ക്കറ്റ് വിലയെക്കാള്‍ കുറഞ്ഞവില നല്‍കിയാല്‍മതി. ഫാം സന്ദര്‍ശിക്കുന്നവര്‍ക്ക് താമസിക്കുന്നതിനും ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതിനുമായി തോട്ടത്തില്‍ രണ്ട് ഫാം ഹൗസുകളുമുണ്ട്. ഇരുപതു രൂപയാണ് ഫാം സന്ദര്‍ശനത്തിനുള്ള ഫീസ്.

തോട്ടത്തിലെ ബ്ലാക്ക്‌ബെറി

തണുപ്പുംകോടയും ഉള്ള പ്രദേശങ്ങളില്‍ വളരുന്ന കുറ്റിച്ചെടിയാണ് ബ്ലാക്ക്‌ബെറി. ഉയരം കൂടുതലുള്ള മലനിരകളില്‍ നന്നായി വളരും, കൂടുതല്‍ ഫലങ്ങളുണ്ടാകും. പരിചരണം കൂടുതലായി ആവശ്യമില്ല. അമേരിക്കയിലും യൂറോപ്പിലുമെല്ലാം കീര്‍ത്തികേട്ട ബ്ലാക്ക്‌ബെറിയുടെ നാല് തൈകളില്‍ നിന്ന് നാനൂറിലേറെ തൈകളുണ്ടാക്കി നട്ടിരിക്കുന്നു. കിലോയ്ക്ക് ആയിരം രൂപ വിലവരുന്ന ഈ പഴത്തിന് ആവശ്യക്കാരേറെയുണ്ട്.

കൃഷിരീതി

ഫലവര്‍ഗങ്ങളുടെ കൂട്ടത്തില്‍ വിറ്റാമിനുകളും ധാതുലവണങ്ങളും ആന്റിഓക്‌സിഡന്റുകളും സമൃദ്ധമായിട്ടുള്ള പഴമാണ് ബ്ലാക്ക്‌ബെറി. ചെറിയ തടങ്ങളെടുത്തോ വാരം കോരിയോ ചെടികള്‍ നടാം. വേരില്‍ മുളച്ചുവരുന്ന തൈകളാണ് നടാന്‍ ഉപയോഗിക്കുന്നത്. ആറടിയോളം വരുന്ന ശിഖരങ്ങള്‍ നിലത്ത് മുട്ടിച്ച് മുളപ്പിച്ചെടുക്കാം.

മൂന്നാം മാസം പുഷ്പിച്ച് തുടങ്ങുന്ന ഈ ചെടിക്ക് അടിവളമായി ചാണകമാണ് നല്‍കുന്നത്. രോഗ- കീടബാധകള്‍ കുറവുള്ള ബ്ലാക്ക്‌ബെറിക്ക് ഒരു വര്‍ഷത്തെ ആയുസാണുള്ളത്. പല ഘട്ടങ്ങളിലായി പുഷ്പിച്ച് ആറുമാസത്തോളം ഫലം നല്‍കും. കമ്പുകള്‍ കരിഞ്ഞു തുടങ്ങുമ്പോള്‍ കടചേര്‍ത്ത് മുറിക്കുന്നു. തുടര്‍ന്ന് വളപ്രയോഗം നടത്തുന്നതോടെ പുതിയ തളിരുകള്‍ വന്നു തുടങ്ങും.

വേരുകളില്‍ നിന്നു പൊട്ടി മുളയ്ക്കു്ന തൈകളാണ് കര്‍ഷകര്‍ക്ക് നടാനായി നല്‍കുന്നത്. ഒരു ചെടിയില്‍ നിന്ന് കുറഞ്ഞത് മുപ്പതു പഴംലഭിക്കും. 80 പഴം ഉണ്ടെങ്കില്‍ ഒരു കിലോയായി. പഴമായും വൈനുണ്ടാക്കിയും തണുപ്പിച്ച പാലില്‍ ചേര്‍ത്ത് ഷെയ്ക്ക് അടിച്ചും ബ്ലാക്ക്‌ബെറി കഴിക്കാം.

മെക്‌സിക്കന്‍ പാഷന്‍ ഫ്രൂട്ട്

ഇന്ന് ലഭ്യമായ പാഷന്‍ ഫ്രൂട്ടുകളില്‍ ഏറ്റവും കൂടുതല്‍ മധുരവും ഗുണങ്ങളുമുള്ള ഒന്നാണിത്. തണുപ്പു കൂടിയ ഉയര്‍ന്ന പ്രദേശങ്ങളിലാണ് ഇവ കൂടുതലായി വളരുന്നത്. പന്തലില്‍ പടര്‍ത്തി വളര്‍ത്താവുന്ന മെക്‌സിക്കന്‍ പാഷന്‍ ഫ്രൂട്ട് അഞ്ചു വര്‍ഷം വരെ നല്ല വിളവു നല്‍കും. ചാണകവും കമ്പോസ്റ്റും അടിവളമായി നല്‍കിയാണ് തൈകള്‍ നടുന്നത്.

സാധാരണ പാഷന്‍ഫ്രൂട്ടിന്റെ കൃഷിരീതി തന്നെ പിന്തുടര്‍ന്നാല്‍മതി. നല്ലൊരു ചെടിയില്‍ നിന്ന് ഇരുപത്തിയഞ്ച് കിലോവരെ പഴം ഒരു വര്‍ഷം ലഭിക്കും. വലിയ മാര്‍ക്കറ്റുകളില്‍ കിലോയ്ക്ക് അഞ്ഞൂറുരൂപ വരെ വിലയുള്ള മെക്‌സിക്കന്‍ പാഷന്‍ ഫ്രൂട്ടിന് അറുപതു രൂപയാണ് ജോര്‍ജ് വാങ്ങുന്നത്.

നല്ലപോലെ മൂത്തുപഴുത്ത ഫലങ്ങളില്‍ നിന്നുശേഖരിക്കുന്ന വിത്തുകളാണ് തൈകളുടെ ഉത്പാദനത്തിന് ഉപയോഗിക്കുന്നത്. പ്രായമായ തണ്ടും നടീലിനായി ഉപയോഗിക്കാം. കൂടുതല്‍ വിളവുണ്ടാകുവാന്‍ വിത്തു തൈകള്‍ തന്നെ നടണം. രക്തത്തിന്റെ കൗണ്ട് വര്‍ധനവിനും ക്ഷീണമകറ്റാനും ഉത്തമമായ പഴവര്‍ഗമാണ് പാഷന്‍ ഫ്രൂട്ട്.

ചെറിമോയ

ആത്തയുടെ വര്‍ഗത്തില്‍പ്പെട്ട ഒരു വിദേശ പഴവര്‍ഗച്ചെടിയാണ് ചെറിമോയ. തണുപ്പുകാലാവസ്ഥയില്‍ നന്നായി വളരും. ജാതിപോലെ പന്തലിച്ചാണ് നില്‍ക്കുക. തൈകള്‍ നട്ട് അഞ്ചു വര്‍ഷത്തിനുള്ളില്‍ പുഷ്പിക്കും. അനുകൂല കാലാവസ്ഥയില്‍ നൂറു മുതല്‍ ഇരുനൂറ്റിഅമ്പതുവരെ ഫലങ്ങള്‍ ഒരു മരത്തിലുണ്ടാകും. അഞ്ചുകിലോ വരെ തൂക്കംവരുന്ന പഴമാണ് ചെറിമോയ. ആയിരം രൂപയാണ് ഒരു പഴത്തിന്റെ വില. കേരളത്തിലെ അനുകൂല കാലാവസ്ഥയില്‍ ഒക്‌ടോബറില്‍ പുഷ്പിച്ചു തുടങ്ങും ഫെബ്രുവരി അവസാനം വരെ വിളവെടുക്കാം.

കൃഷിരീതി

ഒരടി ആഴമുള്ള കുഴികളെടുത്ത് ചാണകവും കമ്പോസ്റ്റും നിറച്ച് മേല്‍മണ്ണിട്ടു മൂടിയ ശേഷമാണ് തൈകള്‍ നടേണ്ടത്. വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ ചൂടുകൂടുതല്‍ ഏല്‍ക്കാതിരിക്കാന്‍ തണല്‍ നല്‍കണം. വരള്‍ച്ചാസമയത്ത് നനയും അത്യാവശ്യമാണ്. വര്‍ഷത്തില്‍ ഒരു തവണ ജൈവവളം നല്‍കിയാല്‍ മതി. ഗുണമേന്മയുള്ള തൈകളാണെങ്കില്‍ മൂന്നു വര്‍ഷം കഴിയുമ്പോള്‍ പുഷ്പിച്ചു തുടങ്ങും. ഇരുപതു വര്‍ഷം വരെ മികച്ച വിളവു ലഭിക്കും.

ഗ്രീന്‍ കെയില്‍

പച്ചക്കറി വിഭാഗത്തില്‍പ്പെട്ട ഒരു ഇലവര്‍ഗച്ചെടിയാണ് ഗ്രീന്‍കെയില്‍. കാന്‍സറിനെ തടയാന്‍ സഹായിക്കുന്ന ഔഷധഗുണമുള്ള ഇലച്ചെടി. വിദേശിയാണെങ്കിലും തണുപ്പുള്ള പ്രദേശങ്ങളില്‍ നന്നായി വളരും. സലാഡിന് ഉപയോഗിക്കുന്ന ഈ ചെറുസസ്യം കാബേജ് കൃഷിചെയ്യുന്ന രീതിയിലാണ് കൃഷി ചെയ്യുന്നത്.

ഗ്രീന്‍ കെയിലിന്റെ ഇലകള്‍ ആവിയില്‍ പുഴുങ്ങിക്കഴിച്ചാല്‍ കാന്‍സറിനെ നിയന്ത്രിക്കുവാന്‍ സാധിക്കും. ഗ്രീന്‍കെയിലിന്റെ ഔഷധഗുണങ്ങള്‍ മനസിലാക്കിയശേഷമാണ് ജോര്‍ജ് ജോസഫ് ഇരുപതോളം തൈകള്‍ പരീക്ഷണമെന്ന നിലയില്‍ കൃഷി ചെയ്തിരിക്കുന്നത്.

വ്യത്യസ്ത വിളകള്‍ കൃഷി ചെയ്ത് ഫാം സന്ദര്‍ശകര്‍ക്ക് പുത്തന്‍ അനുഭവങ്ങള്‍ പകരുകയാണ് ഈ കായികാധ്യാപകന്‍. കുട്ടികളെ പരിശീലിപ്പിക്കുന്നതുപോലെ, ക്ഷമയോടെ ഓരോ കാര്യങ്ങളും കൃത്യമായി ചെയ്യുന്നതുകൊണ്ട് ഈ ഫാമില്‍ ഏതു സമയത്തും മൂന്നിലേറെ പഴവര്‍ഗങ്ങളുണ്ടാകും.

മൊത്തമായി കച്ചവടം ചെയ്യുന്ന രീതിയില്ലാത്തതിനാല്‍ പഴുത്തു കിടക്കുന്ന പഴങ്ങള്‍ കിളികളും അണ്ണാനുമെല്ലാം ഭക്ഷിക്കുന്നു. പ്രകൃതിയെ സ്‌നേഹിച്ചും സംരക്ഷിച്ചും കൃഷി ചെയ്യുമ്പോള്‍ കുടുംബത്തിന് ഐശ്വര്യം ഉണ്ടാകുമെന്നാണ് ഇദ്ദേഹത്തിന്റെ അനുഭവപാഠം. ഫോണ്‍: ജോര്‍ജ് ജോസഫ്- 94950 21741.

നെല്ലി ചെങ്ങമനാട്

Related posts