കൊല്ലം: രാജ്യത്ത് ഇതിന് മുന്‍പ് രണ്ട് തവണയാണ് പാന്പിനെ കൊണ്ട് കടിപ്പിച്ച് ആളുകളെ കൊലപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മഹാരാഷ്ട്രയിലെ പൂനെയിലും നാഗ്പൂരിലുമായിരുന്നു അത്.
പൂണെയില്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊല്ലപ്പെടുത്താന്‍ പാന്പിനെ ഉപയോഗിച്ചെന്നായിരുന്നു കേസ്.
അതേ സമയം നാഗ്പൂരില്‍ മാതാപിതാക്കളുടെ സ്വത്ത് തട്ടിയെടുക്കാന്‍ മകന് തന്നെയാണ് പാന്പിനെ കൊണ്ട് കൊത്തിച്ചു കൊലപാതകം നടത്തിയത്.
എന്നാല്‍ ഈ രണ്ട് കേസിലും തെളിവുകളുടെ അഭാവത്തില്‍ പ്രതികളെ വിചാരണ കോടതികള്‍ വെറുതെ വിട്ടത് മഹാരാഷ്ട്രാ പോലീസിന് തിരിച്ചടിയായി.
സമാനവിധി ഉത്രക്കേസില്‍ ഉണ്ടായില്ല എന്നത് കേരള പോലീസിന് അഭിമാനം പകരുന്ന കാര്യമാണ്.
കൊലപാതകം, ഗൂഢാലോചന, ജീവനുള്ള വസ്തുവിനെ വച്ച് കൊലപാതകശ്രമം, ഗാര്‍ഹിക പീഡനം, കൊലപാതകശ്രമം എന്നിങ്ങനെ അഞ്ച് വകുപ്പുകളാണ് പോലീസ് കുറ്റപത്രത്തില്‍ സൂരജിനെതിരെ ചാര്‍ത്തിയത്.
അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണ് കൊല്ലം അഞ്ചലിലെ ഉത്രയുടെ കൊലപാതകം .
ഭര്‍ത്താവ് സൂരജ് സ്വത്തിന് വേണ്ടി സ്വന്തം ഭാര്യയെ മുര്‍ഖന്‍ പാന്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലുകയെന്ന ഇന്ത്യന്‍ കുറ്റാന്വേഷണ ചരിത്രത്തിലെ തന്നെ അപൂര്‍വതകള്‍ ഏറെ നിറഞ്ഞ കേസ്.
ക്രൂരക്യത്യം ചെയ്ത പ്രതി കുറ്റക്കാരനാണെന്ന് കോടതിയ്ക്ക് ബോധ്യപ്പെട്ടു.
കുറ്റാന്വേഷണചരിത്രത്തില്‍ തന്നെ സവിശേഷ പ്രധാന്യമുള്ള കേസായാണ് കൊല്ലത്തെ ഉത്രയുടെ കേസ് രാജ്യത്ത് തന്നെ പരിഗണിക്കപ്പെടുന്നത്.
ഐപിഎസ് ട്രെയിനിംഗ് വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ള കേസുകളുടെ പട്ടികയിലും ഉത്രക്കേസ് ഉള്‍പ്പെട്ടിട്ടുണ്ട്.\
കേസിന്റെ നാള് വഴികള്‍
2018 മാര്‍ച്ച് 25 ഉത്രയുടേയും സൂരജിന്റേയും വിവാഹം
2020 മാര്‍ച്ച് 2 ഉത്രയ്ക്ക് ആദ്യം പാമ്പുകടി ഏല്ക്കുന്നു, അണലിയെ കൊണ്ട് കടിപ്പിക്കാന്‍ ശ്രമിച്ചു
മാര്‍ച്ച് രണ്ട് മുതല്‍ ഏപ്രില്‍ 22 വരെ തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ ചികിത്സയില്‍
ഏപ്രില്‍ 22ന് ഉത്രയുടെ അഞ്ചല്‍ ഏറത്തുള്ള വീട്ടിലേക്ക്
ഏപ്രില്‍ 22 നും മെയ് 7 നും ഇടയില്‍ സൂരജ് അവിടേക്ക് ഇടയ്ക്കിടെ സന്ദര്‍ശനം
മെയ് ആറിന് അവസാനം സൂരജ് വീട്ടിലെത്തി
മെയ് ഏഴിന് ഉത്രയുടെ മരണം. അന്ന് മുതല്‍ തന്നെ വീട്ടുകാര്‍ക്ക് സംശയം.
മെയ് ഏഴിന് തന്നെ അസ്വാഭാവിക മരണത്തിന് പോലിസ് കേസെടുത്തു
മെയ് 12ന് വീട്ടുകാര്‍ പോലിസ് നടപടി ശക്തമാക്കണമെന്ന് ആവശ്യപ്പെടുന്നു.
മെയ് 19 ന് ഉത്രയുടെ അച്ഛനും അമ്മയും ചേര്‍ന്ന് റൂറല്‍ എസ് പി ഹരിശങ്കറിന് പരാതി നല്കി
മെയ് 23 സൂരജിന് മൂര്‍ഖനെ നല്കിയ സുരേഷ് അറസ്റ്റില്‍, തൊട്ടുപിന്നാലെ സൂരജും
ജൂലൈ 7ന് സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആയി ജി മോഹന്‍ രാജിനെ നിയമിച്ചു
ജൂലൈ 14ന് തെളിവെടുപ്പിനിടെ സൂരജിന്റെ പരസ്യ കുറ്റസമ്മതം ഉത്രയെ കൊന്നത് ഞാന്‍ തന്നെ.
ജൂലൈ18ന് ഉത്രയുടെ ആന്തരിക അവയവങ്ങളില്‍ മൂര്‍ഖന്റെ വിഷത്തോടൊപ്പം മയക്കുഗുളികളും.
ജൂലൈ 28 സൂരജിന് പാന്പിനെ നല്കിയ സുരേഷിനെ മാപ്പ് സാക്ഷിയാക്കി.
ജൂലൈ30 കൊലപാതകം ഡമ്മി ഉപയോഗിച്ച് പുനരാവിഷ്കരിച്ചു.
2020 ഓഗസ്റ്റ് 14 പുനലൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
2021 ഒക്ടോബര്‍ 11ന് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി സൂരജ് കുറ്റക്കാരനാണെന്ന് കണ്ടെത്തി.
റൂറൽ പോലീസിന് അഭിമാനനിമിഷം
കൊട്ടാരക്കര: അഞ്ചൽ ഉത്രവധക്കേസിലെ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതോടെ അന്വേഷണ ഉദ്യോഗസ്ഥരും കൊല്ലം റൂറൽ പോലീസും അഭിമാന തിളക്കത്തിലും ആഹ്ളാദത്തിലും.
വിഷപാമ്പിനെ ഉപയോഗിച്ച് കൊല നടത്തിയ അത്യപൂർവമായ കേസ് ഇപ്പോൾ പോലീസിന്റെ കുറ്റാന്വേഷണ പഠന പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ നിയമ വിദ്യാർഥികളുടെ പാഠ്യപദ്ധതിയിലും ഇടം നേടിയിട്ടുണ്ട്. സമാന സംഭവങ്ങൾ എവിടെ, ഏതു കാലത്തു നടന്നാലും കൊല്ലം റൂറൽ പോലീസും അന്വേഷണ സംഘവും പരാമർശിക്കപ്പെടുമെന്നത് റൂറൽ സേനക്ക് അഭിമാനവും ചാരിതാർഥ്യവും നൽകുന്നതാണ്.
2020 മേയ് 21ന് കൊല്ലപ്പെട്ട ഉത്രയുടെ മാതാപിതാക്കളായ വിജയസേനനും മണിമേഖലയും റൂറൽ എസ് പി യായിരുന്ന ഹരിശങ്കറിനു നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം തുടങ്ങുന്നത്.
പ്രാഥമികാന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
എസ് പി നേതൃത്വം നൽകിയ സംഘത്തിൽ കുറ്റാന്വേഷണത്തിൽ മികവ് തെളിയിച്ചവരും, സൈബർ സെൽ – സയന്റിഫിക് വിദഗ്ധരും ഉൾപ്പെട്ടിരുന്നു. ശാസ്ത്രീയ അന്വേഷണത്തിന് പാമ്പുപിടുത്തക്കാരുടെയും ഈ രംഗത്തെ വിദ്ധരുടെയും സഹായം തേടുകയുണ്ടായി.
പാമ്പിൻ വിഷത്തെ കുറിച്ചും കടിയ്ക്കുന്ന രീതികളെ കുറിച്ചും പഠനം നടത്തി. അതീവ രഹസ്യമായി ഡമ്മി പരീക്ഷണവും നടത്തി. അരിപ്പയിലെ വനം വകുപ്പിന്റെ ട്രെയിനിംഗ് സെന്ററിലായിരുന്നു പരീക്ഷണം.
യഥാർഥ പാമ്പിനെ ഉപയോഗിച്ച് ഡമ്മിയെ കടിപ്പിച്ചാണ് പരീക്ഷണം നടത്തിയത്. അന്വേഷണ സംഘത്തിന്റെ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നിഗമനങ്ങളുമെല്ലാം വിജയിക്കുക മാത്രമല്ല ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാനും പോലീസിനായി.
റൂറൽ ജില്ലാ പോലീസ് മേധാവിയായിരുന്ന ഹരിശങ്കർ നേതൃത്വം നൽകിയ സംഘത്തിൽ അഡീഷണൽ ജില്ലാ പോലീസ് മേധാവി എസ്.മധുസൂദനൻ, ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എ.അശോകൻ അന്വേഷണ സംഘാംഗമായിരുന്ന നേമം സിഐ അനൂപ് കൃഷ്ണ, കൊല്ലം സിറ്റി ക്രൈം ബ്രാഞ്ചിലെ എസ്ഐ അനിൽകുമാർ, കുന്നിക്കോട് എസ്ഐ രമേശ്കുമാർ, കൊല്ലം റൂറൽ ക്രൈംബ്രാഞ്ച് എസ്ഐ മുരുകൻ, എഎസ്ഐ മാരായ അനിൽകുമാർ, മനോജ്കുമാർ, നിക്സൺ ചാൾസ്, പ്രവീൺ, മിർസ.ജെ, സിപിഒ അഖിൽ പ്രസാദ്, വനിത ഓഫീസർ മാരായ ഷീബ.എ, ഇന്ദു.എ, ഷീബ.റ്റി, സജീന, മിനിമോൾ കൊല്ലം റൂറൽ ഡാൻസാഫിലെ എസ്ഐ മാരായ ശിവശങ്കരപിള്ള, സജി ജോൺ, അജയകുമാർ എഎസ്ഐ മാരായ രാധാകൃഷ്ണപിള്ള, ആഷിർ കോഹൂർ ജില്ലാ സൈബർ സെല്ലിലെ സിപിഒ മഹേഷ് മോഹൻ എന്നിവരാണ് ഉണ്ടായിരുന്നത്.