ഭുവനേശ്വർ: ദളിത് പെണ്‍കുട്ടി പൂ പറിച്ചതിനെ തുടര്‍ന്ന് 40 കുടുംബങ്ങള്‍ക്ക് ഊരുവിലക്ക് കല്‍പ്പിച്ച് ഗ്രാമം. ഒഡീഷയിലെ ദേന്കനാല് ജില്ലയിലെ കാന്റിയോ കട്ടേനി ഗ്രാമത്തിലാണ് സംഭവം. രണ്ടാഴ്ചയായി 40 കുടുംബങ്ങളെ ഗ്രാമത്തിന് പുറത്താക്കിയിരിക്കുകയാണ്.
ഉയര്‍ന്ന ജാതിയിലുള്ള ഒരാളുടെ വീട്ടില്‍ നിന്നാണ് പെണ്‍കുട്ടി പൂ പറിച്ചത്. തുടര്‍ന്ന് പൂ മോഷ്ടിച്ചതായി ഈ കുടുംബം പരാതി പറഞ്ഞു. ഇത് ഗ്രാമത്തിലെ രണ്ട് ജാതികള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന് കാരണമായി. പിന്നീട് ദളിത് സമുദായത്തില്‍പ്പെട്ട 40 കുടുംബങ്ങളെ ഗ്രാമത്തില്‍ നിന്നും പുറത്താക്കുകയായിരുന്നു. ഗ്രാമത്തില്‍ മൊത്തം 800 കുടുംബങ്ങളാണ് താമസിക്കുന്നത്.
സംഭവം അറിഞ്ഞ ഉടന്‍ തന്നെ വീട്ടുടമയോട് തങ്ങള്‍ മാപ്പ് പറഞ്ഞിരുന്നതായി പെണ്‍കുട്ടിയുടെ അച്ഛന് നിരഞ്ജന് നായിക് പറഞ്ഞു. എന്നാല്‍ ഒരു വിഭാഗം ആളുകള്‍ യോഗം ചേരുകയും തങ്ങളെ പുറത്താക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
തങ്ങളോട് സംസാരിക്കാന്‍ ആരെയും അനുവദിക്കുന്നില്ലെന്നും ഗ്രാമത്തിലെ പരിപാടികളില്‍ പങ്കെടുക്കാന്‍ തങ്ങള്‍ക്ക് വിലക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കടകളില്‍ നിന്നും തങ്ങള്‍ക്ക് സാധനങ്ങള്‍ ഒന്നും നല്‍കുന്നില്ലെന്നും അവശ്യവസ്തുക്കള്‍ വാങ്ങുവാന്‍ കുറഞ്ഞത് അഞ്ച് കിലോമീറ്റര്‍ നടക്കേണ്ട അവസ്ഥയാണെന്നും ഗ്രാമവാസികളിലൊരാള്‍ പറയുന്നു. തങ്ങളുടെ കുട്ടികള്‍ക്ക് സ്കൂളില്‍ പോകുന്നതിനു പോലും അനുവാദമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഊരുവിലക്കപ്പെട്ടവര്‍ ജില്ലാ ഭരണകൂടത്തിനും പോലീസിലും പരാതി നല്‍കിയിട്ടുണ്ട്.