പോർട്ടോ അലെഗ്രെ: കോപ്പ അമേരിക്ക ഫുട്ബോളിലെ ഉറുഗ്വെ-ജപ്പാൻ പോരാട്ടം സമനിലയിൽ. കോജി മിയോഷിയുടെ ഇരട്ട ഗോളിലാണ് ജപ്പാൻ ശക്തരായ ഉറുഗ്വെ സമനിലയിൽ തളച്ചത്.
മത്സരത്തിന്റെ തുടക്കത്തിലെ തന്നെ ജപ്പാൻ ശക്തമായ ആക്രമണമാണ് അഴിച്ചുവിട്ടത്. 25-ാം മിനിറ്റിൽ മിയോഷി ഉറുഗ്വെയെ ഞെട്ടിച്ചുകൊണ്ട് ആദ്യ ഗോൾ നേടി. എന്നാൽ അധികസമയം ജപ്പാനു ലീഡ് നിലനിർത്താൻ സാധിച്ചില്ല. സൂപ്പർ താരം ലൂയിസ് സുവാരസിലുടെ (32) ഉറുഗ്വെ സമനില ഗോൾ കണ്ടെത്തി.
രണ്ടാം പകുതിയിലെ 59-ാം മിനിറ്റിൽ മിയോഷി വീണ്ടും ജപ്പാന്റെ ലീഡ് ഉയർത്തി. എന്നാൽ ഏഴ് മിനിറ്റിനുശേഷം ഉറഗ്വെയുടെ ജോസ് ജിമിനെസിലൂടെ തിരിച്ചടിച്ചു. പിന്നീട് ഇരുടീമുകളും തന്ത്രങ്ങൽ മാറ്റി പയറ്റിയിട്ടും വിജയഗോൾ കണ്ടെത്താൻ സാധിച്ചില്ല.
ഗ്രൂപ്പ് സിയിൽ ഒന്നാം സ്ഥാനത്താണ് ഉറുഗ്വെ. രണ്ടാം സ്ഥാനത്ത് ചിലെയാണ്. ജപ്പാൻ മൂന്നാം സ്ഥാനത്താണ്. ഇക്വഡോറാണ് നാലാം സ്ഥാനത്ത്.