കോട്ടയം: മധ്യകേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു. കഴിഞ്ഞ രണ്ടു മണിക്കൂറായി മേഖലകളിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്.
മുണ്ടക്കയം വണ്ടന്‍പതാല്‍ കൂപ്പുഭാഗത്ത് ഉരുള്‍പൊട്ടിയതായി റിപ്പോർട്ടുണ്ട്. ആളപായമില്ല. കനത്തമഴയെ തുടർന്ന് മണിമലയാറ്റിൽ ജലനിരപ്പ് ഉയരുകയാണ്.
മുണ്ടക്കയത്തെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. എരുമേലി മുണ്ടക്കയം സംസ്ഥാന പാതയിലും വെള്ളം കയറിയ നിലയിലാണ്.
വണ്ടൻപതാൽ നോർത്ത് വില്ലേജിൽ മണ്ണിടിച്ചിലുമുണ്ടായി. അതേസമയം, സംസ്ഥാനത്ത് അടുത്ത മൂന്നു മണിക്കൂർ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
പത്തനംതിട്ടയിലും കനത്തമഴ; കോട്ടമണ്‍പാറയില്‍ കാര്‍ ഒലിച്ചുപോയി
കോന്നി: പത്തനംതിട്ടയിലെ മലയോരമേഖലയിൽ കനത്തമഴ. കോന്നിയിൽ ഒരു മണിക്കൂറിനിടെ പെയ്തത് 74 മില്ലിമീറ്റർ മഴയാണ്. ആങ്ങമൂഴി വനത്തിനുള്ളിൽ ഉരുൾപൊട്ടിയതായും റിപ്പോർട്ടുണ്ട്.
കോട്ടമൺപാറയിൽ ഒരു കാർ വെള്ളത്തിൽ ഒലിച്ചുപോയി. മലയോര മേഖലയിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.