ഒറ്റപ്പാലം: സംസ്ഥാനത്ത് ആദ്യമായി നിർമിച്ച മാന്നന്നൂർ ഉരുക്ക് തടയണ രണ്ടരകോടി രൂപ ചെലവിൽ നവീകരിക്കാൻ തീരുമാനം. 2013 ൽ അഞ്ചുകോടി രൂപ ചെലവിൽ നിർമിച്ച വാണിയംകുളം പഞ്ചായത്തിലെ മാന്നന്നൂർ ഉരുക്കുതടയണ പ്രളയത്തെ തുടർന്നാണ് തകർച്ച നേരിട്ടത്. തടയണയുടെ പുനർനിർമ്മാണ പ്രവൃത്തികൾ അടിയന്തരമായി ആരംഭിക്കുമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി അറിയിച്ചതായി പി.കെ.ശശി എംഎൽഎ വ്യക്തമാക്കി.
പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള സാങ്കേതിക നടപടികൾ ജലസേചന വകുപ്പിലെ ഡിസൈൻ റിസർച്ച് ഇൻവെസ്റ്റിഗേഷൻ വിഭാഗം ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ ഉടനേ നടക്കും. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്മെൻറ് ബോർഡ് കോർപറേഷൻ മുഖേനയാണ് പുനർനിർമാണം നടത്തുക. 2018ലെ പ്രളയത്തിലാണ് മാന്നന്നൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള ഉരുക്കു തടയണ തകർന്നത്.
200 മീറ്റർ നീളത്തിലും 500 മീറ്റർ വീതിയിലും തടയണയുടെ വലതുഭാഗത്ത് ഭിത്തി ഇടിഞ്ഞുതാഴ്ന്നു. തുടർന്ന് ഭാരതപുഴ ഗതിമാറി ഒഴുകുകയും, തടയണയുടെ സംഭരണശേഷി ഗണ്യമായി കുറയുകയും ചെയ്തു. ഇതിനോടൊപ്പം പരിസരപ്രദേശങ്ങളിലെ പാടങ്ങളെല്ലാം വെള്ളത്തിനടിയിലാവുകയും ചെയ്തു.
2019 ഓഗസ്റ്റിലും ഇവിടെ കനത്ത നാശനഷ്ടങ്ങളുണ്ടായി. 100 മീറ്റർ നീളത്തിൽ തടയണയുടെ വലതുഭാഗത്തെ ഭിത്തി വീണ്ടും ഇടിഞ്ഞു. 150 മീറ്റർ അകലെയുള്ള മാന്നന്നൂർ റെയിൽവേ സ്റ്റേഷനുസമീപംവരെ വെള്ളം കയറി. പ്ലാറ്റ്ഫോം നില്ക്കുന്ന ഭിത്തിയും ഇടിഞ്ഞിരുന്നു. ഒരുമാസത്തോളം റെയിൽവേ സ്റ്റേഷനിലെ മൂന്നാംനന്പർ പ്ലാറ്റ്ഫോം ഉപയോഗശൂന്യമാകുകയും ചെയ്തു.
ഇതിനുശേഷം ജലസേചന വകുപ്പ് അധികൃതർ സ്ഥലം പരിശോധിക്കുകയും പുനരുദ്ധാരണത്തിനായി രണ്ടരകോടി രൂപയുടെ പദ്ധതി തയാറാക്കുകയും ചെയ്യുകയായിരുന്നു. ഭാരതപ്പുഴയ്ക്ക് കുറുകെ മാന്നന്നൂരിൽ നിർമിച്ച ഉരുക്ക് തടയണ വാണിയംകുളം പഞ്ചായത്തിനും തൃശൂർ ജില്ലയിലെ പാഞ്ഞാൾ പഞ്ചായത്തിനും കുടിവെള്ളത്തിനുള്ള പ്രധാന സ്രോതസാണ്. ഉപയോഗരഹിതമായ തടയണ നവീകരിച്ച് കാര്യക്ഷമമാക്കുന്നതോടെ കുടിവെള്ളത്തിന് വേനൽക്കാലത്തുപോലും മേൽപ്പറഞ്ഞ പഞ്ചായത്തുകൾക്കും പരിസരപ്രദേശങ്ങൾക്കും ബുദ്ധിമുട്ടു നേരിടില്ലെന്നുള്ളതാണ് വാസ്തവം.