ഇരിട്ടി : ബ്രഹ്മഗിരി മലനിരകളിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് ഇരിട്ടി മേഖലയിലെ പുഴകളിൽ വെള്ളം ഉയർന്നു. പുഴയോരങ്ങളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ഇരിട്ടി, കൂട്ടുപുഴ, കച്ചേരിക്കടവ്, ഉളിക്കൽ, പൊയ്യൂർക്കരി, വയത്തൂർ, മണിക്കടവ് എന്നിവിടങ്ങളിലെ പുഴകളിലാണ് വെള്ളം ഉയർന്നിരിക്കുന്നത്.
കനത്ത മഴയെ തുടർന്ന് ഉളിക്കൽ, പടിയൂർ പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് പ്രാദേശിക അവധി നൽകിയതായി തഹസിൽദാർ അറിയിച്ചു. ഇന്നലെ പുഴകൾ കരകവിഞ്ഞ് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായിരുന്നു. ഇതേത്തുടർന്നാണ് അവധി. പകരം ശനിയാഴ്ച്ച പ്രവൃത്തി ദിനമായിരിക്കും. അതിനിടെ, ഇരിട്ടി മേഖലയിൽ ഇന്ന് പുലർച്ചെവരെ തുടർന്ന കനത്ത മഴയ്ക്ക് അല്പം ആശ്വാസമായിട്ടുണ്ട്. എന്നാൽ, പുഴകളിൽ വെള്ളം ഉയരുന്നത് ആശങ്കയുയർത്തിയിരിക്കുകയാണ്.
എടക്കാനം -പഴശി പദ്ധതി റൂട്ടിൽ ഇന്ന് പുലർച്ചെ മരംവീണ് ഗതാഗതം തടസപ്പെട്ടു. ഇരിട്ടിയിൽ നിന്ന് ഫയർഫോഴ്സ് എത്തി മരം മുറിച്ചുമാറ്റി. കച്ചേരിക്കടവിൽ പുഴയോട് ചേർന്ന അഞ്ചു വീടുകളിൽ വെള്ളം കയറി. ഷൈനി കൂവപ്പാറ ,ഷൈജു തുണ്ടത്തിൽ ,കൃഷ്ണൻ തുണ്ടത്തിൽ ,മനോജ് തൊട്ടുമുറി എന്നിവരുടെ വീട്ടിലാണ് വെള്ളം കയറിയത്.
കോളിക്കടവ് – എടൂർ, കോളിക്കടവ്-വട്ട്യറ റോഡുകളിലും വെള്ളം കയറി. വയത്തൂർ, വട്ടിയാംതോട് , മണിക്കടവ് പാലങ്ങൾ ഇന്ന് പുലർച്ചെ വരെ വെള്ളത്തിൽ മുങ്ങിയിരുന്നു. ഇരിട്ടി താലൂക്ക് ഓഫിസിൽ പ്രത്യേക കൺട്രോൾ റൂം തുറന്നിട്ടുണ്ട് .
ഇന്ന് രാവിലെ മഴ അല്പം കുറഞ്ഞത് അല്പം ആശ്വാസമായിട്ടുണ്ട്. മാക്കൂട്ടം വനത്തിൽ മഴ തുടരുന്നതിനാൽ കഴിഞ്ഞവർഷത്തെ ഇവിടെ ഉരുൾപൊട്ടി ഉണ്ടായി കേരള അതിർത്തി മേഖലകളെ ബാധിക്കുമോയെന്ന ആശങ്കയുണ്ട് .മാക്കൂട്ടം -ചുരം പാതയിലെ അറ്റകുറ്റപ്പണി പൂർത്തിയാക്കി രണ്ടു ദിവസത്തിനുള്ളിൽ ഇരുചക്ര ,കാർ യാത്രക്കാർക്കായി മാത്രം തുറന്നുകൊടുത്തേക്കും.