കണമല: അപകടഭീഷണി മാറാതെ എയ്ഞ്ചൽവാലി. പ്രദേശവാസികൾ പലരും അന്തിയുറങ്ങുന്നത് ബന്ധുവീടുകളിൽ. പ്രളയഭീതിയിൽ സ്വന്തം വീടുകളിൽ അന്തിയുറങ്ങാനാകാതെ രാത്രിയിൽ ബന്ധുവീടുകളിൽ അഭയം തേടുന്നത് നിരവധി കുടുംബങ്ങളാണ്.
ബധിര-മൂക ദന്പതികൾ കഴിയുന്ന വീട് ഏത് നിമിഷവും ഒലിച്ചുപോകുമെന്ന സ്ഥിതിയിൽ. ഇതിന് സമീപത്ത് വാർഡ് അംഗം ഉൾപ്പെടെ 16 കുടുംബങ്ങൾ ഉരുൾപൊട്ടൽ ഭീഷണിയിൽ. ഏഴ് വീടുകളിലേക്ക് എപ്പോൾ വേണമെങ്കിലും പൊട്ടിയൊലിക്കാൻ പാകത്തിൽ ജല ബോംബ് പോലെ വലിയൊരു കുളം. ഒരു മണിക്കൂർ മഴ പെയ്താൽ തോടുകളെക്കാൾ മുന്നേ മുങ്ങുന്നു റോഡുകൾ.
ഇക്കഴിഞ്ഞ 28നു പ്രളയത്തെ നേരിട്ട എയ്ഞ്ചൽവാലി, പന്പാവാലി വാർഡുകളിലെ ഇപ്പോഴത്തെ സ്ഥിതിയാണിത്. പ്രളയത്തിൽ സർവതും നശിച്ചവർക്ക് പോലും സർക്കാരിൽ നിന്നുള്ള അടിയന്തര ധനസഹായം ഇനിയും ലഭിച്ചിട്ടില്ല. പ്രളയത്തിന്റെ കാരണം എന്താണെന്ന് കണ്ടെത്താനുള്ള അന്വേഷണവും പഠനവുമൊന്നും നടന്നിട്ടുമില്ല.
മേഘ വിസ്ഫോടനമോ ഉരുൾ പൊട്ടലോ ?…
മേഘങ്ങൾ പൊട്ടിത്തെറിച്ചതോ ഉരുളുകൾ പൊട്ടിയതോ എന്താണെന്ന് ഔദ്യോഗിക സ്ഥിരീകരണമില്ല. മേഘ വിസ്ഫോടനമാണെന്ന് പ്രചരണം വ്യാപകമാണെങ്കിലും ഉൗഹാപോഹങ്ങൾ മാത്രം. പന്പാവാലി, എയ്ഞ്ചൽവാലി വാർഡുകളുടെ ഏറ്റവും ഉയർന്ന പ്രദേശം ശബരിമല വനത്തിലെ ഒരു മലയാണ്.
പരന്പരാഗത കാനന ക്ഷേത്രങ്ങളും കാട്ടുപാതയും സ്ഥിതി ചെയ്യുന്ന ഈ വനമേഖലയിൽ അതിതീവ്ര മഴ മൂലം മലവെള്ളപ്പാച്ചിലുണ്ടായി പ്രളയമായി മാറിയതെന്നാണു തന്റെ നിഗമനമെന്ന് വാർഡ് അംഗം മാത്യു ജോസഫ് പറയുന്നു.
കലുങ്ക് തകർന്നു;ടൗൺ മുങ്ങുന്നു
എയ്ഞ്ചൽവാലി പള്ളിപ്പടിയിൽ അപകട ഭീഷണിയിലാണ് കലുങ്ക്. ശക്തമായ ഒഴുക്കിൽ മലവെള്ളം നിറഞ്ഞ് കലുങ്ക് മുങ്ങിയതോടെ പള്ളിപ്പടി ജംഗ്ഷൻ വെള്ളത്തിലായി കടകളും സ്കൂളും വാഹനങ്ങളും മുങ്ങുകയായിരുന്നു.
ഇതോടെ പ്രദേശത്തേക്കുള്ള ഗതാഗതം മുറിഞ്ഞു. കലുങ്കിന്റെ അടിയിൽ പാറകൾ തടഞ്ഞുകിടക്കുകയാണ്. ഇവ നീക്കിയില്ലെങ്കിൽ ചെറിയ മഴയിലും പ്രദേശം വെള്ളത്തിൽ മുങ്ങും.
ഇക്കഴിഞ്ഞ ദിവസങ്ങളിലെ മഴയിലും പ്രദേശങ്ങളിൽ റോഡുകൾ തോടുകളായി മാറിയ കാഴ്ചയാണ് കണ്ടത്. കലുങ്ക് പുനർ നിർമിക്കാൻ പൊതുമരാമത്ത് വകുപ്പിന് വാർഡ് അംഗം നിവേദനം നൽകിയിരുന്നു. എന്നാൽ, സ്ഥലം സന്ദർശിക്കാൻ പോലും മരാമത്ത് ഉദ്യോഗസ്ഥർ തയാറായിട്ടില്ല.
“ജലബോംബ് ’ പൊട്ടിക്കാൻ ഉത്തരവായി
എഴുകുംമണ്ണിൽ പഞ്ചായത്ത് വക കുളം ജല ബോംബ് പോലെ അടുത്ത അപകടത്തിന് കാരണമാകുമെന്ന ഭീതി നാട്ടിലാകെ നിറഞ്ഞുനിൽക്കുകയാണ്.
അത് സാക്ഷ്യപ്പെടുത്തിയിരിക്കുകയാണ് ജില്ലാ ജിയോളജിസ്റ്റ് നൽകിയിരിക്കുന്ന റിപ്പോർട്ട്. കുളത്തിന്റെ പുറകിലുള്ള മലഞ്ചെരിവിലുണ്ടായ ഉരുൾപൊട്ടലിൽ വൻ തോതിലാണ് കൂറ്റൻ പാറകൾ പോലുള്ള കല്ലുകൾ കുത്തിയൊലിച്ച് എത്തിയത്.
ഇവയെല്ലാം കുളത്തിലേക്കാണ് ഒഴുകിയെത്തിയത്. വെള്ളവും പാറകളും കുളത്തിനുള്ളിൽ ഉയരത്തിലായി നിറഞ്ഞു കവിഞ്ഞ് ഏത് നിമിഷവും കുളം തകരുന്ന സ്ഥിതിയിലാണ് ഇപ്പോൾ.
കുളത്തിന്റെ താഴ്ഭാഗത്തുള്ള ഏഴ് കുടുംബങ്ങളെ ഒഴിപ്പിക്കണമെന്നാണ് ജിയോളജി വകുപ്പ് നൽകിയിരിക്കുന്ന റിപ്പോർട്ടിലെ നിർദേശം.
രാത്രി ആകുന്പോൾ കുടുംബങ്ങളെല്ലാം ബന്ധു വീടുകളിലേക്ക് മാറി താമസിക്കുകയാണ്. ഇത് എത്ര നാൾ തുടരുമെന്നാണ് ചോദ്യം. കുളം പൊട്ടിച്ച് വെള്ളവും പാറകളും മാറ്റി സുരക്ഷിതത്വം ഉറപ്പാക്കാൻ ഇന്നലെ ഉത്തരവായെന്ന് കാഞ്ഞിരപ്പള്ളി തഹസീൽദാർ ബിനു സെബാസ്റ്റ്യൻ പറഞ്ഞു.
അതിതീവ്ര മഴ വലിയ ഭീഷണി
ഇനിയും അതിതീവ്ര മഴ പെയ്താൽ പ്രളയം വീണ്ടും ആവർത്തിക്കപ്പെടാം. ഇക്കഴിഞ്ഞ പ്രളയത്തിന്റെ നാശനഷ്ടങ്ങൾ മൂലം തോടുകളും റോഡുകളും തകർന്ന സ്ഥിതിയിലായതിനാൽ ഇനി വെള്ളപ്പൊക്കമുണ്ടായാൽ വൻ അപകടമായി പരിണമിക്കാമെന്ന പരിഭ്രാന്തി വ്യാപകമാണ്. അപകടങ്ങളും ദുരന്തങ്ങളും സംഭവിക്കാൻ കാത്തുനിൽക്കാതെ സർക്കാർ സംവിധാനങ്ങൾ ഉണരണമെന്ന് അഭ്യർഥിക്കുകയാണ് നാട്ടുകാർ.
അപകടനിഴലിൽ ബധിര-മൂക ദന്പതികൾ
സംസാരിക്കാനും കേൾക്കാനും കഴിയില്ല മുത്തേടത്ത് ബിജുവിനും ഭാര്യ ജ്യോതിക്കും. ഒരു മകനും പ്രായമായ അമ്മയും ഇവർക്കൊപ്പം കഴിയുന്ന വീടിന്റെ സമീപത്താണ് ഉരുൾപൊട്ടൽ സംഭവിച്ച ഒരു പ്രദേശം. ഇവരുൾപ്പടെ വീട്ടുകാർ ഇറങ്ങി ഓടിയാണ് അന്ന് രക്ഷപ്പെട്ടത്.
മലവെള്ളവും കല്ലും മണ്ണും ചെളിയും ഒഴുകിയെത്തി ഒരാൾ ഉയരമുള്ള കുഴിയായി മാറിയിരിക്കുകയാണ് ഇവരുടെ വീടിന്റെ പിൻഭാഗം. ഈ വീടിന്റെ താഴെ മലഞ്ചെരിവിലാണ് വാർഡ് അംഗം സുബി സണ്ണി ഉൾപ്പടെയുള്ള 16 കുടുംബങ്ങളുടെ വീടുകൾ. ഒപ്പം ഒരു സോഡാ നിർമാണ യുണിറ്റുമുണ്ട്.
ഇവരെല്ലാം അപകടഭീതിയിൽ കഴിയുകയാണ്. ഇനിയും മണ്ണിടിച്ചിലോ വെള്ളപ്പാച്ചിലോ സംഭവിച്ചാൽ പ്രദേശമാകെ അപകടത്തിന്റെ നടുവിലാകും.