കോട്ടയം: ജില്ലയെ പ്രളയം വിഴുങ്ങി. കോട്ടയത്ത് അഞ്ചു മരണം. തീക്കോയിയിൽ ഉരുൾപൊട്ടലിൽ ഒരു കുടുംബത്തിലെ നാലു പേർ മരിച്ചു. ഒരാൾക്ക് ഗുരുതരം. ഒരാളെ കാണാതായി. വൈക്കത്ത് തോട്ടിൽ വീണ് ഒരാൾ മരിച്ചു. ആയിരക്കണക്കിന് വീടുകൾ വെള്ളത്തിനടിയിൽ.
തീക്കോയി വെള്ളികുളത്ത് നരിക്കുന്നേൽ മാമി (80), മകൾ മോളി (55) , മോളിയുടെ മക്കളായ അൽഫോൻസ് (11), ടിന്റു (8) എന്നിവരാണ് മരിച്ചത്. മറ്റൊരു മകൻ ജോമോൻ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ. ഇന്നലെ രാത്രി 10 മണിയോടെ ഉരുൾപൊട്ടി കല്ലുംമണ്ണും ഇവരുടെ വീടിനു മുകളിലേക്ക് വീഴുകയായിരുന്നു.
ഉദയനാപുരം വൈക്ക പ്രയാർ അൻപതിൽ ശിവദാസൻ (68) ആണ് ഇന്നലെ രാത്രിയിൽ തോട്ടിൽ വീണു മരിച്ചത്. രാത്രി വൈകിയും ശിവദാസൻ വീട്ടിലെത്താതിരുന്നതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് മൃതദേഹം തോട്ടിൽ കണ്ടെത്തിയത്.ഭാര്യയും മക്കളുമുണ്ട്. കൂലിപ്പണിയെടുത്തും പത്രവിതരണം നടത്തിയും കുടുംബം പുലർത്തിയിരുന്ന ഗൃഹനാഥന്റെ മരണം നിർധന കുടുംബത്തിനു കനത്ത പ്രഹരമായി.മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
മീനച്ചിൽ പഞ്ചായത്ത് ജീവനക്കാരനെ ഒറ്റയീട്ടിക്കൽ ഭാഗത്ത് കാണാതായി. ഇയാളുടെ ബൈക്ക് റോഡിൽ കണ്ടെത്തി. ഇന്നു രാവിലെയും തെരച്ചിൽ തുടരുന്നു. മണ്ണിടിച്ചിലിൽ അകപ്പെട്ടോ എന്നു സംശയിക്കുന്നു. തീക്കോയി പഞ്ചായത്തിൽ ഇന്നലെ മൂന്നിടത്ത് ഉരുൾപൊട്ടി. കാട്ടൂപ്പൂറ, ഈരാറ്റുപേട്ട-വാഗമണ് റോഡിൽ ഇഞ്ചപ്പാറ, മുപ്പതേക്കർ എന്നിവിടങ്ങളിലാണ് ഉരുൾ പൊട്ടിയത്.
പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ പലയിടത്തും മണ്ണിടിച്ചിൽ. പെരിങ്ങൽക്കരം ചട്ടന്പി റോഡിലും കൈപ്പള്ളി റോഡിലുമാണ് മണ്ണിടിച്ചിൽ. മീനച്ചിലാറും കൊടൂരാറും കരകവിഞ്ഞു. തീരത്തെ എല്ലാവീടുകളും വെള്ളത്തിനടിയിലായി.
കോട്ടയം ജില്ലയിൽ ഇതുവരെ 60 ദുരിതാശ്വാസ ക്യാന്പുകൾ തുറന്നു. 9400 പേർ ക്യാന്പുകളിൽ കഴിയുന്നു. ഇപ്പോഴും ക്യാന്പുകളിലേക്ക് ആളുകൾ വന്നുകൊണ്ടിരിക്കുകയാണ്.