തിടനാട്: കോട്ടയം ജില്ലയിൽ ഉരുളക്കിഴങ്ങ് കൃഷിയെന്നു കേൾക്കുന്പോൾ ആദ്യം ആർക്കും സംശയം തോന്നിയേക്കാം. എന്നാൽ സംഗതി സത്യമാണ്.
തലനാട് ഗ്രാമപഞ്ചായത്തിലാണ് ഉരുളക്കിഴങ്ങ് കൃഷി വിജയകരമായി ചെയ്തത്. കൃഷിവകുപ്പിൽനിന്നു ജോയിന്റ് ഡയറക്ടറായി വിരമിച്ച അരുവിത്തുറ വടക്കേ ചിറയാത്ത് ജോർജ് ജോസഫാണ് കർഷകൻ.
തമിഴ്നാട്, കാർണടക തുടങ്ങിയ അന്യസംസ്ഥാനങ്ങളിലും കേരളത്തിൽ ഇടുക്കി ജില്ലയിലെ മഴമറ പ്രദേശങ്ങളെന്നറിയപ്പെടുന്ന വട്ടവട,കാന്തല്ലൂർ എന്നിവിടങ്ങിൽ മാത്രമല്ല നമ്മുടെ ജില്ലയിലും ശീതകാല പച്ചക്കറികൃഷിക്ക് അനുയോജ്യ ഇടങ്ങളുണ്ടെന്നതിന്റെ തെളിവുകൂടിയാണ് ജോർജിന്റെ ഉരുളക്കിഴങ്ങ് കൃഷി.
തലനാട് പഞ്ചായത്തിന്റെ അതിർത്തി പ്രദേശത്താണ് കൃഷി. പുള്ളിക്കാനം മേഖലയുമായി ബന്ധപ്പെട്ടു കിടക്കുന്ന ഈ ഭാഗം സമുദ്രനിരപ്പിൽനിന്ന് 3400 ഓളം അടി ഉയരത്തിലാണ്.
20 മുതൽ 30 ഡിഗ്രി സെൽഷ്യസ്വരെ ചൂടാണ് ഉരുളക്കിഴങ്ങ് കൃഷിക്ക് അനുയോജ്യം. സെപ്റ്റംബർ മാസമാണ് ജില്ലയിൽ ഉരുളക്കിഴങ്ങ് കൃഷിക്ക് യോജിച്ചത്.
എന്നാൽ ഇത്തവണത്തെ അമിതമഴ വിളവിനെ സാരമായി ബാധിച്ചു. വാഗമണ്, ഈരാറ്റുപേട്ട മേഖലയിൽത്തന്നെയാണ് ഉരുളക്കിഴങ്ങിന് വിപണി കണ്ടെത്തിയതും.
കൃത്യമായ അകലത്തിൽ തടമെടുത്താണ് കിഴങ്ങ് നടുന്നത്. ജൈവവളങ്ങളാണ് പ്രധാനമായും ഉപയോഗിക്കുന്നത്. അമിത വളപ്രയോഗമില്ലാത്തത് കൊണ്ടുതന്നെ പുറത്തുനിന്നെത്തുന്ന കിഴങ്ങുകളെക്കാൾ രുചിയുണ്ട് ഇതിന്.
തലനാട്ടിലെ കിഴങ്ങ് കൃഷിയെക്കുറിച്ച് കേട്ടറിഞ്ഞ നിരവധിയാളുകൾ കൃഷി കണുന്നതിനും കൃഷി രീതികളെക്കുറിച്ച് മനസിലാക്കുന്നതിനുമായി ഇവിടെ എത്താറുണ്ട് കാർഷികരംഗത്തെ അറിവുകളും സർവീസ് കാലത്തെ അനുഭവങ്ങളുമാണ് വ്യത്യസ്ത കൃഷികൾക്ക് തനിക്ക് പ്രചോദനമാകുന്നതെന്നാണ് ജോർജ് ജാസഫ് പറയുന്നത്.