കാഞ്ഞിരപ്പള്ളി: ആ ഉരുൾ ഗതി മാറിയില്ലായിരുന്നെങ്കിൽ… ഇതു പറയുന്പോൾ ജോഷിയുടെ മുഖത്ത് ഇപ്പോഴും നടക്കും..
ഊരയ്ക്കനാട് ഉണ്ടായ ഉരുൾപൊട്ടലിൽനിന്നു വെട്ടത്ത് ജോഷിയും കുടുംബവും രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്.
മലമുകളിൽനിന്ന് ഉരുൾപൊട്ടിയെത്തിയ വെള്ളവും മരങ്ങളും പാറക്കഷണങ്ങളും ഇവരുടെ വീടിനു നേർക്കാണ് പാഞ്ഞെത്തിയത്.
വീടിനു തൊട്ടു സമീപത്തെത്തിയപ്പോൾ ആരോ തിരിച്ചുവിട്ടതുപോലെ ദിശമാറി ഒഴുകുകയായിരുന്നു.
സംഭവത്തെപ്പറ്റി പറയുമ്പോൾ ജോഷിയുടെ മുഖത്ത് ഇപ്പോഴും നടുക്കം. വീടു തകർന്നില്ലെങ്കിലും വീടിനു ചുറ്റുപാടും ചെളിയും മണ്ണും പാറയും അടിഞ്ഞു തരിപ്പണമായ സ്ഥിതിയാണ്. വീടിനും ഭാഗമായ കേടുപാടുകളുണ്ട്.
ചെളിയും മണ്ണും നിറഞ്ഞ വീടുകൾ വൃത്തിയാക്കുന്ന ജോലികളിലാണ് വെള്ളം കയറിയ ഓരോ കുടുംബവും.
സന്നദ്ധ പ്രവർത്തകരുടെ അടക്കം സഹായത്തോടെയാണ് വൃത്തിയാക്കൽ ജോലികൾ പുരോഗമിക്കുന്നത്.
പാറത്തോട് പഞ്ചായത്തിൽ ഒന്ന്, നാല്, അഞ്ച്, ഏഴ്, എട്ട്, 16, 17, 18, 19 വാർഡുകളിലാണ് പ്രളയത്തിൽ നാശനഷ്ടമുണ്ടായത്.
ഇവിടങ്ങളിൽ റോഡുകളും ജല സംഭരണികളും അടക്കം നശിച്ചിട്ടുണ്ട്. പ്രളയത്തിൽ ദുരിതത്തിലായ കുടുംബങ്ങളെ താമസിപ്പിക്കാൻ പഞ്ചായത്തിൽ മൂന്നു ദുരിതാശ്വാസ ക്യാമ്പുകളും തുറന്നു.
പാറത്തോട് പഞ്ചായത്തിലുണ്ടായ ഒന്നിലേറെ ഉരുൾപൊട്ടലുകളാണ് കാഞ്ഞിരപ്പള്ളിയടക്കമുള്ള സ്ഥലങ്ങളിൽ വെള്ളം കയറാൻ കാരണമായത്.
പാറത്തോട് പഞ്ചായത്തിൽ ഉരുൾപൊട്ടലിൽ ആളപായമുണ്ടായില്ലെങ്കിലും നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടായി.
പാറത്തോട് പഞ്ചായത്തിൽ ഊരയ്ക്കനാട് മാങ്ങാപ്പാറ, പഴുമല, വേങ്ങത്താനം മേഖലകളിലാണ് ഉരുൾപൊട്ടലുകളുണ്ടായത്.
താഴ്ന്ന പ്രദേശങ്ങളായ, ചിറ്റടി, ചോറ്റി, പാറത്തോട് ടൗൺ, ഇരുപത്താറാം മൈൽ, ആനക്കല്ല് എന്നിവിടങ്ങളിൽ നിരവധി വീടുകളിൽ വെള്ളം കയറി.
ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഓരോ വീടുകളിലുമുണ്ടായത്. 360 ഒാളം വീടുകളിൽ വെള്ളം കയറിയതായാണ് പഞ്ചായത്തിന്റെ ഏകദേശ കണക്ക്.
നാൽപ്പതോളം വീടുകൾ ഇവിടെ ഭാഗികമായി തകർന്നിട്ടുണ്ട്. ഏക്കറുകണക്കിനു കൃഷിയിടങ്ങൾ ഒലിച്ചുപോയി.