മൂലമറ്റം: കനത്ത മഴയ്ക്കു പിന്നാലെ ഉരുൾപൊട്ടലിന്റെ വാർത്തകൾകൂടി എത്തിയതോടെ ഇടുക്കി ജില്ല അതീവ ജാഗ്രതയിൽ.
ജൂലൈ ഒാഗസ്റ്റ് മാസങ്ങളിലെ നടുക്കുന്ന ദുരന്തങ്ങളുടെ ഒാർമകളും മുറിവുകളും മായാതെ നിൽക്കുന്ന ജില്ലയ്ക്ക് മറ്റൊരു ഒാഗസ്റ്റ് വീണ്ടും ജാഗ്രതയുടെ ദിനങ്ങൾ സമ്മാനിക്കുകയാണ്.
കനത്ത മഴയെത്തുടർന്ന് അറക്കുളം മൂന്നുങ്കവയലിനു സമീപമാണ് ഉരുൾപൊട്ടിയത്. ഇന്നലെ രാത്രിയോടെ ഉണ്ടായ കനത്ത മഴയെത്തുടർന്ന് അറക്കുളം മൂന്നുങ്കവയൽവടാട്ടുപാറ, കന്നിക്കൽ മല എന്നിവിടങ്ങളിലാണ് ഉരുൾ പൊട്ടിയത്.
ഇതു മൂലം കാഞ്ഞാർ മൂന്നുങ്കവയൽ വാഗമണ് റോഡ് ഗതാഗതം തടസപ്പെട്ടു. റോഡിലേക്കു വൻ പാറക്കൂട്ടങ്ങൾ ഇടിഞ്ഞു വീണാണ് ഗതാഗതം തടസപ്പെട്ടത്.
മൂന്നുങ്കവയൽ തോട്ടിലെ വെള്ളം കരകവിഞ്ഞൊഴുകുകയും സമീപത്തെ പുരയിടങ്ങളിൽ വെള്ളം കയറി കൃഷി നാശം സംഭവിക്കുകയും ചെയ്തു.
തോട് കവിഞ്ഞൊഴുകിയതോടെ വിനോദ സഞ്ചാരികളുടെ വാഹനങ്ങൾ ഇരുവശത്തുമായി കുടുങ്ങി. ഉരുൾപൊട്ടിയതോടെ മണപ്പാടി ചപ്പാത്തും കരകവിഞ്ഞൊഴുകി.
തൊടുപുഴ പുളിയൻമല സംസ്ഥാന പാതയിൽ ശക്തമായ വെള്ളമൊഴുക്കു മൂലം ഗതാഗതം തടസപ്പെട്ടു. രാത്രി വൈകിയും കനത്ത മഴ തുടരുകയാണ്. പല ഭാഗത്തും വൈദ്യുതി, ടെലിഫോണ് ബന്ധം തടസപ്പെട്ടു.
മലങ്കര ജലാശയത്തിലേക്കു കനത്ത വെള്ളപ്പാച്ചിൽ ഉണ്ടായി. നിരവധി സ്ഥലങ്ങളിൽ മരങ്ങൾ ഒടിഞ്ഞു വീണും നാശനഷ്ടമുണ്ടായി. പല സ്ഥലങ്ങളിലും മണ്ണിടിഞ്ഞു ഗതാഗതം തടസപ്പെട്ടിട്ടുണ്ട്.
ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. വെള്ളം കയറി വീടുകൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. നാശനഷ്ടത്തിന്റെ തീവ്രത ഇന്നത്തോടെ മാത്രമേ വ്യക്തമാകു എന്ന് അധികൃതർ അറിയിച്ചു.
മൂന്നിലവിൽ ഉരുൾപൊട്ടി
കോട്ടയം: കോട്ടയം ജില്ലയിൽ ഇന്നലെ വൈകുന്നേരമുണ്ടായ ശക്തമായ മഴയിൽ മീനച്ചിൽ താലൂക്കിലെ മൂന്നിലവിൽ ഉരുൾപൊട്ടി.
മുക്കൂട്ടുതറയിൽ ബൈക്കിൽ റോഡിലെ ചെറിയ പാലം കടക്കുന്നതിനിടെ ഒരാൾ ഒഴുക്കിൽപെട്ടു മരിച്ചു. ചാത്തൻതറ സ്വദേശി അദ്വൈതാണു മരിച്ചത്.
ഒപ്പമുണ്ടായിരുന്ന യുവാവ് തോട്ടിലെ കുത്തൊഴുക്കിൽ നിന്ന് അദ്ഭുതകരമായി രക്ഷപെട്ടു. ഇന്നലെ രാത്രി എട്ടിനു മുക്കൂട്ടുതറ പലകക്കാവ് ഭാഗത്താണ് സംഭവം.
മറ്റു നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. മീനച്ചിൽ താലൂ ക്കിലെ മൂന്നിലവ്, മേലുകാവ്, തലനാട്, തീക്കോയി പ്രദേശങ്ങളിൽ ഇന്നലെ വൈകുന്നേരം നാലു മുതൽ അതിതീവ്രമഴയാണ് പെയ്തത്. മൂന്നിലവ് ടൗണിൽ വെള്ളം കയറി.
എരുമേലി-ശബരിപാതയിലും നിരവധി സ്ഥലങ്ങളിൽ വെള്ളം കയറി.
മുണ്ടക്കയം വണ്ടൻപതാലിൽ എട്ടോളം വീടുകളിൽ വെള്ളം കയറി. വണ്ടൻപതാൽ പാലത്തിൽ കുടുങ്ങിയവരെ ഫയർഫോഴ്സ് രക്ഷപെടുത്തി. എരുമേലി, മുണ്ടക്കയം മേഖലയിലും ശക്തമായ മഴയായിരുന്നു.
ഇന്നലെ എരുമേലി തുമരുംപാറ പ്രദേശത്ത് വനത്തിനുള്ളിൽ ഉരുൾപൊട്ടി.ശക്തമായ മഴയിൽ മീനച്ചിൽ, മണിമലയാറുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു.
ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ കനത്തതോ അത്യന്തം കനത്തതോ ആയ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നാളെയുംആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ ബുധനാഴ്ചയും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ അതിതീവ്രമഴയ്ക്കു സാധ്യതയുണ്ട്. 20 സെന്റീമീറ്ററിനും മുകളിലുള്ള മഴയ്ക്കാണ് സാധ്യത.
ബുധനാഴ്ച കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടും മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടും മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ പ്രളയസാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക ദുരന്തസാധ്യതാ മേഖലകളിൽ അടിയന്തരമായി ദുരിതാശ്വാസ ക്യാന്പുകൾ സജ്ജമാക്കാനും മലയോര മേഖലകളിലുള്ളവരെ മുൻകരുതലിന്റെ ഭാഗമായി ക്യാന്പുകളിലേക്കു മാറ്റിപ്പാർപ്പിക്കാനും ജില്ലാ ഭരണകൂടങ്ങൾക്കു സർക്കാർ നിർദേശം നൽകി.
കടലാക്രമണം രൂക്ഷമായ മേഖലയിലും ക്യാന്പുകൾ സജ്ജീകരിച്ച് ആളുകളെ മാറ്റിപ്പാർപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും ദുരന്ത നിവാരണ അഥോറിറ്റി മുന്നറിയിപ്പു നൽകി.