എടക്കര: വഴിക്കടവ് പുഞ്ചക്കൊല്ലി ഉൾവനത്തിൽ ഉരുൾപൊട്ടൽ. പുഞ്ചകൊല്ലി വനാന്തർഭാഗത്ത് തമിഴ്നാട് അതിർത്തി മലയിലാണ് ഉരുൾപൊട്ടൽ. കോരൻ പുഴ വഴി മാറിയൊഴുകിയതിനാൽ പുഞ്ചകൊല്ലി ആദിവാസി കോളനിയിൽ കനത്ത നാശം നേരിട്ടു. തിങ്കളാഴ്ച പുലർച്ചെ മൂന്നിനാണ് കോളനിവാസികളെയാകെ അന്പരിപ്പിച്ച് കനത്ത ശബ്ദത്തിൽ പുഴ കുലംകുത്തിയൊഴുകിയത്.
കോളനിയിലെ അങ്കണവാടിയുടെ മതിൽ പൂർണമായും പുഴ കവർന്നെടുത്തു.ഏകാധ്യാപക വിദ്യാലയത്തിനും നാശം നേരിട്ടു. കോരൻ പുഴയുടെ തീരത്ത് തകർന്ന പഴയ കോളനി വീടുകളുടെ തറയിൽ നിന്നു 20 മീറ്റർ ദൂരം വിട്ട് പുതിയ കോളനി വീടുകൾ നിർമിച്ചതു രക്ഷയായി. ഇതു വൻ ദുരന്തം വഴി മാറാൻ കാരണമായി.
വനത്തിനകത്ത് ഉരുൾപൊട്ടലുണ്ടായതാണ് കഴിഞ്ഞ പ്രളയകാലത്ത് പോലും കാണാത്ത വിധം പുഴ നിറഞ്ഞൊഴുകുന്നതെന്ന് പഴമക്കാർ പലകുറി ഉരുവിട്ടെങ്കിലും ആരും ചെവികൊണ്ടില്ല. ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപകൻ നാരായണന്റെ ഇടപെടലാണ് പുഞ്ചകൊല്ലിയിലെ ഉരുൾപൊട്ടൽ വിവരം വൈകീട്ടോടെ നാട്ടിലിറയാൻ കാരണമായത്. തുടർന്നു വനം വകുപ്പധികൃതരും പോലീസും 14 കിലോമീറ്റർ വനപാത താണ്ടി പുഞ്ചക്കൊല്ലിയിലെത്തി.
കോളനി സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി നിർമിച്ച ടൈൽ പതിച്ച റോഡും പുഴയുടെ ഒറ്റയാൾ പാലവും പൂർണമായും വൻ മരങ്ങളും കല്ലുകളും വന്നിടഞ്ഞു തകർന്നു. മണിക്കൂറുകളുടെ ശ പ്രവർത്തനങ്ങൾക്കൊടുവിലാണ് മരം മുറിച്ചു മാറ്റിയത്.