പത്തനംതിട്ട: മഴയ്ക്കു നേരിയ ശമനമുണ്ടായെങ്കിലും ദുരിതം ഒഴിയുന്നില്ല. പത്തനംതിട്ട ജില്ലയിലെ നാരങ്ങാനത്ത് ഇന്നലെ രാത്രി ഉരുള്‍പൊട്ടി.
രാത്രി എട്ടോടെ ഭയാനകമായ ശബ്ദത്തോടെ കല്ലും മണ്ണും വെള്ളത്തോടൊപ്പം ഒഴുകിയെത്തുകയായിരുന്നു. തൊട്ടടുത്ത വീടിനു നാശനഷ്ടം നേരിട്ടു.
നാരങ്ങാനം വാഴത്തോപ്പില്‍ വി. വിശ്വനാഥന്റെ വീടിനാണ് നാശനഷ്ടമുണ്ടായത്. വിശ്വനാഥനും ഭാര്യ വനജയും വീട്ടിലുണ്ടായിരുന്നു. ശബ്ദം കേട്ട ഇവര്‍ വീടിനു പുറത്തിറങ്ങി.
പാറയും മണ്ണും വീടിനു മുകളില്‍ പതിച്ചു. വീടിനു മുകളില്‍ ഭീഷണി ഉയര്‍ത്തി നിന്നിരുന്ന പാറയുടെ മുകള്‍ ഭാഗത്തുനിന്നാണ് ഉരുള്‍പൊട്ടി എത്തിയത്. പാറ കഴിഞ്ഞയിടെ കുറെ ഭാഗം പൊട്ടിച്ചു നീക്കിയിരുന്നു.
ഇന്നലെയും ഇന്നുമായി മഴയ്ക്കു നേരിയ ശമനമുണ്ട്. എന്നാല്‍ പടിഞ്ഞാറന്‍ മേഖലയിലെ വെള്ളപ്പൊക്ക കെടുതികള്‍ തുടരുകയാണ്.
കരകവിഞ്ഞെത്തിയ നദികളില്‍ നിന്നും തോടുകളില്‍ നിന്നുമുള്ള വെള്ളം ഒഴുകിപ്പോകാനാകാതെ കെട്ടിക്കിടക്കുന്നതാണ് ദുരിതമാകുന്നത്. തിരുവല്ല താലൂക്കിലെ പടിഞ്ഞാറന്‍ മേഖലയിലാണ് ദുരിതം ഏറെയും.
തിരുവല്ല നഗരസഭ, കുറ്റൂര്‍, നിരണം, പെരിങ്ങര, കടപ്ര, നെടുമ്പ്രം തുടങ്ങിയ അപ്പര്‍കുട്ടനാട് മേഖല പൂര്‍ണമായി വെള്ളപ്പൊക്ക കെടുതിയിലാണ്. റോഡുകളില്‍ വെള്ളക്കെട്ട് തുടരുകയാണ്.
വീടുകള്‍ക്കു ചുറ്റും വെള്ളമായതോടെ പലരും ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കു മാറി. കൊറോണക്കാലമായതിനാല്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പോകാന്‍ ആളുകള്‍ മടിക്കുകയാണ്.