നെന്മാറ: ഉരുൾപൊട്ടി പത്തുജീവനുകൾ നഷ്ടപ്പെട്ട ആതവനാട് കുന്നിൽ പ്രവർത്തിച്ചത് നാലുക്വാറികൾ. നെല്ലിയാന്പതി താഴ് വരയോട് ചേർന്നുള്ള പരിസ്ഥിതി ലോലപ്രദേശമായിട്ടുപോലും ഇപ്പോഴും പോക്കാൻമട ഭാഗങ്ങളിൽ അനധികൃതമായി ക്വാറി പ്രവർത്തിച്ചുവരുന്നതും ഏറെ ആശങ്കയുർത്തുന്നു.
ആതവനാട് കുന്നിന്റെ മറുഭാഗത്തായി വലിയ ക്വാറിയും വാലറ്റ പ്രദേശങ്ങളിലായി മൂന്നു ചെറിയ ക്വാറികളുമാണ് പ്രവർത്തിച്ചിരുന്നത്. ഇതിൽ ഒരു ക്വാറി ഇപ്പോഴും അനധികൃതമായി പ്രവർത്തിക്കുന്നുണ്ട്. ഓഗസ്റ്റ് 16-നാണ് ചേരുംകാട്ടിലുണ്ടായ വലിയ ഉരുൾപൊട്ടലിലാണ് മൂന്നു കുടുംബങ്ങളിലെ പത്തൂപേർ മരിച്ചത്.
സംഭവം നടന്ന് 100 ദിവസമായിട്ടുപോലും പ്രദേശവാസികളിൽ ഇപ്പോഴും ഭയപ്പാടിൽ നിന്നും മോചനമായില്ല. ശക്തമായ മലവെള്ളപ്പാച്ചിലിൽ മൂന്നു വീടുകൾ തകരുകയും ചെയ്തു. രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ തന്നെ ഉരുൾപൊട്ടിയതിന്റെ വലതു ഭാഗത്തും ചെറിയ തോതിൽ ഉരുൾപൊട്ടിയിരുന്നു.
ഈ ഭാഗത്ത് പാറയും മണ്ണും വേർപെട്ട നിലയിലാണ് ഇപ്പോഴുമുള്ളത്. അപകടഭീഷണിയുയർത്തുന്ന ഈ കുന്നിൽചെരുവിലായി 13 വീടുകളാണുള്ളത്. ഉരുൾപൊട്ടിയുണ്ടായ ഭീതിയിൽ ഈ ഭാഗങ്ങളിലുള്ള നിരവധി കുടുംബങ്ങൾ ഇപ്പോഴും ബന്ധുവീടുകളിലും അഭയകേന്ദ്രങ്ങളിലുമായാണ് കഴിയുന്നത്. അപകടത്തിൽ തകർന്ന ഗംഗാധരന്റെ കുടുംബത്തിൽ അഖിലയും അനിയത്തി ആതിരയും ഇപ്പോഴും സങ്കടകടലിൽ കഴിയുന്നു.
കോയന്പത്തുർ സ്വകാര്യ ആശുപത്രിയിൽ രണ്ടാംം ഘട്ട ചികിൽസ തുടരുന്ന അഖില സുഖംപ്രാപിച്ചു വരുവാൻ മാസങ്ങൾ കഴിയുമെന്നതാണ് ആശുപത്രി അധികൃതർ അറിയിച്ചത്. അനിയത്തി ആതിര ജോലി സ്ഥലത്തായതിനാൽ സംഭവസമയത്തില്ലാതിരുന്നത് അപകടത്തിൽനിന്നും രക്ഷപ്പെട്ടു. ചേച്ചിക്ക് ഒരുകൂട്ടായെന്നും അയൽവാസികളായ നാട്ടുകാർ ഇപ്പോഴും പറയുന്നു.
മറ്റു കുടുംബങ്ങളെ പോത്തുണ്ടി, നെന്മാറ, വിത്തനശേരി തുടങ്ങിയ അഭയകേന്ദ്രങ്ങളിലും ജലവിഭാഗ വകുപ്പിന്റെ ക്വാർട്ടേർസുകളിലുമായി താമസസൗകര്യം ഒരുക്കിയിരിക്കുന്നു. ഭാഗികമായി തകർന്ന വീടിന്റെ അവസ്ഥയും ഏകവരുമാനമാർഗമായ ഓട്ടോറിക്ഷയും ഉരുൾപൊട്ടലിലെ മലവെള്ള പച്ചലിൽ തകർന്നുപോയത്.
ഉണ്ണികൃഷ്ണന്റെ കുടുംബത്തിനെ പറ്റിയ കനത്ത ദുരന്തമായി.ഉണ്ണിക്കൃഷണനും ഭാര്യയ്ക്കും മക്കൾക്കും സാരമായി പരുക്ക് പറ്റിയിരുന്നു. ഉണ്ണിക്കൃഷ്ണന്റെ പ്രായം ചെന്ന അമ്മയുടെ കാലിന് പറ്റിയ പരിക്ക് ഇപ്പോഴും ചികിത്സയുമായി അയിനംപാടം ജലവിഭാഗ വകുപ്പിന്റെ ക്വാർട്ടേഴ്സിൽ താത്കാലികമായി കഴിയുകയാണ്.
മൂന്നൂറുമീറ്ററിലധികം ഉയർത്തിൽ നിന്നാണ് ഉരുൾപൊട്ടി പാറക്കല്ലുകളും, മരങ്ങളും, മണ്ണും കുത്തിയൊലിച്ചിറങ്ങിയത്. പാറമുകളിൽ നിന്ന് ഇപ്പോഴും ചെറിയ തോതിൽ വെള്ളമൊഴുകുന്നുണ്ട്. മണ്ണിൽ പുതഞ്ഞു നില്ക്കുന്ന വലിയ പാറക്കല്ലുകളും താഴേയ്ക്ക് വരുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ.
ഉരുൾപൊട്ടിയ സ്ഥലത്തിനു സമീപമുള്ള രണ്ടുകുടുംബങ്ങളെ അധികൃതർ ഇപ്പോഴും മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. മൂന്നു കുടുംബങ്ങൾക്ക് ബെത് ലഹേം സ്കൂൾ അധികൃതർ വീടുനിർമിച്ചു കൊടുക്കുന്നതിനു വേണ്ട നടപടി സ്വീകരിച്ചു നിർമാണപ്രവൃത്തികൾ നടന്നുവരുന്നു.