കണ്ണൂർ(പേരാവൂർ): കനത്ത മഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി.
നെടുംപുറംചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടരവയസുകാരിയുടെ മൃതദേഹമാണ് ഇന്നു രാവിലെയോടെ കണ്ടെത്തിയത്.
ചെങ്ങന്നൂർ സ്വദേശിയും നെടുംപുറംചാൽ കുടുംബക്ഷേമ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തക നദീറ – ഷഫീഖ് ദമ്പതികളുടെ മകൾ നുമ തസ്മിന്റെ മൃതദേഹമാണ് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ കണ്ടെത്തിയത്. കു
ട്ടിയുടെ വീടിനു സമീപത്ത് നിന്നും 20 മീറ്റർ അകലെ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. പൂളക്കുറ്റി വെള്ളറ കോളനിയിൽ ഉരുൾപൊട്ടലിൽ കാണാതായ രാജേഷ് അരുവിക്കലിന്റെ (40) മൃതദേഹം കണ്ടെത്തി.
ഉരുൾപൊട്ടലിൽ കണിച്ചാർ, പേരാവൂർ പഞ്ചായത്തുകളിൽ വ്യാപക കൃഷിനാശം ഉണ്ടായി. പൂളക്കുറ്റിമേലെ വെള്ളറയിൽ ഉരുൾപൊട്ടി കാഞ്ഞിരപ്പുഴ തീരത്ത് വ്യാപക നാശം. വെള്ളറയിൽ ഒരു വീട് പൂർണമായും തകർന്നു.
വീടിനുള്ളിലുണ്ടായിരുന്ന മണ്ണാലി ചന്ദ്രൻ (55), മകൻ റിവിൻ (22) എന്നിവരെ കാണാതായതായി പ്രദേശവാസികൾ പറഞ്ഞു. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.
പേരാവൂർ തെറ്റുവഴിയിലെ അഗതിമന്ദിരമായ കൃപാ ഭവനിന്റെ ഒരു കെട്ടിടം പൂർണമായും വെള്ളത്തിനടിയിലായി. ഇവിടെ നിർത്തിയിട്ടിരുന്ന ആംബുലൻസടക്കമുള്ള അഞ്ചോളം വാഹനങ്ങൾ ഒഴുകിപ്പോയതായി ഡയറക്ടർ സന്തോഷ് പറഞ്ഞു.
പത്തു പശുക്കൾ ഒലിച്ചുപോവുകയും ചാവുകയും ചെയ്തു. താറാവ്, കോഴികൾ, ആടുകൾ, പന്നികൾ തുടങ്ങിയ എല്ലാ ജീവജാലങ്ങളും ഒലിച്ചുപോയി. അടുക്കളയിലെ പാത്രങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങൾ പൂർണമായും ഒലിച്ചു പോയി.
കണിച്ചാർ പഞ്ചായത്തിലെ പൂളക്കുറ്റി, തുടിയാട്, നെടുംപൊയിൽ 29-ാം മൈൽ, കേളകം പഞ്ചായത്തിലെ വെള്ളൂന്നി കണ്ടംതോട്, കണ്ണവം വനം തുടങ്ങിയ സ്ഥലങ്ങളിലാണ് ഉരുൾപൊട്ടിയത്.
ഇന്നലെ രാത്രി എട്ടോടെയായിരുന്നു സംഭവം.നെടുംപുറംചാൽ ടൗണിൽ വെള്ളം കയറി വ്യാപക നാശനഷ്ടമുണ്ടായി. ഇവിടുത്തെ തോട് കരകവിഞ്ഞൊഴുകി ഇരുകരകളിലുമുള്ളവർ ഒറ്റപ്പെട്ടു.
നെടുംപൊയിൽ 29-ാം മൈലിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് തൊണ്ടിയിൽ ടൗണിൽ വെള്ളം കയറി. കേളകം പഞ്ചായത്തിലെ വെള്ളൂന്നി കണ്ടംതോട് ഉരുൾപൊട്ടിയതിനെത്തുടർന്ന് കോളനി പ്രദേശത്തെ ആറു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
പ്രദേശത്ത് മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ രാത്രി പത്തോടെ പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ കൂടുതൽ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.