കോഴിക്കോട്: താമരശേരിക്കടുത്ത കട്ടിപ്പാറ മലവാരത്തുണ്ടായ ഉരുൾപൊട്ടലിൽ മരണം എട്ടായി. അപകടത്തിൽ കാണാതായ ഒരു കുട്ടിയുടെ മൃതദേഹം ഇന്നലെ രാവിലെ ലഭിച്ചതോടെയാണ് മരണം എട്ടായി സ്ഥിരീകരിച്ചത്. കരിഞ്ചോലമലയിൽ ഹസന്റെ പേരക്കുട്ടി റിഫ ഫാത്തമി മറിയം(ഒന്ന്) ത്തിന്റെ മൃതദേഹമാണ് ഇന്നലെ കണ്ടെടുത്തത്. ഇനിയും കണ്ടെത്താനുള്ള ആറു പേർക്കായുള്ള തെരച്ചിൽ ഇന്ന് രാവിലെ വീണ്ടും ആരംഭിച്ചു. ദേശീയ ദുരന്തനിവാരണ സേനയും ഫയർ ഫോഴ്സും പോലീസും നാട്ടുകാരും ചേർന്നാണ് തെരച്ചിൽ നടത്തുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയാണ് കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോല മലയിൽ മൂന്നിടങ്ങളിൽ ഉരുള്‍പൊട്ടലുണ്ടായത്. തുടർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിൽ കരിഞ്ചോല അബ്ദുറഹിമാന് (60), മകൻ കരിഞ്ചോല ജാഫർ(35), ജാഫറിന്റെ പുത്രൻ മുഹമ്മദ് ജാസിം (അഞ്ച്), കരിഞ്ചോല അബ്ദുല്‍ സലീമിന്റെ മക്കളായ ദില്‍ന ഷെറിന് (ഒമ്പത്), മുഹമ്മദ് ഷഹബാസ് (മൂന്ന്) എന്നിവരുടെ മൃതദേഹങ്ങൾ ഉച്ചയോടെ കണ്ടെടുത്തു.
മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ കരിഞ്ചോല ഹസന് (65), മകള്‍ ജന്നത്ത് (17) എന്നിവരുടെ മൃതദേഹം വ്യാഴാഴ്ച വൈകുന്നേരത്തോടെ കണ്ടെടുത്തിരുന്നു. കാലാവസ്ഥ പ്രതികൂലമായതിനാലും വെളിച്ചക്കുറവ് കാരണവും രാത്രി തെരച്ചിൽ നിർത്തിവയ്ക്കുകയായിരുന്നു. പിന്നീട് ഇന്നലെ രാവിലെയാണ് വീണ്ടും തെരച്ചിൽ ആരംഭിച്ചത്. എന്നാൽ ഇന്നലെ വൈകുന്നേരം വെര രക്ഷാപ്രവർത്തനം തുടർന്നെങ്കിലും ഒരു മൃതദേഹം മാത്രമാണ് കണ്ടെത്താൻ സാധിച്ചത്.
കാണാതായ മറ്റുള്ളവർക്കുവേണ്ടിയുള്ള തെരച്ചിൽ ഇന്ന് രാവിലെ വീണ്ടും ആരംഭിച്ചിട്ടുണ്ട്. കരിഞ്ചോല മലയുടെ താഴെ താമസിക്കുന്ന അഞ്ച് വീടുകളില്‍ നാല് വീട്ടുകാരാണ് അപകടത്തില്‍പ്പെട്ടത്. കരിഞ്ചോല ഹസന്, അബ്ദുറഹിമാന്, അബ്ദുൾ സലിം, ഈര്‍ച്ച അബ്ദുറഹിമാന്, കൊടശ്ശേരിപൊയില്‍ പ്രസാദ് എന്നിവരുടെ വീടുകളാണ് അപകടത്തില്‍ തകര്‍ന്നത്. മലയിലുണ്ടായ മുഴക്കം കേട്ട് അപകടത്തിന് അല്‍പ്പസമയം മുമ്പ് വീട് മാറിയതിനാൽ ഈര്‍ച്ച അബ്ദുറഹിമാനും കുടുംബവും രക്ഷപ്പെട്ടു.
വ്യാഴാഴ്ച പുലര്‍ച്ചെ 3.30ന് കരിഞ്ചോല മലയിലെ വടക്ക് ഭാഗത്താണ് വലിയ ശബ്ദത്തോടെ ആദ്യം ഉരുള്‍പൊട്ടിയത്. ഇതേതുടര്‍ന്ന് പ്രസാദും കുടുംബവും വീടിനുള്ളില്‍ കുടുങ്ങി. അഞ്ചു വയസുകാരനായ ഇളയ മകനെയുമെടുത്ത് പ്രസാദും ഭാര്യയും പുറത്തിറങ്ങി. നാട്ടുകാരെത്തിയ ശേഷം ഒന്നര മണിക്കൂർ കഴിഞ്ഞാണ് മൂത്ത മകനെ തകര്‍ന്ന വീടിനുള്ളില്‍ നിന്ന് പുറത്തെടുത്തത്.
താമരശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം സഹോദരിയുടെ വീട്ടിലേക്ക് മാറി. ഇതറിഞ്ഞയുടനെ ഈര്‍ച്ച അബ്ദുറഹിമാനും കുടുംബവും ബന്ധുവീട്ടിലേക്ക് മാറി. പിന്നീട് പുലര്‍ച്ചെ അഞ്ചരോടെയാണ് മലയുടെ മറ്റൊരു ഭാഗത്ത് ഉരുള്‍പൊട്ടലുണ്ടായത്. ഇതോടെ നാല് വീടുകളും പൂര്‍ണമായും മണ്ണിനടിയിലായി. അബ്ദുറഹിമാന്റെ വീട്ടില്‍ അബ്ദുറഹിമാനും മകന് ജാഫറും, ജാഫറിന്റെ മകന് മുഹമ്മദ് ജാസിമും മരിച്ചു.
അബ്ദുറഹ്മാന്റെ ഭാര്യ നഫീസയെ കാണാതായി. ജാഫറിന്റെ ഭാര്യ ഹന്നത്തും ഒരു മകളും പരിക്കുകളോടെ രക്ഷപ്പെട്ടു. അബ്ദുല്‍ സലീമിന്റെ വീട്ടില്‍ മക്കളായ ദില്‍ന ഷെറിന് (ഒമ്പത്), മുഹമ്മദ് ഷഹബാസ് (മൂന്ന്) എന്നിവരാണ് മരിച്ചത്. സലീമും ഭാര്യയും ഒരു മകനും ഉമ്മയും രക്ഷപ്പെട്ടു. തെങ്ങും,റബറും നിറഞ്ഞ കരിഞ്ചോലമലയിലെ അൻപത് ഏക്കറോളം ഭൂമി ഒലിച്ചുപോയി. ഇതിനിടയിലാണ് നാലു വീടുകൾ ഉണ്ടായിരുന്നത്.