കോഴിക്കോട്: ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം കേരളത്തിൽ 4.71 ശതമാനം പ്രദേശം (ഏകദേശം 1848 ചതുരശ്ര കിലോമീറ്റർ) ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളാണ്. ഉരുൾപൊട്ടൽ കൂടുതലായി റിപ്പോർട്ടു ചെയ്യപ്പെടുന്നത് വയനാട്, കോഴിക്കോട്, ഇടുക്കി, കണ്ണൂർ, തിരുവനന്തപുരം, പാലക്കാട്, കാസർഗോഡ്, മലപ്പുറം, കോട്ടയം ജില്ലകളിലാണ്.
മിതമായ നിരക്കിൽ തൃശൂർ, കൊല്ലം, പത്തനംതിട്ട, ജില്ലകളിലും ഉരുൾപൊട്ടൽ സാധ്യതയുണ്ട്. ലാൻഡ് സ്ളൈഡ് അറ്റ്ലസ് പ്രകാരംകേരളത്തിൽ ഏറ്റവും കൂടുതൽ ഉരുൾപൊട്ടൽ ഭീഷണിയുള്ളത് വയനാട്, കോഴിക്കോട്, കണ്ണൂർ, ഇടുക്കി ജില്ലകളിലാണ്.
2007 ലെ സ്റ്റേറ്റ് ഓഫ് എൻവയോണ്മെന്റ് റിപ്പോർട്ട് പ്രകാരം വൈത്തിരി, നിലന്പൂർ, മണ്ണാർക്കാട്, റാന്നി താലൂക്കുകളിലാണ് ഏറ്റവും കൂടുതൽ ഉരുൾപൊട്ടൽ ഭീഷണിയുള്ളത്.
തിങ്കളാഴ്ച രാത്രി ഉരുൾപൊട്ടലുണ്ടായ ചൂരൽമലയും 2019ൽ ഉരുൾപൊട്ടലുണ്ടായ പുത്തുമലയും വൈത്തിരി താലൂക്ക് പരിധിയിലാണ് വരുന്നത്. 2020ൽ ഉരുൾപൊട്ടലുണ്ടായ കവളപ്പാറ നിലന്പൂർ താലൂക്കിലും ഉൾപ്പെടുന്നു.
പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ, അതീവ പാരിസ്ഥിതിക പ്രധാന്യമുള്ള മേഖലകളാണ് ചൂരൽമല, അട്ടമല, മുണ്ടക്കൈ പ്രദേശങ്ങൾ. വയനാടിന്റെ അതിർത്തിയാണ് മുണ്ടക്കൈ, അട്ടമല മലനിരകൾ. മലപ്പുറം നിലന്പൂർ വനവുമായാണ് മുണ്ടക്കൈ വനമേഖല അതിർത്തി പങ്കിടുന്നത്.