കൂട്ടിക്കൽ: മലവെള്ളപ്പാച്ചിൽ ദുരിതം വിതച്ച മണ്ണിൽ ഗദ്ഗദങ്ങളും വിങ്ങലുകളും ഉയരുന്നു.മുണ്ടക്കയം, കാവാലി, കൂട്ടിക്കൽ, പ്ലാപ്പള്ളി പ്രദേശത്തെ ഒന്നാകെ മണ്ണിലാഴ്ത്തി മഹാമാരി താണ്ഡവമാടിയപ്പോൾ പൊലിഞ്ഞത് കുട്ടികളടക്കം 13 ജീവനുകൾ.
ഉറ്റവരെ നഷ്ടപ്പെട്ടും വീടും വസ്തുവകകളുമില്ലാതായി നിസഹായരായവരുടെയും ജീവിതങ്ങൾ ബാക്കിയാകുന്നു. കൂട്ടിക്കലിൽ ദുരിതാശ്വാസ – തെരച്ചിൽ പ്രവർത്തനങ്ങൾ രാവിലെ തന്നെ പുനരാരംഭിച്ചു. കരസേന, ഫയർഫോഴ്സ്, ഇടിഎഫ്, പൊലീസ് എന്നിവർ നേതൃത്വം നൽകുന്നു.
കൂട്ടിക്കൽ ചപ്പാത്ത് ഭാഗത്തു വീടുകൾക്ക് വ്യാപക തോതിൽ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഇന്നു പകൽ മാനം തെളിഞ്ഞു നിന്നത് രക്ഷാ പ്രവർത്തനത്തെ സഹായിച്ചു. മന്ത്രിമാരും ജനപ്രതിനിധികളും നാടൊന്നാകെ ദുരന്ത മുഖത്ത് ഒരു മനസോടെ ആശ്വസമായി കഴിഞ്ഞ ദിവസങ്ങളിൽ ഒപ്പം നിന്നു. സർക്കാരിന്റെ എല്ലാ വകുപ്പുകളും യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിച്ചു.
നാശനഷ്ടം അടിയന്തരമായി കണക്കാക്കാൻ നടപടി സ്വീകരിച്ചു. റിപ്പോർട് മന്ത്രിസഭ പരിഗണിക്കും. ആംബുലൻസ്, പോലീസ്, ഫയർഫോഴ്സ് വാഹനങ്ങൾ ചീറിപ്പാഞ്ഞു പോകുന്നത് ദുരിതം വിതച്ച സ്ഥലങ്ങളിലെ ഇന്നലത്തെ കാഴ്ചയായിരുന്നു. കിടപ്പാടം നഷ്്ടപ്പെട്ട നിരവധി കുടുംബങ്ങൾ ദുരിതാശ്വാസ ക്യാന്പുകളിലാണ് കഴിയുന്നത്.
മുണ്ടക്കയം ബൈപ്പാസിലും കൂട്ടിക്കലിലും റോഡിനു ഇരുവശങ്ങളിലുള്ള നിരവധി വീടുകളിൽ സ്ഥാപനങ്ങളിലും വെള്ളം കയറിയടിഞ്ഞ ചെളിയും മണലും നീക്കുന്നതിന്റെ തിരക്കിലായിരുന്നു നാട്ടുകാരും സന്നദ്ധ പ്രവർത്തകരും. വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലുമുണ്ടായ നാശനഷ്ടങ്ങളുടെ കണക്കുകൾ തിട്ടപ്പെടുത്തി വരുന്നതേയുള്ളു.