കുളത്തുപ്പുഴ :കുളത്തുപ്പുഴ കല്ലുവെട്ടാംകുഴിക്ക് സമീപം അടിപ്പച്ച ഭാഗത്ത് ശക്തമായ മലവെള്ള പാച്ചില്‍ ഉണ്ടായതോടെ മൂന്നുകുടുംബാംഗങ്ങളെ മാറ്റിപാര്‍പ്പിച്ചു. അടിപ്പച്ചക്ക് സമീപം വനത്തില്‍ ഉണ്ടായ ഉരുള്‍ പോട്ടലിനെ തുടര്‍ന്ന് ഈ ഭാഗത്തെ തോട്ടിലെ ജലം വളരെവേഗം ഉയര്‍ന്നതാണ് കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കാന്‍ കാരണമായത്.
എട്ടരയോടെയാണ് തോട്ടില്‍ ശക്തമായ മലവെള്ള പാച്ചില്‍ ഉണ്ടായത്. അതിവേഗത്തില്‍ തന്നെ കുത്തിയോലിച്ചെത്തിയ വെള്ളം സമീപത്തെ ബാബു എന്നയാളുടെ വീട്ടിലേക്കു കയറുകയായിരുന്നു.ഉടന്‍ തന്നെ ഗ്രാമപഞ്ചായത്ത് അധികാരികളും പോലീസും എത്തി ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. സമീപത്തെ മുക്കാല്‍സെന്റ് കോളനിയിലെ നാലോളം വീടുകളില്‍ വെള്ളംകയറിയിട്ടുണ്ട്.
ഇവരെയും സമീപത്ത് തന്നെയുള്ള ബന്ധുക്കളുടെ വീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. പ്രദേശത്ത് ജാഗ്രത തുടരുകയാണെന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.തിരുവനന്തപുരം ചെങ്കോട്ട അന്തര്‍സംസ്ഥാന പാതയില്‍ റബ്ബര്‍ മരം വീണതിനാല്‍ ഒന്നരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. രാത്രി യായിരുന്നു സംഭവം. കൂറ്റന്‍ റബ്ബര്‍ മരം പാതയ്ക്ക് കുറുകെ കടപുഴകി വീഴുകയായിരുന്നു. സമീപത്തെ 11 കെവി ലൈനില്‍ മരച്ചില്ല കുടുങ്ങിയതിനാല്‍ നാട്ടുകാര്‍ക്ക് മരം മുറിച്ചു നിക്കാന്‍ കഴിഞ്ഞില്ല.
തുടര്‍ന്ന് കുളത്തുപ്പുഴയില്‍ നിന്നും കെഎസ്ഇബി അധികൃതരും കടക്കല്‍ നിന്നും ഫയര്‍ഫോഴ്സ് സംഘവുമെത്തിയാണ് മരം മുറിച്ചുനീക്കി ഗതാഗതം പുനസ്ഥാപിച്ചത്.കുളത്തുപ്പുഴയിലെ കെഎസ്ആര്‍ടിസി ബസ് ഡിപ്പോ വെള്ളത്തിനടിയിലായി.ഇതോടെ ഇവിടെനിന്നുള്ള എല്ലാ സര്‍വീസുകളും നിര്‍ത്തിവച്ചു. പുലർച്ചെ സമീപത്തെ തോട് കവിഞ്ഞു വെള്ളം ഡിപ്പോയിലേക്ക് കയറിയത്.
ഈ സമയം തന്നെ നാട്ടുകാരുടെ സഹായത്തോടെ ഇവിടെ ഉണ്ടായിരുന്ന ജീവനക്കാര്‍ ഡിപ്പോക്ക് ഉള്ളില്‍ ഉണ്ടായിരുന്ന ബസുകള്‍ എല്ലാം പുറത്തേക്ക് മാറ്റി. സ്റ്റേഷന് മാസ്റ്ററുടെ ഓഫീസ് പടിക്കല്‍ വളരെ വെള്ളം എത്തി. എന്നാല്‍ നാശനഷ്ടങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. ഉന്നത കെഎസ്ആര്‍ടിസി അധികൃതരുടെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്