നിലന്പൂർ: അപ്രതീക്ഷിതമായ ഉരുൾപൊട്ടലിന്റെ നടുക്കം മാറാതെ ചാലിയാർ പഞ്ചായത്തിലെ മൂലേപ്പാടം നിവാസികൾ. ബുധനാഴ്ച്ച രാത്രി പത്തു മണിയോടെയാണ് പന്തീരായിരം ഉൾവനത്തിൽ നിന്നു വൻ ശബ്ദത്തോടെ ഉരുൾപൊട്ടിയത്. ശബ്ദം കേട്ടു വീട്ടിലുള്ളവർ പുറത്തേക്കു എത്തുന്പോഴേക്കും പലരുടെയും വീടിനു ഇരുവശവും തോടായി മാറിയിരുന്നു.
തറമുറ്റം തോട് നിറഞ്ഞു കൃഷിയിടങ്ങളിലേക്കു എത്തിയതോടെ ആറോളം വീടുകൾ തുരുത്തിൽ പെട്ടു. മറ്റത്തിൽ കുഞ്ഞുമോന്റെ ഒരേക്കർ സ്ഥലത്തിൽ അറുപത് സെന്റിലേറെ തോടായി മാറി. വീടിനു ഇരുവശവുമായുണ്ടായിരുന്ന റബർ, കമുക് എന്നിവ പാടേ നശിച്ചു. വീടിനും സാരമായ കേടുപറ്റി.
പാറപ്പുറത്ത് കുഞ്ഞുകുട്ടിയുടെ നാൽപ്പതോളം സെന്റ് സ്ഥലമാണ് ഉരുൾപൊട്ടലിൽ നഷ്ടമായത്. വൻ പാറകളും റബർ മരങ്ങൾ ഉൾപ്പെടെയുള്ള മരങ്ങളും മലവെള്ളപ്പാച്ചിലിൽ ഒഴുകിയെത്തിയാണ് കൃഷികൾക്കു നാശം സംഭവിച്ചത്. രാത്രി ഈ കുടുംബങ്ങൾ ഒറ്റപ്പെട്ടതോടെ രക്ഷാപ്രവർത്തനം നടത്താനാകാതെ ബന്ധുക്കളും നാട്ടുകാരും നേരം പുലരും വരെ കാത്തുനിന്നു. കാഞ്ഞിരപ്പാറ കുഞ്ഞൂഞ്ഞിന്റെ വീടിനോടു ചേർന്നു മലവെള്ളം പാഞ്ഞെത്തിയതോടെ സമീപത്തെ കരിയക്കുന്നേൽ ജോയിച്ചന്റെ വീട്ടിലും വെള്ളം കയറി.
പലരും വീടിനു പുറത്തു ഉയർന്ന സ്ഥലങ്ങളിൽ രാത്രി കഴിച്ചുകൂട്ടുകയായിരുന്നു. തറമുറ്റം തോടിനു ഇപ്പുറത്തുള്ളവർക്കു താൽക്കാലിക സംവിധാനം മൂലേപ്പാടം സെന്റ്് ജോസഫ് ദേവാലയത്തിലൊരുക്കി വികാരി ഫാ. പ്രതീഷ് കിഴക്കുംപുതുപ്പള്ള രക്ഷാപ്രവർത്തനത്തിൽ സജീവമായി. ആറോളം കുടുംബങ്ങളുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് മലവെള്ളപ്പാച്ചിലിൽ തകരന്നടിഞ്ഞത്.
ജനപ്രതിനിധികളോ റവന്യൂ ഉദ്യോഗസ്ഥരോ സ്ഥലത്തേക്കു തിരിഞ്ഞു നോക്കാത്തതും പ്രദേശവാസികളിൽ അമർഷത്തിനിടയാക്കി. ബാങ്കുകളിൽ നിന്നു വായ്പ എടുത്തും മറ്റും കൃഷി നടത്തിവരുന്ന ചെറുകിട കർഷക കുടുംബങ്ങളാണ് ദുരിതപ്പെരുമഴയിൽ പ്രതീക്ഷയറ്റു കഴിയുന്നത്. ഏകദേശം അരക്കോടിയിലേറെ രൂപയുടെ നഷ്ടമാണ് പ്രദേശത്തുണ്ടായത്.