മുക്കം: സമാനതകളില്ലാത്ത ദുരന്തമാണ് മലയോര മേഖലകളിൽ അലയടിച്ചത്. തുടർച്ചയായി ഉണ്ടായ ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും മലയോര മേഖലകളെയാകെ തകർത്തു കളഞ്ഞു. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് ഇവിടങ്ങളിൽ ഉണ്ടായിരിക്കുന്നത്. പല സ്ഥലങ്ങളും പുനർനിർമിക്കാനാവാത്ത വിധം തകർന്നു പോയി.
അപായങ്ങളിൽ നിന്നും തലനാരിഴക്കാണ് പല കുടുംബങ്ങളും രക്ഷപ്പെട്ടത്. ആയിരക്കണക്കിന് വീടുകളിൽ വെള്ളം കയറി. നൂറുകണക്കിന് വീടുകൾ തകരുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. കടകളും കെട്ടിടങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും മദ്റസകളും സർക്കാർ ഓഫിസുകളുമടക്കം പലതും ഇരച്ചെത്തിയ വെള്ളത്തിൽ മുങ്ങിപോയി.
ആയിരങ്ങളാണ് വിവിധ ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നത്. ഹെക്ടർ കണക്കിന് കൃഷിസ്ഥലങ്ങളും പറമ്പുകളും നശിച്ചു. മേഖലയിലെ ഭൂരിഭാഗം റോഡുകളും ഉപയോഗിക്കാനാവാത്ത വിധം തകർന്നടിഞ്ഞു. നിരവധി പാലങ്ങൾ ഒലിച്ചുപോയി. വളർത്തു മൃഗങ്ങളും ഫാമുകളും നശിച്ചു.
രണ്ടു മാസത്തിനിടെ മൂന്ന് തവണയാണ് വെള്ളപ്പൊക്കം ഉണ്ടായത്. ഓരോ തവണ വെള്ളം കയറുമ്പോഴും ഇരകൾ അനുഭവിക്കുന്ന ദുരിതം വാക്കുകൾക്കതീതമാണ്. കുത്തിയൊലിച്ചു വരുന്ന മഴവെള്ളത്തിന് മുൻപിൽ നിസഹായതയോടെ നോക്കി നിൽക്കുവാൻ മാത്രമാണ് പലർക്കും കഴിഞ്ഞത്. പലരും കൈപ്പിടിയിലൊതുങ്ങുന്ന വസ്തുക്കളുമെടുത്താണ് ദുരിതാശ്വാസ ക്യാംപുകളിലും ബന്ധു വീടുകളിലും അഭയം തേടിയത്.
ജീവിത സമ്പാദ്യങ്ങളും ഉപാധികളും ഉപജീവന മാർഗങ്ങളുമെല്ലാം കുത്തിയൊലിച്ചു വന്ന പ്രളയത്തിൽ നഷ്ടപ്പെട്ടവർ നിരവധിയാണ്. അതിൽ ഏറ്റവും വലിയ നഷ്ടം വീടുകൾക്ക് തന്നെയാണ്. ദിവസങ്ങളോളം വെള്ളം കയറിയതിനെ തുടർന്ന് പല വീടുകൾക്കും കെട്ടിടങ്ങൾക്കും ബലക്ഷയം സംഭവിച്ചിട്ടുണ്ട്. ഒട്ടുമിക്ക പഴയ വീടുകളും തകർന്നു.
അങ്ങാടികളിൽ വെള്ളം കയറിയതിനെ തുടർന്ന് നിരവധി കടകളിലെ വിൽപനച്ചരക്കുകൾ നശിക്കുകയും ഒലിച്ചു പോവുകയും ചെയ്തു. ആയിരക്കണക്കിന് കിണറുകളിൽ പുഴ വെള്ളം കയറി മലിനമായി. അനവധി വാഹനങ്ങൾ നശിച്ചു. വീടുകളിലെ ശുചിമുറികളിൽ വെള്ളം കയറിയതിനെ തുടർന്ന് കക്കൂസ് മാലിന്യങ്ങൾ പുറത്തേക്ക് ഒഴുകുന്ന സാഹചര്യമുണ്ടായി.
ഇതിനെത്തുടർന്ന് വെള്ളപ്പൊക്ക ബാധിത മേഖലയിൽ കനത്ത പകർച്ചവ്യാധി ഭീഷണിയാണ് നിലനിൽക്കുന്നത്. അവശ്യ രേഖകളും സർട്ടിഫിക്കറ്റുകളും നഷ്ടപ്പെട്ടവരും നിരവധിയാണ്. വെള്ളം കയറിയ വീടുകളിലെ വസ്ത്രങ്ങൾ, പലവ്യഞ്ജനങ്ങൾ അടക്കമുള്ള മിക്ക സാധനങ്ങളും വെള്ളത്തിൽ ഒലിച്ചുപോയി.
ഉരുൾപൊട്ടിയ പ്രദേശങ്ങളിലെ കാഴ്ചകളാണ് ഏറെ ദയനീയം. മനുഷ്യവാസം സാധ്യമല്ലാത്തവിധം തകർന്നടിഞ്ഞ് കിടക്കുകയാണ് പല സ്ഥലങ്ങളും. റോഡ്, പാലങ്ങൾ അടക്കമുള്ള ഗതാഗത സംവിധാനങ്ങൾ ഒലിച്ചു പോയതിനാൽ പല സ്ഥലങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. പലയിടത്തും വ്യാപകമായ രീതിയിൽ മണ്ണിടിച്ചിലുണ്ടായി. ഒരൊറ്റ രാത്രികൊണ്ട് സർവതും നഷ്ടപ്പെട്ട വേദനയാണ് ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്ന മിക്കവർക്കും പങ്കുവെക്കാനുള്ളത്.