ഇടുക്കി:പെട്ടിമുടി ഉരുൾപൊട്ടൽ ദുരന്തത്തിന്റെ രണ്ടാം വാർഷിക ദിനത്തിൽ വീണ്ടും മൂന്നാറിനെ ഭീതിയിലാഴ്ത്തി ഉരുൾപൊട്ടൽ. മൂന്നാർ മാട്ടുപ്പെട്ടി കുണ്ടളയിലാണ് ഉരുൾപൊട്ടിയത്.
ഒരു ക്ഷേത്രവും രണ്ട് കടകളും രണ്ട് ഓട്ടോറിക്ഷകളും മണ്ണിനടിയിലായി. ഇന്നു പലർച്ചെ ഒന്നോടെയാണ് ഉരുൾപൊട്ടിയത്. 175 കുടുംബങ്ങളെ ഉടൻ തന്നെ സ്ഥലത്തു നിന്നു മാറ്റിപാർപ്പിച്ചു.
ആളപായമുണ്ടാകാതിരുന്നത് ആശ്വാസമായി. സമീപത്ത് തൊഴിലാളി ലയങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇവിടേയ്ക്ക് ഉരുൾ എത്താതിരുന്നതാണ് വലിയ ദുരന്തം ഒഴിവാക്കിയത്.
മൂന്നാർ കുണ്ടള പുതുക്കുടി ഡിവിഷനിലാണ് ഉരുൾപൊട്ടലുണ്ടായത്. മലവെള്ളപ്പാച്ചിലിൽ മൂന്നാർ- വട്ടവട റോഡ് തകർന്നു. ഗതാഗതം തടസപ്പെതിനാൽ വട്ടവട ഒറ്റപ്പെട്ട നിലയിലാണ്.
കഴിഞ്ഞ ദിവസം പെയ്ത മഴയിൽ വട്ടവടയിൽ ഒരേക്കറോളം കൃഷി ഭൂമി നശിക്കുകയും ഇടിഞ്ഞുതാഴുകയും ചെയ്തിരുന്നു.
ഉരുൾ പൊട്ടലുണ്ടായ ഉടൻ തന്നെ പുതുക്കുടി ഡിവിഷനിൽ ദുരിതാശ്വാസ ക്യാന്പ് തുറന്ന് ആളുകളെ മാറ്റിപാർപ്പിക്കുകയായിരുന്നു.ആർക്കും ആളപായമില്ലെന്ന് വട്ടവട പഞ്ചായത്ത് പ്രസിഡന്റ് കവിത വി. കുമാർ പറഞ്ഞു.
പ്രദേശത്ത് വൈദ്യുതി ബന്ധവും നിലച്ചിരിക്കുകയാണ്. പോലീസ്, റവന്യു, ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.