കോതമംഗലം: കനത്ത മഴയില്‍ നേര്യമംഗലത്തിന് സമീപം ചെമ്പന്‍കുഴിയിൽ ഉരുള്‍പൊട്ടിയതിനെ തുടർന്നു അഞ്ച് കുടുംബങ്ങളെ നീണ്ടപാറ സെന്റ് മേരീസ് സ്കൂളിലെ ക്യാമ്പിലേക്ക് മാറ്റി. ചെമ്പൻകുഴി പമ്പ്ഹൗസ് റോഡിന് സമീപം ചെമ്പൻകുഴി മലയിലാണ് ഉരുള്‍പൊട്ടിയത്.
ഇന്നലെ രാത്രി ഏഴോടെയായിരുന്നു സംഭവം. രണ്ട് വീടുകള്‍ക്ക് തകർന്നെങ്കിലും ആളപായമില്ല. കൊച്ചു തൊട്ടിയിൽ സണ്ണി, കിഴക്കേടത്ത് വേലപ്പൻനായർ എന്നിവരുടെ വീടുകൾക്കാണ് നാശനഷ്ടം സംഭവിച്ചത്. ഈ രണ്ട് കുടുംബങ്ങളെക്കൂടാതെ കൊച്ചുകുന്നേൽ പൗലോസ്, പണ്ടാരത്തിൽ ഷിബു, ഇല്ലത്തുകുടി ജോളി എന്നീ മൂന്ന് കുടുബങ്ങൾകൂടിയാണ് ഈ പ്രദേശത്ത് താമസിക്കുന്നത്.
ഉരുൾപൊട്ടലിൽ റോഡ് തകർന്നിട്ടുണ്ട്. മലവെള്ളപ്പാച്ചിലിൽ സമീപത്തെ തോട്ടിൽ കല്ലും മണ്ണും നിറഞ്ഞ് തോട് ഗതിമാറി ഒഴുകുന്നതിനാൽ അഞ്ച് കുടുംബങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. രാവിലെയും വെളളത്തിന്റെ ഒഴുക്ക് നിലച്ചിട്ടില്ല.
കൊച്ചുതൊട്ടിയില്‍ സണ്ണിയുടെ വീടിന്റെ പിൻഭാഗവും മേൽക്കൂരയും തൊഴുത്തും കല്ലും മണ്ണും വീണ് തകർന്നു.സണ്ണിയുടെ തൊഴുത്തിൽ കെട്ടിയിട്ടിരുന്ന പശു മലവെള്ളം കയറി ചത്തു. കിടാവും മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയും മലവെള്ളത്തില്‍ ഒലിച്ച് പോയി. ഓട്ടോറിക്ഷ 150 മീറ്റര്‍ താഴെ തോടിന് കുറുകെയുള്ള ചപ്പാത്തില്‍ തങ്ങിയ നിലയിൽ കണ്ടെത്തി. വ്യാപകമായി കൃഷിനാശവും ഉണ്ടായിട്ടുണ്ട്.
ഊന്നുകല്‍ പോലീസും കോതമംഗലത്ത് നിന്ന് ഫയർഫോഴ്സും ഇന്നലെ രാത്രി തന്നെ സ്ഥലത്തെത്തിയെങ്കിലും ശക്തമായ മലവെള്ളപ്പാച്ചിലും വൈദ്യുത ലൈന്‍ പൊട്ടിവീണതും മൂലം പരിസരത്തേക്ക് അടുക്കാന്‍ സാധിച്ചിരുന്നില്ല. പിന്നീട് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടുവെന്ന് ഉറപ്പ് വരുത്തിയാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്.
അഞ്ച് കുടുംബങ്ങളെയും രാത്രിതന്നെ നീണ്ടപാറ സെന്റ് മേരിസ് സ്കൂളിൽ താൽക്കാലികമായി ആരംഭിച്ച ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചിന് ആരംഭിച്ച കനത്ത മഴ രാത്രി ഒമ്പതോടെയാണ് തോർന്നത്. വീണ്ടും ഉരുള്‍പൊട്ടുമോയെന്ന ആശങ്കയിലാണ് ആളുകളെ മാറ്റിപാർപ്പിച്ചത്. ഇന്ന് റവന്യു ഉദ്യോഗസ്ഥരും ജിയോളജി വിഭാഗവും സ്ഥലത്തെത്തി പരിശോധനകൾ നടത്തും. നാശനഷ്ടം എത്രയെന്ന് തിട്ടപ്പെടുത്തിയിട്ടില്ല.