കോരുത്തോട്: കിഴക്കൻ മലയിൽ തുടർച്ചയായ ഉരുൾപൊട്ടൽ. ഭീതിയിൽ പ്രദേശവാസികൾ. ഇന്നലെ കോരുത്തോട്, പെരുവന്താനം പഞ്ചായത്തുകളുടെ അതിർത്തി പ്രദേശങ്ങളിലാണ് വീണ്ടും ഉരുൾപൊട്ടലുണ്ടായത്.
വീടുകൾക്കും പ്രദേശങ്ങൾക്കും നാശനഷ്ടമുണ്ടെങ്കിലും ആളപായമില്ല. പാറാംതോട്, മുക്കുഴി, തടിത്തോട് എന്നീ പ്രദേശങ്ങളിലാണ് ഇന്നലെ വൈകുന്നേരത്തോടെ ഉരുൾ പൊട്ടലുണ്ടായത്.
ഒരു പ്രദേശം പൂർണമായും തകർന്നു. പെരുവന്താനം പഞ്ചായത്തിലെ എട്ടാം വാർഡിലാണ് നാശനഷ്ടം ഉണ്ടായത്. വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം.
നാല് ഉരുളുകൾ പൊട്ടിയതായാണു നാട്ടുകാർ നൽകുന്ന വിവരം. കനത്തമഴയും വനമേഖല ആയതുമൂലവും കൃത്യമായ വിവരം ഇന്നു പുറത്തുവരും.
തടിത്തോട്, മുക്കുഴി, പാറാംതോട് എന്നിവിടങ്ങളിലാണു നാശനഷ്ടം. തടിത്തോട് കുഴിന്പുള്ളി ശശിയുടെ വീടിനു സമീപമുള്ള തോട്ടിൽ വെള്ളം ഇരച്ചെത്തിയതോടെ വീടിനു കേടുപാടുകൾ സംഭവിച്ചു. വീടിന്റെ മുറ്റത്തു കിടന്ന കാർ ഒഴുക്കിൽപ്പെട്ട് നാശനഷ്ടം സംഭവിച്ചു.
കുറ്റിക്കയം തടത്തിൽ സുരേഷ്, മുക്കുഴി കൊച്ചുപുരയ്ക്കൽ സജിമോൻ എന്നിവരുടെ വീടുകൾ അപകടാവസ്ഥയിലായി.
മറ്റ് നിരവധി വീടുകൾക്കും കേടുപാടുകൾ സംഭവിച്ചതായും കൃഷിയിടങ്ങൾ ഒലിച്ചു പോയതായും വില്ലേജ് ഓഫീസർ അറിയിച്ചു.
തടിത്തോട് മുക്കുഴി റോഡ്, മൂഴിക്കൽ മുക്കുഴി റോഡ്, മൂഴിക്കൽ പാറാംതോട് റോഡ് എന്നിവ പൂർണമായും തകർന്നു.
പെരുവന്താനം പഞ്ചായത്തിന്റെ പരിധിയിൽ ആണെങ്കിലും കോരുത്തോട് പഞ്ചായത്തിന്റെ കുഴിമാവ് പ്രദേശത്തിന് സമീപമാണു മുക്കുഴി തടിത്തോട് ഭാഗം.
ശബരിമല വനമേഖലയിൽ ശക്തമായ മഴ തുടരുന്നതിനാൽ കൈത്തോടുകൾ എല്ലാം കരകവിഞ്ഞൊഴുകുകയാണ്.
മൂക്കൻപെട്ടി അരുവിക്കൽ തോടും പൊയ്ക തോടുകളും കരകവിഞ്ഞ് ഒഴുകിയപ്പോൾ കണമല ഭാഗത്തെ മൂന്നു വീടുകൾ പൂർണമായും അപകടഭീഷണിയിലായി. ഒപ്പം, അന്പതിൽപ്പരം വീടുകൾക്ക് അപകടസാധ്യത ശക്തമായി.
പ്രദേശത്തുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് വാർഡ് അംഗങ്ങളുടെ നേതൃത്വത്തിൽ മാറ്റി പാർപ്പിച്ചു. പന്പ, അഴുത നദികളിൽ മലവെള്ളപ്പാച്ചിൽ ശക്തമായിരുന്നു.
നാലു ദിവസം മുന്പ് മൂക്കൻപെട്ടി അരുവിക്കൽ തോട്ടിൽ ഉരുൾപൊട്ടലിന്റെ രീതിയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ ഉണ്ടാകുകയും പ്രദേശത്തെ ഒരു കിണർ മണ്ണിനടിയിൽ താഴ്ന്നു പോകുകയും ചെയ്തിരുന്നു.
ഇതു രണ്ടാം തവണയാണു പ്രളയത്തെ തുടർന്ന് ശക്തമായ വെള്ളമൊഴുക്ക് തോടുകളിൽ ഉണ്ടാകുന്നത്.