പത്തനാപുരം:മഴ ശക്തമായതോടെ ഭീതി മാറാതെ പച്ചിലമല നിവാസികള്‍.തുടര്‍ച്ചയായ ഉരുള്‍പൊട്ടല്‍ ഭീഷണി അധികൃതര്‍ മുഖവിലയ്ക്കെടുത്തിട്ടില്ല.കുന്നിക്കോട് ദേശീയപാതയോട് ചേര്‍ന്ന പച്ചിലമലയുടെ അടിവാരത്ത് താമസിക്കുന്നവരാണ് ഭീതിയില്‍ കഴിയാന്‍ വിധിക്കപ്പെടുന്നത്.
ഇടയ്ക്കിടെ മണ്ണിടിഞ്ഞ് ഇറങ്ങുന്നതോടെ പച്ചിലമലക്കാരുടെ ആശങ്ക ഇരട്ടിയായിട്ടുണ്ട്. മലഭാഗത്തും കൊല്ലം – തിരുമംഗലം ദേശീയപാതയുടെ അടിവാരത്തുമായി എഴുപതോളം കുടുംബങ്ങളാണ് അധിവസിക്കുന്നത്. മഴ തുടരുകയാണെങ്കിൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കണമെന്ന നിര്‍ദേശം നല്‍കിയെങ്കിലും എവിടേക്ക് പോകണമെന്ന് അധികൃതരും പറയുന്നില്ല.
ഇന്നലെ ബന്ധുവീടുകളില്‍ അഭയം തേടിയ ഇവര്‍ വീണ്ടും വീടുകളിലേക്ക് തിരികെയെത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത മഴയിലാണ് പച്ചിലമലയിൽ മണ്ണിടിച്ചിൽ രൂക്ഷമായത്. മഴതുടരുന്നതിനാൽ മലയിലെ പാറക്കെട്ടില്‍ നിന്നുളള നീരൊഴുക്ക് ശക്തമാണ്.
കഴിഞ്ഞ മഴക്കാലം മുതല്‍ ഉരുൾ പൊട്ടൽ സൂചനയുള്ള പ്രദേശമാണ് ഇത്. മുൻപും ഇവിടെ ശക്തമായ മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്.കഴിഞ്ഞ പ്രളയ കാലങ്ങളിലും ഇവിടെ ഉരുള്‍പൊട്ടല്‍ ഭീതി നിലനിന്നിരുന്നു.ശാശ്വതപരിഹാരം കാണാന്‍ അധികൃതര്‍ക്കും കഴിയുന്നില്ല.
പത്തനാപുരം, കൊട്ടാരക്കര താലൂക്കുകളിലായി അഞ്ച് ഏക്കറിലേറെ ഭാഗത്തായി വ്യാപിച്ച് കിടക്കുന്ന മലയാണ് പച്ചിലമല. പച്ചിലമലക്കാരെ മല അടിവാരത്ത് നിന്നും മാറ്റൊരു പ്രദേശത്ത് പുനരിധിവസിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്.