ഒറ്റപ്പാലം: അനങ്ങൻമല ഉരുൾപൊട്ടൽ ഭീഷണിയിലായതോടെ തഹസീൽദാർ ജാഗ്രതാനിർദേശം നല്കി. മലയുടെ അടിവാരത്ത് ശക്തമായ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലുമാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞദിവസം തിമിർത്തുപെയ്ത കനത്ത മഴയിൽ ഉരുൾപൊട്ടൽ ഭീഷണിയും നിലനില്ക്കുന്നു.
ഉരുൾപൊട്ടലുണ്ടായാൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ എടുത്തുവരുന്നതായി അധികൃതർ പറഞ്ഞു. അതേസമയം അനങ്ങൻമലയിൽ ശക്തികുറഞ്ഞ ഉരുൾപൊട്ടലുണ്ടായതായി താഴെ താമസിക്കുന്നവർ പറഞ്ഞു.വരോട് നാലാംമൈൽ മലയടിവാരത്തായി 12 കുടുംബങ്ങളാണുള്ളത്. മാറിതാമസിക്കാൻ ഒറ്റപ്പാലം തഹസീൽദാർ ഇവർക്കു നിർദേശം നല്കി. കഴിഞ്ഞദിവസം കനത്ത മഴയിൽ മലയുടെ മുകളിൽനിന്നും പ്രത്യേക ശബ്ദംകേട്ടതായും പരിസരവാസികൾ വ്യക്തമാക്കി.
തുടർന്നാണ് ഒറ്റപ്പാലം തഹസീൽദാർ ജി.രമേശന്റെ നേതൃത്വത്തിലുള്ള ഉന്നത റവന്യൂസംഘം സ്ഥലത്തെത്തിയത്. പരിസരത്തുള്ള ആഴമേറിയ കനാലിൽ വെള്ളംനിറഞ്ഞത് ഉരുൾപൊട്ടലിനു തെളിവായി സമീപവാസികൾ ചൂണ്ടിക്കാട്ടി. കാഞ്ഞിരപ്പുഴ കനാൽ അധികൃതരുമായി നടത്തിയ അന്വേഷണത്തിൽ കനാലിലേക്ക് വെള്ളം തുറന്നുവിട്ടില്ലെന്നും മലമുകളിൽനിന്നുള്ള വെള്ളമാണിതെന്നും അവർ വ്യക്തമാക്കി.
മലയിൽ പൊട്ടിവീഴാനിടയുള്ള ആയിരക്കണക്കിനു പാറക്കൂട്ടങ്ങളുണ്ട്. മഴ ശക്തമായി തുടർന്നാൽ ഇതു താഴേയ്ക്കു പതിക്കാനും സാധ്യത ഏറെയാണ്.ഒരിടത്ത് പാറപൊട്ടിവീണതായും റവന്യൂസംഘം നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. അനങ്ങൻമലയിൽ ഉരുൾപൊട്ടലുണ്ടായാൽ പ്രത്യാഘാതം ഭീകരമാകും.