കാഞ്ഞിരപ്പുഴ: ഉരുൾപൊട്ടലിൽ കാഞ്ഞിരപ്പുഴയിൽ ഒന്നേകാൽകോടിയുടെ നാശനഷ്ടം. മഴക്കെടുതിയിൽ 125 ഏക്കർകൃഷി നശിച്ചു. ഉരുൾപൊട്ടലുണ്ടായ ഇരുന്പകച്ചോല, ചെള്ളിത്തോട് എന്നിവിടങ്ങളിൽ 51 ഏക്കർ കൃഷി ഒലിച്ചുപോയി. പൂഞ്ചോല, വെറ്റിലച്ചോല, പാന്പൻതോട്, കല്ലാംകുഴി എന്നിവിടങ്ങളിലായി 74 ഏക്കർ കൃഷിഭൂമിയിലെ റബർ, കവുങ്ങ്, തെങ്ങ് എന്നിവയും നശിച്ചു.
ഒരായുസിലെ സന്പാദ്യം മുഴുവൻ കാലവർഷം കൊണ്ടുപോയ പാലക്കയം, കാഞ്ഞിരപ്പുഴ മേഖലകളിലായി രണ്ടായിരത്തോളം കർഷകരുടെ കൃഷി നശിച്ചു. മിക്കവരും പൊറ്റശേരി കൃഷിഭവനിൽ സഹായത്തിനായി അപേക്ഷ നല്കി.
ഇവ ജില്ലാ കൃഷി ഓഫീസിലേക്ക് അയയ്ക്കുമെന്ന് കൃഷി ഓഫീസർ പറഞ്ഞു. കെടുതിയെ തുടർന്നു റവന്യൂവകുപ്പ് ഇവരിൽനിന്നുള്ള നികുതിയും സ്വീകരിക്കുന്നില്ലത്രേ.
സ്ഥലത്തിന്റെ നികുതി സ്വീകരിക്കാത്തതുമൂലം കർഷകർക്ക് ധനസഹായം ലഭിക്കുമോയെന്നും ഭീതിയുമുണ്ട്. കൃഷിനാശം നേരിട്ട മുഴുവൻപേർക്കും ധനസഹായം നല്കുന്നതിനു നടപടിയെടുക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠൻ ആവശ്യപ്പെട്ടു. മണ്ണാർക്കാട് താലൂക്കിലെ തെങ്കര, പാലവളവ്, മേലാമുറി, കോൽപ്പാടം, പള്ളിക്കുറുപ്പ് എന്നിവിടങ്ങളിലും വ്യാപകതോതിൽ കൃഷിനാശം നേരിട്ടു. മണ്ണാർക്കാട് താലൂക്കിൽ മൊത്തത്തിൽ മൂന്നരകോടിയോളം രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ടെന്നാണ് അധികൃതരുടെ കണക്ക്.