വടക്കഞ്ചേരി: കാലവർഷം കലിതുള്ളിയപ്പോൾ മംഗലംഡാം, പാലക്കുഴി മലയോരമേഖലകളിൽ ഉരുൾപൊട്ടിയത് 73 സ്ഥലങ്ങളിൽ. ഇത്രയും സ്ഥലത്ത് ഉരുൾപൊട്ടലുണ്ടാകുന്നത് കുടിയേറ്റ ചരിത്രത്തിൽതന്നെ ഇത് ആദ്യം. 2007ലുണ്ടായ അതിവർഷത്തിൽ മുപ്പതോളം സ്ഥലത്തുണ്ടായ ഉരുൾപൊട്ടലിന്റെ എണ്ണം ഭീതിതരമാകുംവിധം ഉയർന്നത്.
ഉൾക്കാടുകളിലുണ്ടായ ഉരുൾപൊട്ടൽ വേറെയുണ്ട്. കിഴക്കഞ്ചേരി രണ്ടാംവില്ലേജിൽപ്പെടുന്ന വിആർടി , ഓടംതോട് മേഖലകളിലാണ് ഏറ്റവുംകൂടുതൽ ഉരുൾപൊട്ടലുണ്ടായി സർവനാശം ഉണ്ടായത്. ഓടംന്തോട് 19 സ്ഥലത്തും ചൂരുപ്പാറ,മണ്ണെണ്ണക്കയം, വട്ടപ്പാറ ഭാഗങ്ങളിലായി 12 ഇടത്തും ഉരുൾപൊട്ടിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
പടങ്ങിട്ടതോട്, ചടച്ചിക്കുന്ന്, കവിളുപ്പാറ, ശിവജിക്കുന്ന്, കുഞ്ചിയാർപ്പതി ഭാഗങ്ങൾ ഉരുൾപൊട്ടി നശിച്ചു. ഇവിടെ മാത്രം ആറ് വീടുകളെങ്കിലും ഉരുൾപൊട്ടലിന്റെ കെടുതികളിൽപ്പെട്ടതായി വാർഡ് മെന്പർ രാജേന്ദ്രൻ പറഞ്ഞു. നാലുദിവസം തുടർച്ചയായി ജെസിബിയുടെ സഹായത്തോടെ മണ്ണുംകല്ലും മാറ്റിയാണ് ഓടംന്തോട് -ചൂരുപ്പാറ റോഡ് ഗതാഗതയോഗ്യമാക്കിയത്. തകർന്ന മണ്ണെണ്ണകയത്തെ പാലം താൽക്കാലികമായി നിർമിച്ചിട്ടുണ്ട്.
വിആർടിയിൽ 19 ഇടത്ത് ഉരുൾപൊട്ടി. കരിങ്കയം പൊട്ടഡാം മുതൽ നാലുകിലോ മീറ്ററോളം ചുറ്റളവിലാണ് ഇത്രയും ഉരുൾപൊട്ടലുണ്ടായത്. മാനിള,കവ, സിവിഎം തുടങ്ങിയ പ്രദേശങ്ങളിലാണ് ഉരുൾപൊട്ടി വീടുകൾക്കും കൃഷിനാശമുണ്ടായത്. വിആർടിയിലെ ഉണ്ണിമിശിഹ ദേവാലയമായിരുന്നു ഇവിടുത്തെ ദുരിതാശ്വാസ ക്യാന്പ്.
കടപ്പാറയിൽ ഏഴിടത്ത് ഉരുൾപൊട്ടി. പോത്തംതോട്ടിലാണ് കൂടുതൽ ഉരുൾപൊട്ടലുണ്ടായത്. ചെന്പൻക്കുന്നിൽ രണ്ടിടത്ത് ഉരുൾപൊട്ടി. പാലക്കുഴിയിൽ ഒന്പതിടത്ത് ഉരുൾപൊട്ടി. കൽക്കുഴി,വിലങ്ങൻപ്പാറ. പോത്തുമട ഭാഗങ്ങളിലായിരുന്നു ഉരുൽപൊട്ടൽ. ഒരുതവണ പൊട്ടിയിടത്ത് തന്നെ വീണ്ടും വീണ്ടും പൊട്ടിനാശം പെരുപ്പിച്ചു. ദുരിതാശ്വാസ ക്യാന്പുകളിൽ കഴിഞ്ഞിരുന്നവർക്ക് അരി ഉൾപ്പടെയുള്ള ഭക്ഷണസാധനങ്ങൾ സമൃദ്ധമായിരുന്നെങ്കിലും ജീവിതം മുന്നോട്ട് കൊണ്ടുപോകാനുള്ള സാന്പത്തിക സഹായം എവിടെനിന്നും ലഭിച്ചില്ല.
രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, സംഘടനകൾ, ക്ലബ്ബുകൾ, കെസിവൈഎം, എസ് എൻ ഡി പി, വ്യാപാരികൾ, കുടുംബകൂട്ടായ്മകൾ തുടങ്ങി നിരവധിപേരാണ് ഭക്ഷണവും വെള്ളവുമായി എത്തിയതെന്ന് കടപ്പാറ മെന്പർ ബെന്നി ജോസഫ് പറഞ്ഞു. മലയോരമേഖലയിലെ നിയന്ത്രണാതീതമായ ഉരുൾപൊട്ടൽ മംഗലംഡാമിനും താഴ്ന്ന പ്രദേശങ്ങൾക്കും വലിയ ഭീഷണി ഉയർത്തി.
മംഗലംഡാം റിസർവോയറിൽ അടിഞ്ഞുകൂടിയ മണ്ണിന്റെയും കല്ലിന്േറയും തോത് വളരെ ഉയർന്നിട്ടുണ്ടാകും.
ജലനിരപ്പ് നിയന്ത്രിക്കാനാകാതെ മംഗലംഡാമിന്റെ ഷട്ടറുകൾ ഓരോന്നും മൂന്നടി ഉയരത്തിൽ പൊക്കിയപ്പോൾ മംഗലംപുഴ ഒഴുകും വഴികളിൽ മുങ്ങിയ വീടുകൾക്ക് കണക്കില്ലാതായി.