പത്തനംതിട്ട: ജില്ലയിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽ വിദഗ്ധ സംഘം ബുധനാഴ്ച മുതൽ പഠനം നടത്തും.
ശക്തമായ മഴയെത്തുടർന്ന് വിവിധ ജില്ലകളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, ഭൂമിയിൽ വിള്ളൽ എന്നിവ കണ്ടെത്തിയ സ്ഥലങ്ങൾ വേഗത്തിൽ പരിശോധിച്ച് ജനവാസയോഗ്യം ആണോ അല്ലയോ എന്ന് വ്യക്തമായ ശാസ്ത്രീയ ശിപാർശ ജില്ലാ ദുരന്ത നിവാരണ അഥോറിറ്റികൾക്ക് നല്കുന്നതിന് മണ്ണ് സംരക്ഷണ വകുപ്പ്, മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ്, ഭൂജല വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥരെ ഉപയോഗപ്പെടുത്തി കേരളത്തിൽ 50 സംഘങ്ങളെയാണ് വിവിധ ജില്ലകളിലെ പരിശോധനകൾക്കായി ചുമതലപ്പെടുത്തിയിരിക്കുന്നത്.
ഇവർക്കുള്ള പരിശീലനം സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ ആസ്ഥാനത്ത് നടന്നു. പ്രമുഖ ഭൗമശാസ്ത്രജ്ഞൻ ജി. ശങ്കർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഡെപ്യൂട്ടി ഡയറക്ടർ സി. മുരളീധരൻ, കേന്ദ്ര ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ, സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയിലെ ഉദ്യോഗസ്ഥർ എന്നിവർ നേതൃത്വം നൽകി. പഠനസംഘം സ്ഥല പരിശോധനയ്ക്ക് പോകുന്പോൾ ശ്രദ്ധിക്കേണ്ട വിവിധ വിഷയങ്ങളിലായിരുന്നു പരിശീലനം.
ഇവരെ സഹായിക്കുവാൻ ഒരു മാർഗരേഖ ചോദ്യാവലിയും തയാറാക്കി നൽകിയിട്ടുണ്ട്. എല്ലാ സംഘത്തിലും ഒരു ജിയോളജിസ്റ്റും, ഒരു മണ്ണ് സംരക്ഷണ വിദഗ്ധനും ഉണ്ടായിരിക്കും. പത്തനംതിട്ട കൂടാതെ കണ്ണൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം ജില്ലകളിലേക്കാണ് സംഘത്തെ നിയോഗിച്ചിരിക്കുന്നത്.