രാമപുരം: ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ തുടർന്ന് കോട്ടമല, കുറഞ്ഞിക്കൂന്പൻ മലകളിൽ ഏതു നിമിഷവും ഉരുൾപൊട്ടൽ ഉണ്ടാകുമെന്ന ഭീതിയിൽ പ്രദേശവാസികളെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റുവാൻ നീക്കങ്ങൾ തുടങ്ങി.
മലയിലും അടിവാരത്തുമുള്ള കുടുംബങ്ങളെ തൽക്കാലം കുറഞ്ഞി പള്ളിയുടെ പാരീഷ് ഹാളിലേയ്ക്ക് മാറ്റുവാനാണ് തീരുമാനം. മുൻപ് ഉരുൾപൊട്ടൽ ഉണ്ടായിട്ടുള്ള പ്രദേശമായ ഇവിടെ ഒരിയ്ക്കൽ കനത്ത മഴയിൽ കോട്ടമലയിൽ നിന്നും കൂറ്റൻ പാറക്കല്ലുകൾ താഴേയ്ക്ക് പതിച്ച് അടിവാരത്തെ കൃഷികൾ വൻതോതിൽ നശിച്ചിരുന്നു.
ആളുകൾ അത്ഭുതകരമായി അന്ന് രക്ഷപെടുകയായിരുന്നു. മഴ ശക്തിയായതോടെ മലയുടെ ചില ഭാഗത്തു നിന്നും വൻ മുഴക്കങ്ങൾ കേൾക്കാം. പല സ്ഥലങ്ങളിൽ നിന്നും ശക്തമായ നീരൊഴുക്കുമുണ്ട്. സ്ത്രീകളും കുട്ടികളുമടക്കമുള്ള ജനങ്ങൾ ഭീതിയിലാണ്. മഴ കനത്തതോടെ ഭയചകിതരായ ജനങ്ങൾ പള്ളിയിലേയ്ക്ക് എത്തുകയായിരുന്നു.
ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന കോട്ടമലയിൽ വൻകിട പാറമടയും, ക്രഷർ യൂണിറ്റും ആരംഭിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനെതിരെ വർഷങ്ങളായി സമരങ്ങൾ നടന്നുവരികയാണ്. ഇന്നലെ 12.30 ന് രാമപുരം ഗ്രാമപഞ്ചായത്ത് ഹാളിൽ പഞ്ചായത്തുതല ദുരന്തനിവാരണ സമിതിയുടെ യോഗം ചേർന്നു.
യോഗത്തിൽ കുറിഞ്ഞി പള്ളി വികാരി ഫാ. സെബാസ്റ്റിൻ പുഴക്കരയും, ടാസ്ക് ഫോഴ്സ് മെന്പർ ജയപ്രകാശ് ഇലഞ്ഞിപ്പാറയും കോട്ടമലയിലെ ഇപ്പോഴുള്ള സാഹചര്യങ്ങൾ യോഗത്തിൽ വിശദീകരിച്ചു.
അടിയന്തിര സാഹചര്യം പരിഗണിച്ച് ദുരന്തനിവാരണ സമിതി ദുരന്തബാധിത പ്രദേശത്തെ ജനങ്ങളുടെ യോഗം പ്രദേശത്ത് വിളിച്ചുചേർക്കുവാൻ റവന്യൂ വകുപ്പിനോട് നിർദ്ദേശിക്കുകയായിരുന്നു.
ആർ.ഡി.ഓ.യുടെ നിർദ്ദേശപ്രകാരം മീനച്ചിൽ ഡെപ്യൂട്ടി തഹസിൽദാർ സൈമണ് ഐസക്കിന്റെ നേതൃത്വത്തിൽ രാമപുരം വില്ലേജ് ഓഫീസർ സരളാ ദേവി, രാമപുരം സബ് ഇൻസ്പെക്ടർ ജെർലിൻ വി. സ്കറിയ, രാമപുരം ഗ്രാമപഞ്ചായത്ത് മെന്പർ ജീനസ് നാഥ്, പഞ്ചായത്ത് ഉദ്യോഗസ്ഥർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത യോഗത്തിൽ കൂടുതൽ അപകടസാധ്യതാ പ്രദേശത്ത് താമസിക്കുന്ന ജോണി തച്ചൂർ, രവി വടക്കേൽ, ഇ.റ്റി. മാത്യു ഇരുവേലിക്കുന്നേൽ, ജസ്റ്റിൻ ഇരുവേലിക്കുന്നേൽ, എബ്രാഹം പുളിയാർമറ്റത്തിൽ, ഉഷ ചേറോലിയ്ക്കൽ, തോമസ് ഉപ്പുമാക്കൽ, ജോഷി ഉപ്പുമാക്കൽ, ബെന്നിച്ചൻ പടിയാനിയ്ക്കൽ, തങ്കപ്പൻ വടക്കേൽ, രാജു കന്പത്തിങ്കൽ എന്നിവരോട് കുടുംബാംഗങ്ങളടക്കം മാറി താമസിക്കുവാൻ നിർദ്ദേശിച്ചു.