ഭൂമിയുടെ ഗുരുത്വാകർഷണം മൂലം ചെങ്കുത്തായ മലഞ്ചെരുവിലുള്ള പാറയും മണ്ണും ജലപ്രവാഹത്തോടൊപ്പം താഴേക്കു പതിക്കുന്ന പ്രതിഭാസമാണ് ഉരുൾപൊട്ടൽ. ഒരു പ്രദേശത്ത് ഉരുൾപൊട്ടൽ ഉണ്ടാകാനുള്ള സാധ്യതാ ഘടകങ്ങൾ, ആ പ്രദേശത്തെ ഭൂമിയുടെ ചരിവ്, മണ്ണിന്റെ ആഴം, ഘടന, ഭൂവിനിയോഗം, നീർച്ചാലുകളുടെ വിന്യാസം എന്നിവയെ ആശ്രയിച്ചിരിക്കുന്നു.
അതിതീവ്രമഴ, ലഘുമേഘ വിസ്ഫോടനം എന്നിവയാണ് ഉരുൾപൊട്ടലിന്റെ ചാലകശക്തികൾ. കൂടാതെ, അശാസ്ത്രീയ നിർമാണപ്രവർത്തനങ്ങൾ പ്രേരകഘടകങ്ങളായി പ്രവർത്തിക്കുന്നുണ്ട്. ഒരു പ്രദേശത്തെ ചരിവ് 20 ഡിഗ്രിക്ക് മുകളിലോ, ചരിവിന്റെ നീളം 100-150മീറ്ററിൽ കൂടുതലോ മേൽമണ്ണ് ഒരു മീറ്ററിലധികമോ ആണെങ്കിൽ ഉരുൾപൊട്ടലിനുള്ള സാധ്യത വർധിക്കുന്നു.
ഉരുൾപൊട്ടൽ സാധ്യത കണക്കാക്കി കേരളത്തിലെ മലഞ്ചരിവുകളെ വിവിധ മേഖലകളായി വിഭജിച്ച്, മണ്ണിടിച്ചിൽ അപകട സാധ്യത മേഖല ഭൂപടങ്ങൾ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ചുണ്ട്. ഇതിന്റെ മൊത്തം വിസ്തീർണം 1850 ചതുരശ്ര കിലോമീറ്റർ വരും. വയനാട് ജില്ലാ മാത്രം നോക്കിയാൽ 102.6 ചതുരശ്ര കിലോമീറ്റർ ഉണ്ട്. വയനാട് ജില്ലയിലെ അപകട സാധ്യത കൂടിയ വില്ലേജുകൾ ഇവയാണ് അച്ചൂരാനം, കോട്ടപ്പടി, കുന്നത്തിടവക, മുപ്പയ്നാട്, മുട്ടിൽ സൗത്ത്, പടിഞ്ഞാറത്തറ, പൊഴുതന, തരിയോട്, തൃക്കൈപ്പറ്റ, വെള്ളരിമല, കാഞ്ഞിരങ്ങാട്, മാനന്തവാടി, പെരിയ, തവിഞ്ഞാൽ, തിരുനെല്ലി, തൊണ്ടർനാട്, തൃശിലേരി, വെള്ളമുണ്ട.
മേല്പറഞ്ഞവയിൽ, മേപ്പാടിക്കടുത്തുള്ള വെള്ളരിമലയിൽ ഉൾപ്പെടുന്ന ഇരുവഴഞ്ഞി മലയുടെ ഏറ്റവും ഉയർന്ന പ്രദേശത്താണ് ഇന്നലെ വെളുപ്പിന് കേരളത്തെ ഒന്നടങ്കം നടുക്കി വലിയ തോതിൽ ഉരുൾപൊട്ടിയത്. ഇത് 2019ൽ ഉരുൾപൊട്ടിയ പുത്തുമലയുടെ ഏകദേശം കിഴക്കു ഭാഗത്തായി വരും. ഇത് ഒരു വനപ്രദേശം പോലെയാണ്. ജനവാസമില്ല, കൃഷിയിടവുമല്ല.
ഈ ഉരുൾപൊട്ടലിന്റെ ആഘാതവും അതിന്റെ നീരൊഴുക്കും ഇരുവഴഞ്ഞി മുതൽ മുണ്ടക്കൈ, ചൂരൽമല, ആട്ടമല നൂൽപ്പുഴ കടന്ന് പോത്തുകൽ വരെയുള്ള 30 കിലോമീറ്റർ എത്തിനിൽക്കുന്നു എന്നത് വളരെ ഗൗരവമായി കാണേണ്ട കാര്യമാണ്. ഉരുൾപൊട്ടിയ സ്ഥലത്ത് വീടുകൾ ഇല്ലെങ്കിലും ഇരുവഴഞ്ഞിയിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം താഴെയുള്ള ഇരുകരകളിലുമുള്ള ജനവാസ മേഖലകളെ തൂത്തെറിഞ്ഞുകൊണ്ടാണ് കടന്നുപോയത്.
നദിക്ക് ഒഴുകുവാനുള്ള ഇടം “റൂം ഫോർ റിവർ’ ഇവിടെ വളരെ പ്രസക്തമാണ്. പ്രത്യേകിച്ച് മുണ്ടക്കൈ പ്രദേശത്തുള്ള വീടുകൾ, സ്കൂൾ, പാലം എന്നിവയൊക്കെ തകർത്തുകൊണ്ടാണ് ഉരുൾപൊട്ടൽ ഉണ്ടായിരിക്കുന്നത്. 1984 ജൂലൈ ഒന്നിന് വയനാട്ടിലെ മുണ്ടക്കൈ പ്രദേശത്തുണ്ടായ ഉരുൾപൊട്ടൽ 14 പേരുടെ ജീവനാണ് അപഹരിച്ചത്. ഇതിന്റെ സ്വാധീനം ഒന്നര കിലോമീറ്റർ താഴേക്ക് വരെ ഉണ്ടായി. ഈ ഉരുൾപൊട്ടലിന് കാരണം അതിതീവ്ര മഴയാണ്.
ഐഎംഡി റിപ്പോർട്ട് പ്രകാരം വയനാട്ടിലെ മുത്തുമലയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 372 മില്ലിമീറ്റർ മഴ പെയ്തു. 48 മണിക്കൂറിൽ 572 മില്ലിമീറ്റർ മഴയും. അതുപോലെ സമീപപ്രദേശമായ തേറ്റമലയിൽ 24 മണിക്കൂറിൽ 409മില്ലിമീറ്ററും 48 മണിക്കൂറിൽ 524 മില്ലിമീറ്ററും രേഖപ്പെടുത്തി. പക്ഷെ ഇവിടെ മരണ സംഖ്യ കൂടിയത് ഉരുൾപൊട്ടൽ നടന്ന പ്രദേശത്തിന്റെ താഴ്വരങ്ങളിൽ നദിയുടെ ഇരുവശവും ജനവാസമുണ്ടായതാണ്.
അതുപോലെ, ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകൾ മാപ്പ് ചെയ്തിട്ടുണ്ട്. ഇനി വേണ്ടത് ഉരുൾപൊട്ടൽ ഉണ്ടായാൽ അതിന്റെ ഒഴുക്കിന്റെ വ്യാപ്തി എത്ര ദൂരം വരുമെന്ന് മാർക്ക് ചെയ്യണം. ആ മാർക്ക് ചെയ്യുന്ന പ്രദേശത്തുള്ള വീടുകൾക്കും സ്ഥാപനങ്ങൾക്കും തത്സമയ മഴയുടെ അളവ് മൊബൈൽ ഫോണിൽ കിട്ടുവാനുള്ള സംവിധാനങ്ങൾ ഒരുക്കേണ്ടിയിരിക്കുന്നു.
അത് അതിതീവ്രമഴ സംഭവിക്കുമ്പോൾ ഒരു ചുരുങ്ങിയ സമയത്തേക്ക് അവർ അവിടം വിട്ടു സുരക്ഷിതമായിട്ടുള്ള സ്ഥലങ്ങളിലേക്കു മാറി പാർക്കാൻ സഹായിക്കും. അതുപോലെ, മലമുകളിൽ പെയ്യുന്ന മഴവെള്ളം എത്രയും പെട്ടെന്ന് താഴേക്ക് ഒലിച്ചു പോകാനുള്ള ’ഡിവാട്ടറിങ് ’ സംവിധാനങ്ങൾ ഒരുക്കണം. അവിടത്തെ തോടുകൾ അടഞ്ഞുപോയിട്ടുണ്ടെങ്കിൽ തുറക്കുകയും അതുപോലെ സ്ഥിരം ഉരുൾപൊട്ടൽ ഉണ്ടാകുന്ന മേഖലകളിൽ കൂടുതലായി ചാലുകൾ തുറക്കുകയും വേണം.
അതുപോലെ നദിയുടെ ഇരുവശങ്ങളിലും 30 മീറ്ററെങ്കിലും ബഫർ സോൺ കൊടുത്തുകൊണ്ട് നിർമാണ പ്രവർത്തനങ്ങൾ നിരോധിക്കണം. ഉരുൾപൊട്ടൽ മൂലമുള്ള അധിക ജലവും പാറക്കല്ലുകളും ഈ പ്രദേശത്താണ് നിക്ഷേപിക്കപ്പെടുന്നത്. 2018ൽ പുത്തുമലയുടെ താഴ്വാരത്ത് തേയിലത്തോട്ടത്തിന്റെ ലയങ്ങൾ നദിയോട് ചേർന്നിരുന്നതു കൊണ്ടാണ് അന്ന് അവിടെ വലിയ തോതിലുള്ള അപകടമുണ്ടായത്.