ഗാന്ധിനഗർ: മുണ്ടക്കയം ഇളംകാട് മുക്കുളത്തുണ്ടായ ഉരുൾപൊട്ടലിൽ മരണപ്പെട്ട ഇളംകാട് ഓലിക്കൽ ബേബിയുടെ മകൻ ഷാലറ്റി (29) ന്റെ സ്വപ്നമായിരുന്നു സ്വന്തമായൊരു വീട്.
വെള്ളം കൊണ്ടുപോയത് ഷാലറ്റിന്റെ ജീവനും സ്വപ്ന ഗൃഹവും വാടക വീടും. ഷാലറ്റിന്റെ പിക്പ് വാഹത്തിൽനിന്നു ലഭിച്ചിരുന്ന വരുമാനവും കൂലിപ്പണിക്കാരനായ പിതാവിന്റെയും ശ്രമഫലമായാണ് മുക്കുളത്ത് 10 സെന്റ് ഭൂമി വാങ്ങി ആധാരം ബാങ്കിൽ പണയപ്പെടുത്തി 10 ലക്ഷം രൂപ മുടക്കി വീടുപണി പൂർത്തികരിച്ചത്.
ഉരുൾപൊട്ടൽ സമയത്ത് പിതാവും സഹോദരൻ ഷിന്റെയും ഷാലറ്റും നിർമാണം പൂർത്തികരിച്ച തങ്ങളുടെ പുതിയ വീട്ടിൽ അറ്റകുറ്റപണിക്കെത്തിയിരുന്നു. വലിയ ശബ്ദം കേട്ടു മൂവരും പുറത്തിറങ്ങിയപ്പോൾ ഉരുൾപൊട്ടലിൽ മേൽഭാഗത്തുള്ള വീട് തകർന്ന് ഒഴുകി വരുന്നത് കണ്ടു.
ഓടുവാൻ ആവശ്യപ്പെട്ട് പിതാവ് സമീപത്തുണ്ടായിരുന്ന മരത്തിൽ കയറി. ഷിന്റോ ഓടി മറ്റൊരു പുരയിടത്തിലെത്തി. ഷാലറ്റ് ഓടി സമീപത്തെ പുരയിടത്തിലേക്ക് കയറാൻ ശ്രമിച്ചെങ്കിലും വെള്ളത്തിൽ അകപ്പെട്ടു. പിതാവിനും സഹോദരനും നിസഹരായി നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ.
ഈ സമയം ഇളംകാട് ടൗണിനു സമീപം ഷാലറ്റിന്റെ കുടുംബം താമസിച്ചിരുന്ന വാടക വീട്ടിലുണ്ടായിരുന്ന മാതാവ് ലീലാമ്മ വെള്ളം ഇരച്ച് വരുന്നത് കണ്ട് ഓടി മാറിയതിനാൽ രക്ഷപെട്ടു. വാടക വീടും ഉരുൾപൊട്ടലിൽ വെള്ളം കവർന്നെടുത്തു.
സംഭവ നടന്ന സ്ഥലത്തു നിന്ന് എട്ടു കിലോമീറ്റർ അകലെ കൂട്ടിക്കൽ വെട്ടിക്കാനത്തുനിന്ന് ഇന്നലെ രാവിലെ ഏഴിന് ഷാലറ്റിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
പോലീസ് നടപടി പൂർത്തികരിച്ച് കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം കൂട്ടിക്കൽ ചപ്പാത്ത് സിഎസ്ഐ പള്ളിയിൽ സംസ്കരിച്ചു.