കോഴിക്കോട് : കരിഞ്ചോലമലയിലെ ഉരുള്‍പൊട്ടലിനു കാരണമായത് അനധികൃതമായി നിര്‍മിച്ച ജലസംഭരണിയെന്ന് നാട്ടുകാര്‍. മലയുടെ മുകളില്‍ 40 ലക്ഷം ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളാവുന്ന വിധത്തിലുള്ള ജലസംഭരണിയാണ് നിര്‍മിച്ചതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
പൂനെയില്‍ നിന്നും കൊണ്ടുവന്ന പ്രത്യേകതരം ഷീറ്റ് നിലത്ത് വിരിച്ചാണ് വെള്ളം സംഭരിക്കുന്നത്. ഇതിനായി മലയുടെ മുകളില്‍ പ്രത്യേകമായി വെള്ളം ഒഴുക്കിവിടാനുള്ള സൗകര്യവും ചെയ്തിട്ടുണ്ട്. മലയിലൂടെ മൂന്നുഭാഗത്തേക്കുമായി പരന്നൊഴുകുന്ന വെള്ളത്തെ ഒറ്റയിടത്തേക്ക് സംഭരിക്കും വിധത്തിലാണ് സൗകര്യമൊരുക്കിയിരിക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പ്രദേശത്ത് നടക്കുന്ന അനധികൃത മട്ടിമണൽ നിര്‍മാണ യൂനിറ്റിനെതിരെ കരിഞ്ചോലയിലെ നാട്ടുകാര്‍ സംഘടിച്ചെത്തിയിരുന്നു. നാട്ടുകാരുടെ സമരത്തെ തുടർന്ന് മൂന്നു വർഷം മുൻപ് മട്ടിമണൽ ഖനനം നിർത്തിവച്ചു. എങ്കിലും മലയിലെ മട്ടിക്കല്ലുകൾ വൻതോതിൽ പൊടിച്ച് വിറ്റതായി നാട്ടുകാർ പറയുന്നു. അന്നു നിർമിച്ച ജലസംഭരണിപൊളിച്ചുമാറ്റിയിരുന്നില്ല.
മലമുകളിൽ വൻകുഴിയെടുത്ത് അതിൽ ഷീറ്റ് വിരിച്ചാണ് ജലം സംഭരിച്ചിരുന്നത്. മലപ്പുറം സ്വദേശിയുടേതാണ് മലമുകളിലെ ഈ സ്ഥലം . ഈ സംഭരണിയിലുള്ള വെള്ളം കൂടി ഉരുള്‍പൊട്ടലിനൊപ്പം താഴേക്ക് ഒലിച്ചിറങ്ങിയതോടെയാണ് നാലു വീടുകളടക്കം മണ്ണിനടിയിലാവാന്‍ കാരണമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.