കൽപ്പറ്റ: കുടുംബാംഗങ്ങൾ ഒന്നുചേർന്ന് മരണത്തിനു കീഴടങ്ങിയ കാഴ്ച ഹൃദയഭേദകമായി. കെട്ടിപ്പിടിച്ച നിലയിൽ കിടന്നിരുന്ന മൃതദേഹങ്ങൾ കണ്ട് രക്ഷാപ്രവർത്തകരുടെ കണ്ണുകൾ ഈറനണിഞ്ഞു.
കുട്ടികളടക്കം അഞ്ചും ആറും മൃതദേഹങ്ങൾ ചേർന്നു കിടക്കുന്ന കാഴ്ച മനസ് മരവിപ്പിക്കുന്നതായിരുന്നെന്ന് രക്ഷാപ്രവർത്തകർ വെളിപ്പെടുത്തി. മൃതദേഹങ്ങൾ പൂർണമായും മാറ്റാൻ കഴിഞ്ഞിട്ടില്ല. മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയാണ്. വീടുകളെല്ലാം മണ്ണിനടിയിൽപ്പെട്ടതിനാൽ രക്ഷാപ്രവർത്തനം ഏറെ ശ്രമകരമാണ്.
വീടിന്റെ കോണ്ക്രീറ്റും റൂഫും നീക്കം ചെയ്യൽ ഏറെ ദുഷ്കരമാണ്. ഇതിനുള്ള ഉപകരണങ്ങളുടെയും സംവിധാനങ്ങളുടെയും അപര്യാപ്തതയും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. വീടുകൾ ഒലിച്ചുപോയതിനാൽ കൂടുതൽ ആളുകൾ ദുരന്തത്തിൽ അകപ്പെട്ടിരിക്കാമെന്നാണു കണക്കാക്കുന്നത്.
ഒന്നിലധികം ആളുകൾ അപകടത്തിൽപ്പെട്ട നിരവധികുടുംബങ്ങളാണ് ചൂരൽമലയിലും മുണ്ടക്കൈയിലും ഉള്ളത്. പരിക്കേറ്റവരും ഉറ്റവരെ നഷ്ടപ്പെട്ടവരും കരളലിയിക്കുന്ന കാഴ്ചയാണ്. ശ്മശാനത്തിലും പറഞ്ഞറിയിക്കാനാകാത്ത നിലവിളികളും വേദനകളുമാണ്. രക്ഷാപ്രവർത്തകരുടെ കണ്ണിൽപ്പെടാത്തവർക്കായി മുണ്ടക്കൈയിൽ സംയുക്ത സംഘം രാവിലെ മുതൽ തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
മലപ്പുറം ജില്ലയിൽ കണ്ടെത്തിയ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മേപ്പാടി ആശുപത്രിയിലേക്കാണു കൊണ്ടുവരുന്നത്. മൃതദേഹ ങ്ങൾ തിരിച്ചറിയുന്നതിനായി ബന്ധുക്കൾ മലപ്പുറം ജില്ലയിൽ പോവേണ്ടതില്ലെന്ന് ജില്ലാ കളക്ടർ മേഘശ്രീ അറിയിച്ചു. പോസ്റ്റ്മോർട്ടം വേഗത്തിലാക്കാൻ തൃശൂർ, കോഴിക്കോട് ജില്ലകളിൽനിന്നുള്ള ഡോക്ടർമാരെ നിയോഗിച്ചിട്ടുണ്ട്.
.