കണ്ണൂർ: കനത്ത മഴ തുടരുന്ന കണ്ണൂർ ജില്ലയിൽ വ്യാപക നാശനഷ്ടം. മലയോര മേഖലയിൽ വ്യാപകമായി ഉരുൾപൊട്ടലുണ്ടായി. കേളകം, കൊട്ടിയൂർ, ആറളം, ഉളിക്കൽ, മാങ്ങോട് എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടിയത്.
കേളകം പഞ്ചായത്തിലെ പൊയ്യമലയിലുണ്ടായ ഉരുൾപൊട്ടലിൽ പതിനഞ്ചോളം ആദിവാസി കുടുംബങ്ങൾ ഒറ്റപ്പെട്ടു. കൊട്ടിയൂർ-മാനന്തവാടി പാൽചുരം റോഡ്, ഇരിട്ടി-വീരാജ്പേട്ട റോഡ് എന്നിവിടങ്ങളിൽ മണ്ണിടിഞ്ഞ് ഗതാഗതം പൂർണമായും തടസപ്പെട്ടു. ആറളം വനത്തിലുണ്ടായ ഉരുൾപൊട്ടലിൽ കഴിഞ്ഞ ദിവസം പുനർനിർമിച്ച വളയഞ്ചാൽ തൂക്കുപാലം തകർന്നു. ചപ്പാരപ്പടവ് പുഴ കരകവിഞ്ഞതിനെ തുടർന്ന് പ്രദേശത്തെല്ലാം വെള്ളം കയറി. ചപ്പാരപ്പടവ് ടൗണിലും വ്യാപകമായി വെള്ളം കയറിയിട്ടുണ്ട്.
ഉരുൾപൊട്ടലിനെ തുടർന്ന് മലയോര മേഖലയിലെ പുഴകളും തോടുകളും കവിഞ്ഞൊഴുകിയതിനെ തുടർന്ന് വ്യാപക കൃഷിനാശം സംഭവിച്ചു. ഇരിട്ടി മേഖലയിൽ രക്ഷാപ്രവർത്തനത്തിന് ടെറിട്ടോറിയൽ ആർമി എത്തിയിട്ടുണ്ട്. ജൂണിയർ കമ്മീഷണർ ഓഫീസറും 30 ഓളം പട്ടാളക്കാരുമാണ് ജില്ലാ കളക്ടറുടെ നിർദേശ പ്രകാരം ഇരിട്ടിയിൽ എത്തിച്ചേർന്നത്.
ബുധനാഴ്ചയുണ്ടായ ഉരുൾപൊട്ടലിൽ ഇരിട്ടി എടപ്പുഴ കീഴങ്ങാനത്ത് രണ്ടുപേർ മരിച്ചിരുന്നു. ഇമ്മിട്ടിക്കൽ തോമസ് (80), മകൻ ജെയ്സന്റെ ഭാര്യ ഷൈനി (43) എന്നിവരാണ് മരിച്ചത്. കനത്ത മഴയെ തുടർന്ന് ഇരിട്ടി, തളിപ്പറന്പ് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കയാണ്.