കൽപ്പറ്റ: ചൂരൽമലയിൽനിന്നു മുണ്ടക്കൈയിലേക്കുള്ള വഴി മനോഹരമായിരുന്നു. തേയിലത്തോട്ടങ്ങള്‍ക്കു നടുവിലൂടെയുള്ള യാത്ര. വഴിയരികിൽ തോട്ടം തൊഴിലാളികളുടെ പാടികളും കാണാം. സഞ്ചാരികൾക്ക് ഏറെ മനോഹരമായ പ്രദേശം. അതുകൊണ്ടുതന്നെയായിരിക്കാം വിനോദസഞ്ചാരികൾ മുണ്ടക്കൈയിലേക്ക് ഒഴുകിയെത്തിയത്.
അങ്ങനെ നിരവധി ഹോം സ്റ്റേകളും റിസോർട്ടുകളുമുണ്ടായി. അതുതന്നെയായിരുന്നു ഇവിടത്തുകാരുടെ വരുമാനമാർഗവും. എന്നാൽ, ചൊവ്വാഴ്ച പുലർച്ചെ വെള്ളോലിമലയുടെ മുകളിൽ നിന്നെത്തിയ ഉരുൾ മുണ്ടക്കൈ എന്ന ഗ്രാമത്തിന്റെ മേൽവിലാസമേ തുടച്ചുനീക്കി. ഇന്നലെ രാവിലെ മുണ്ടക്കൈയിൽ എത്തിയപ്പോൾ ഇവിടെയൊരു ടൗൺ ഉണ്ടായിരുന്നുവെന്ന് സന്നദ്ധ പ്രവർത്തകർ പറഞ്ഞു തരികയായിരുന്നു.
ഇതിന്റെ അടയാളമായി ഏതു നിമിഷവും തകർന്നു വീഴാവുന്ന രീതിയിൽ നില്ക്കുന്ന ഒന്നോ രണ്ടോ കെട്ടിടങ്ങളും.ചെളിയിൽ പുതഞ്ഞുകിടക്കുന്ന പാത്രങ്ങളും വസ്ത്രങ്ങളും, കുട്ടികളുടെ കളികോപ്പുകൾ, വീൽചെയറുകൾ, മണ്ണുമൂടിക്കിടക്കുന്ന കാറും സ്കൂട്ടറും ജീപ്പും അടക്കമുള്ള വാഹനങ്ങൾ… പാടികൾ നിന്ന സ്ഥലത്ത് മൺകൂനകൾ മാത്രം… അങ്ങനെ മുണ്ടക്കൈയുടെ പഴയ മനോഹാരിത ഇനിയില്ലെന്നു വിശ്വസിക്കുക പ്രയാസകരമായ ഒന്നായി മാറും.
വീടുകളുടെ ചുവരുകളിൽ തൂക്കിയിരുന്ന കുടുംബചിത്രങ്ങൾ ഉരുൾപൊട്ടലിൽ വന്നടിഞ്ഞ മരക്കൊന്പുകളിൽ തങ്ങിക്കിടക്കുന്നു. ഇവർ മണ്ണിനടിയിലാണോ അതോ മരണം ഉറപ്പിച്ചോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. അതിന് വലിയ പാറക്കഷണങ്ങൾ പൊട്ടിച്ച് മണ്ണിനടിയിൽ കിടക്കുന്ന കോൺക്രീറ്റ് കെട്ടിടങ്ങളിലേക്ക് എത്താൻ രക്ഷാപ്രവർത്തകർക്കു കഴിയണം. എന്നാൽ, ദിവസങ്ങളേറെ വരും മുണ്ടക്കൈയുടെ മണ്ണിനടിയിൽപ്പെട്ടവരെ കണ്ടെത്താൻ.
തെരച്ചിൽ വനത്തിനുള്ളിലേക്കും
വനത്തിനുള്ളിലേക്കും ചാലിയാറിന്റെ കൈവഴികള്‍, തോടുകള്‍ എന്നിവ കേന്ദ്രീകരിച്ചും തെരച്ചില്‍ നടത്താന്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനിച്ചു. ഇന്നലെ മാത്രം അഞ്ച് മൃതദേഹങ്ങളാണ് ചാലിയാർ പുഴയിൽനിന്നു ലഭിച്ചത്. 18 ശരീരഭാഗങ്ങളും ചാലിയാറിന്റെ വിവിധ സ്ഥലങ്ങളില്‍നിന്നായി ലഭിച്ചു.
രാത്രിയോടെ വീണ്ടും മൃതദേഹങ്ങള്‍ എത്തുമെന്നാണ് അധികൃതര്‍ കരുതുന്നത്. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍നിന്നുള്ള അവസാന കണക്കുകളനുസരിച്ച് 58 മൃതദേഹങ്ങളും 93 മൃതദേഹ ഭാഗങ്ങളുമാണ് ലഭിച്ചത്. 146 പോസ്റ്റ്മോര്‍ട്ടങ്ങൾ ഇന്നലെയോടെ പൂര്‍ത്തിയാക്കി.
നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍നിന്ന് മൂന്നുപേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. മേപ്പാടി സിയാ നൗറിന് (11), ചൂരല്‍മല ആമക്കുഴിയില്‍ മിന്‍ഹാ ഫാത്തിമ (14), മേപ്പാടി മുണ്ടക്കൈ കരുണ സരോജം വീട്ടില്‍ പാര്ഥന്(74) എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. ഇവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി കൊണ്ടുപോവുകയും ചെയ്തു. മറ്റു മൃതദേഹങ്ങൾ അധികൃതര്‍ വയനാട്ടില്‍ എത്തിച്ചു.