മാനിറച്ചി പാകം ചെയ്തതിന് മധ്യവയസ്ക അറസ്റ്റില്‍. വാളറ മാമലക്കണ്ടം ഇളംപ്ലാശേരി ആഞ്ഞിലിമൂട്ടില്‍ സുരേന്ദ്രന്റെ ഭാര്യ രമണിയാ(52)ണ് അറസ്റ്റിലായത്. ഇവരുടെ വീട്ടില്‍ വെടിയിറച്ചി സൂക്ഷിച്ചിരിക്കുന്നതായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വനപാലകസംഘത്തിന്റെ പരിശോധന. ഉറുമാന്‍ എന്നറിയപ്പെടുന്ന സുരേന്ദ്രന്, ഇയാളുടെ മകളുടെ ഭര്‍ത്താവ് ഷാജി എന്നിവര്‍ ഉദ്യോഗസ്ഥരെ കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നു വനപാലകര്‍ പറഞ്ഞു.
മാനിറച്ചി പാചകം ചെയ്തുകൊണ്ടിരുന്ന രമണിയെ ചോദ്യംചെയ്തതോടെയാണ് വിശദമായ വേട്ടയാടല്‍ വിവരം ലഭിച്ചത്. സുരേന്ദ്രനും മരുമകന് ഷാജിയും തോക്ക് ഉപയോഗിച്ച് വെടിവച്ചു പിടികൂടിയ മാനിനെ ഓട്ടോറിക്ഷയില്‍ വീട്ടിലെത്തിച്ച് പാചകം ചെയ്യാനേല്പിച്ചെന്നാണ് മൊഴി. നാലു കിലോയോളം ഇറച്ചിയും അവശിഷ്ടങ്ങളും വീട്ടില്‍ നിന്ന് കണ്ടെടുക്കുകയും ചെയ്തു.
രമണിയെ അറസ്റ്റ് ചെയ്തതതോടൊപ്പം തോക്കും ആപ്പ ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. വനിതാ ട്രൈബല്‍ വാച്ചര്‍മാരുടെയും പഞ്ചായത്ത് മെമ്പറുടെയും സാന്നിധ്യത്തിലായിരുന്നു റെയ്ഡ്. വീട്ടില്‍നിന്നു നാടന്‍ തോക്കിനൊപ്പം തിരകളും വെടിമരുന്നും ഈയ ഉണ്ടകളും കേബിള്‍ കുരുക്കുകളും കണ്ടെത്തി.