സാറ്റർ മാവേ എന്നാണ് ആ ഗോത്രത്തിന്റെ പേര്. ബ്രസീലിലെ ആമസോൺ മഴക്കാടുകളിൽ കാണുന്ന വിഭാഗം.
ഏകാന്ത വാസമാണ് ഈ വിഭാഗക്കാരുടെ മുഖമുദ്ര. പുറംലോകവുമായി വലിയ ബന്ധമില്ല. എങ്കിലും ചില അവസരങ്ങളിൽ പുറമേനിന്നുള്ളവരെ ഇവർ തങ്ങളുടെ താമസസ്ഥലത്തേക്കു ക്ഷണിക്കാറുണ്ട്.
ഇതാവട്ടെ, ഇവരുടെ ജീവിതവും രീതികളും മറ്റുള്ളവരെ അറിയിക്കാൻ വേണ്ടി മാത്രമാണ്. ഇങ്ങനെ സന്ദർശനം നടത്തിയവരാണ് ഈ ഗോത്രത്തിന്റെ വിചിത്രമായ ഒരു ആചാരത്തെക്കുറിച്ചു പുറംലോകത്തെ അറിയിച്ചത്. ഇതു കേട്ടു കഴിയുന്പോൾ പലരുടെയും ഉള്ളു കിടുങ്ങും.
പലേടത്തും ആചാരങ്ങളുടെ ഇരകൾ സ്ത്രീകളാണെങ്കിൽ ഇവിടെ പുരുഷന്മാർ പ്രത്യേകിച്ചു യുവാക്കളാണ് ഇതിന്റെ ഇരകൾ. കേൾക്കുന്പോൾ തന്നെ ഭയമുളവാകുന്നതാണ് ഈ ആചാരം.
പക്ഷേ, ഇതിലൂടെ കടന്നെങ്കിൽ മാത്രമേ ഒരു കൗമാരക്കാരനു സമൂഹത്തിൽ ആണെന്ന സ്ഥാനവും പരിഗണനയും കിട്ടൂ.. അപ്പോൾ പിന്നെ ഇത്തിരി കടുത്ത പ്രയോഗം ആണെങ്കിലും അനുഭവിക്കാതെ പറ്റില്ലല്ലോ.
ഉറുന്പു കടി!
കേൾക്കുന്പോൾ വളരെ നിസാരമാണ് ഈ ആചാരം. ഉറുന്പിന്റെ കടി കൊള്ളുക. ആഹാ അതാണോ ഇത്ര വലിയ കാര്യം എന്നു ചോദിക്കാൻ വരട്ടെ.
ഇവൻ സാധാരണ ഉറുന്പല്ല. ബുള്ളറ്റ് ഉറുന്പുകളാണ്. ഒരു കടി കിട്ടിയാൽ ആരും സ്വർഗം കാണും! തേനീച്ചയുടെ കടിയേക്കാൾ മൂന്നിരട്ടി വീര്യമുള്ളതാണ് ബുള്ളറ്റ് ഉറുന്പുകളുടേത്.
സാറ്റർ മാവേയിലൊരു ആൺകുട്ടിയെ പുരുഷനായും യോദ്ധാവായും പരിഗണിക്കാനും അവരുടെ പരന്പരാഗത ജീവിതത്തിനായി സജ്ജമാക്കാനുമാണ് ഇത്തരം ആചാരങ്ങൾ.
ജീവന് പോകുന്ന വേദന സഹിക്കേണ്ടി വരുമെങ്കിലും മികച്ച ഒരു യോദ്ധാവായി അവിടുത്തെ ജനങ്ങള്‍ ആ ചെറുപ്പക്കാരനെ ഈ ആചാരം കഴിയുന്നതോടെ അംഗീകരിക്കും. ഇതിനു വിധേയമാകുന്ന ഗോത്രത്തിലെ ആണ്‍കുട്ടികളെ മുതിര്‍ന്ന പുരുഷന്മാരായും അംഗീകരിക്കും
ഉറയിൽ കൈ
ഇലകൾകൊണ്ട് പ്രത്യേക ഉറകൾ നിർമിക്കുകയാണ് ആദ്യ പടി. തുടർന്ന് ഈ കൂടയിലേക്കു ഡസന്‍ കണക്കിനു ബുള്ളറ്റ് ഉറുമ്പുകളെ പിടിച്ചിടും. ഉറന്പുകളെ പ്രത്യേക മരുന്ന് ഉപയോഗിച്ച് അബോധാവസ്ഥയിൽ ആക്കിയാവും ഉറയിൽ നിക്ഷേപിക്കുക.
നിശ്ചിത സമയം കഴിയുന്പോൾ ഉറുന്പുകൾ മയക്കംവിട്ട് ഉണരും. ആ സമയം ആചാരത്തിൽ പങ്കെടുക്കാൻ യുവാവ് തയാറായി നിൽപ്പുണ്ടാകും. ബുള്ളറ്റ് ഉറുന്പുകൾ നിറഞ്ഞ ഗ്ലൗസ് പോലെയുള്ള ഉറയിലേക്കു തുടർന്നു കൈകൾ കടത്തണം.
ഇനിയുള്ള അഞ്ചോ പത്തോ മിനിറ്റിനെ സഹിച്ചു നിൽക്കാൻ കഴിയുക എന്നതാണ് ആചാരത്തിന്റെ കാതൽ. കൈയിൽ അണിഞ്ഞ ഉറുന്പു ഉറയുമായി അഞ്ചോ പത്തോ മിനിറ്റ് നൃത്തം ചെയ്യണം.
ആ സമയത്തു പ്രകോപിതരാകുന്ന ഉറുമ്പുകള്‍ ചെറുപ്പക്കാരനെ ആവുന്നത്ര ശക്തിയില്‍ കടിക്കും. ഒന്നല്ല, നൂറു കണക്കിനു കടികൾ. ആ തീവ്രവേദന സഹിച്ചു നില്‍ക്കുന്നവനെ യോദ്ധാവായി, പുരുഷനായി അംഗീകരിക്കും.
അത്ര നിസാരമല്ല
എന്നാൽ, വേദനയിൽ തീരുന്നല്ല പലർക്കും ഈ ഉറുന്പുകടിയുടെ ഭവിഷ്യത്ത്. കൈയുറകള്‍ നീക്കം ചെയ്യുന്പോഴേക്കും ബുള്ളറ്റ് ഉറുന്പുകളുടെ കടിയേറ്റു പക്ഷാഘാതം വരെ ഉണ്ടാകാൻ സാധ്യതയുണ്ട്.
കൈ താത്കാലികമായി തളർന്നുപോകാം. മറ്റ് ശാരീരിക അവശതകൾ സംഭവിക്കാം. ഇതോടൊപ്പം വേദന സഹിക്കാനാവാതെ ദിവസങ്ങളോളം ഭ്രാന്തമായ അവസ്ഥയിൽ കഴിയേണ്ടി വന്നേക്കാം.
ഒരു യോദ്ധാവായ ശേഷം കാട്ടില്‍ നേരിടേണ്ടി വന്നേക്കാവുന്ന ഏത് അപകടം നിറഞ്ഞ അവസ്ഥയെയും സഹിക്കാനുള്ള ശേഷി നേടാനാണ് ഈ ആചാരമെന്ന് ആ ജനത വിശ്വസിക്കുന്നു.
ഒരു കഷ്ടപ്പാടും സഹിക്കാതെയും യാതൊരു പരിശ്രമവുമില്ലാതെയും ഒന്നും നേടാനാവില്ലെന്നു പുരുഷന്മാരെ ബോധ്യപ്പെടുത്താനാണ് ഇതെന്നു ഗോത്രത്തലവന് പറയുന്നു.