ആലപ്പുഴ: കേരളീയ തനതു ആയോധനകലയായ കളരിപ്പയറ്റിൽ ലോകറിക്കാർഡ് നേടിയ പുന്നപ്ര സ്വദേശി. പുന്നപ്ര തെക്ക് പഞ്ചായത്ത് രാജേശ്വരി ഭവനത്തിൽ ശശീന്ദ്രന്റെയും രാജേശ്വരിയുടെയും മകനായ ഹരികൃഷ്ണനാണ് കളരിപ്പയറ്റിലെ ഉറുമി വീശലിൽ ലോകറിക്കാർഡ് നേടിയത്. 37 സെക്കന്റിൽ ഇരട്ട ഉറുമികൾ 230 തവണ വീശിയാണ് ഹരികൃഷ്ണൻ ഖത്തർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അറേബ്യൻ ബുക്ക് ഓഫ് വേൾഡ് റിക്കാർഡിൽ ഇടം കണ്ടെത്തിയത്.
ആലപ്പുഴ തലവടിയലെ കളരിയൽ അറേബ്യൻ ബുക്ക് ഓഫ് റിക്കാർഡ് പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു പ്രകടനം. കഴിഞ്ഞ 13 വർഷമായി കളരി അഭ്യസിക്കുന്ന ഹരികൃഷ്ണൻ നിലവിൽ കളരിപ്പയറ്റ് പ്രചാരകനും അധ്യാപകനുമാണ്. 2013 മുതൽ 2015 വരെ കളരിപ്പയറ്റ് ദേശീയ ചാന്പ്യൻഷിപ്പിൽ കേരളത്തിനായി സ്വർണം നേടിയിട്ടുണ്ട്. കളരിപ്പയറ്റിലെ വിവിധ മുറകളിലെ മത്സരങ്ങളിലും ദേശീയതലത്തിൽ മികച്ച പ്രകടനം കാഴ്ച വച്ച ഹരികൃഷണൻ തമിഴ്നാടിന്റെ ആയോധനകലയായ സിലന്പത്തിലും പ്രാവീണ്യം നേടിയിട്ടുണ്ട്.